പേര് പറയുമോ?
എന്‍റെ പേര് വിദ്യ വിജയകുമാര്‍.
ആദ്യത്തെ സിനിമ?
സണ്‍ഡെ ഹോളിഡേ. അതില്‍ ധര്‍മ്മജന്‍ ചേട്ടന്‍റെ ഗേള്‍ഫ്രണ്ടായി ഒരു ചെറിയ റോളില്‍
അഭിനയിച്ചു.
തുടര്‍ന്ന് അഭിനയിച്ച സിനിമകള്‍ ഏതൊക്കെയാണ്?
'കളി' എന്നൊരു സിനിമ ചെയ്തു. അതില്‍ രണ്ട് നായികമാരില്‍ ഒരാളായിരുന്നു. അതുകഴിഞ്ഞ് സെയ്ഫ്, ആഹ, ജാനകിജാനെ, ആയിരത്തൊന്ന് നുണകള്‍, ഇടിയന്‍ ചന്തു എന്നീ സിനിമകളും ചെയ്തു. ഇടിയന്‍ ചന്തുവില്‍ രണ്ട് നായികമാരില്‍ ഒരാളായിരുന്നു.
തമിഴിലോ തെലുങ്കിലോ അഭിനയിച്ചിട്ടുണ്ടോ?
തമിഴില്‍ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞു. പക്ഷേ, ആ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാറായിട്ടില്ല. തമിഴിലും തെലുങ്കിലും ഓരോ ഷോര്‍ട്ട് ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ ഒരു സിനിമ ചെയ്യാന്‍ പോകുന്നു. ആ സിനിമയുടെ ഷൂട്ട് തുടങ്ങുമ്പോള്‍ അതേക്കുറിച്ച് വിശദമായി പറയാം.
അഭിനയിക്കാനുള്ള വിദ്യകള്‍ സ്വന്തമായിട്ടുണ്ടെന്ന് വിദ്യയ്ക്ക് എങ്ങനെയാണ് മനസ്സിലായത്?
സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ നാടകങ്ങള്‍ ധാരാളം ചെയ്യുമായിരുന്നു. അഭിനയിക്കാന്‍ എനിക്ക് ഭയങ്കര ഇഷ്ടമാണെന്ന് അങ്ങനെയാണ് മനസ്സിലായത്. പല കലാപരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. പാട്ട്, ഡാന്‍സ്, മോണോ ആക്ട്, ആങ്കറിംഗ്.. എല്ലാം ചെയ്യുമായിരുന്നു. അഭിനയം എനിക്ക് വഴങ്ങുമെന്ന് മനസ്സിലായപ്പോള്‍ മൂവി ക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. പല ഓഡിഷനിലും പങ്കെടുത്തുതുടങ്ങിയിരുന്നു. സിനിമാമോഹം വന്നു, സിനിമയെ അടുത്തറിഞ്ഞപ്പോള്‍ ആ ഫീല്‍ഡ് എനിക്ക് വളരെ ഇഷ്ടമായി തുടങ്ങുകയും ചെയ്തു. 'സ്റ്റാര്‍ട്ട്... ക്യാമറ... ആക്ഷന്‍...!' എന്ന ആ വാക്കുകളുണ്ടല്ലോ. അതെന്നെ വളരെ എക്സൈറ്റ് ചെയ്യിപ്പിക്കുന്നതായി മാറിയിരുന്നു.
അഭിനയം പഠിച്ചിട്ടുണ്ടോ?
ഇല്ല. പാട്ടും ഡാന്‍സും നാടകവും എല്ലാം ഇഷ്ടമായതോടെ പല ക്യാരക്ടറും അഭിനയിച്ചു ഫലിപ്പിക്കാന്‍ ഇഷ്ടമായിരുന്നു. അങ്ങനെ എന്‍റെ ജേര്‍ണിയിലൂടെ തന്നെയാണ് അഭിനയത്തെക്കുറിച്ചൊക്കെ പഠിച്ചത്. കത്തിയുടെ മൂര്‍ച്ച കൂട്ടുന്നതുപോലെ ഓരോ വര്‍ഷവും പഠിച്ചുപഠിച്ചുവരികയായിരുന്നു.
ആരാണ് വിദ്യയുടെ റോള്‍ മോഡല്‍?
സന്തോഷമായാലും സങ്കടമായാലും ഞാന്‍ ഏറ്റവും കൂടുതല്‍ ചെലവഴിച്ചിരിക്കുന്നത് കണ്ണാടിയുടെ മുന്നിലായിരിക്കും. ഒരു സിനിമയിലെ ഒരു കഥാപാത്രം എനിക്കിഷ്ടപ്പെട്ടാല്‍ അതുപോലെ നമ്മളും ആകാന്‍ ശ്രമിക്കുകയല്ലേ വേണ്ടതെന്ന് എനിക്ക് തോന്നാറുണ്ട്.
ഈയിടെ എന്നെ വളരെയധികം സ്വാധീനിച്ച ഒരു കഥാപാത്രമാണ് 'അമരന്‍.' സിനിമയില്‍ സായ്പല്ലവി ചെയ്ത വേഷം. ആ നടി ആ സിനിമയില്‍ ജീവിച്ചിരിക്കുകയാണ്.
എങ്ങനെയുള്ള വേഷങ്ങള്‍ ചെയ്യണം എന്നാഗ്രഹിക്കുന്നു?
ഞാന്‍ ഏറ്റവും കൂടുതല്‍ ഹ്യൂമറിനെ സ്നേഹിക്കുന്നയാളാണ്. ഹ്യൂമര്‍ കണ്ടന്‍റ് കൂടുതല്‍ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഹ്യൂമര്‍ ചെയ്യാന്‍ പക്ഷേ, അത്ര ഈസിയുമല്ല. എന്നാല്‍ ഞാന്‍ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിലെല്ലാം ഹ്യൂമര്‍ ഉണ്ടുതാനും.
പാട്ട്, ഡാന്‍സ്... എന്നിവയിലുള്ള അഭിരുചി..., താല്‍പ്പര്യം... എങ്ങനെ?
ക്ലാസിക്കല്‍ ഡാന്‍സും ക്ലാസിക്കല്‍ സിംഗിങ്ങും ഞാന്‍ പഠിച്ചിട്ടുണ്ട്. അരങ്ങേറ്റവും കഴിഞ്ഞു. പാട്ട് പാടാന്‍ എവിടെ അവസരം കിട്ടിയാലും ഞാന്‍ പാടും.
പുതുവര്‍ഷം പിറക്കുകയാണല്ലോ. 2024 നെ പറഞ്ഞുവിടുമ്പോള്‍ കഴിഞ്ഞ അനുഭവങ്ങളെ ഓര്‍ക്കുന്നത് എങ്ങനെയായിരിക്കും?
2024 എന്നെ സംബന്ധിച്ചിടത്തോളം എന്നെ വ്യക്തിപരമായി പ്രോഗ്രസ് ചെയ്യാന്‍ ഒരുപാട് സഹായിച്ച വര്‍ഷമാണ്. മാനദണ്ഡങ്ങളെല്ലാം മറികടന്നുകൊണ്ട് പെട്ടെന്ന് ഒരു വേവ് കിട്ടിയതുപോലെയായിരുന്നു കാര്യങ്ങള്‍ വന്നുചേര്‍ന്നതും അനുഭവത്തില്‍ നടന്നതും.
2025 പ്രതീക്ഷ നല്‍കുന്നത് എങ്ങനെയായിരിക്കും?
പുതിയ വര്‍ഷത്തെക്കുറിച്ച് എനിക്ക് വളരെ വളരെ നല്ല പ്രതീക്ഷകളാണുള്ളത്. മലയാളം സിനിമകള്‍ മാത്രമല്ല, അന്യഭാഷാസിനിമകള്‍ ചെയ്യാനുള്ള പടികള്‍ ഞാന്‍ പണിതുവച്ചിരിക്കുകയാണ്... അതിനുവേണ്ടിയിട്ടുള്ള തയ്യാറെടുപ്പിലുമാണ്.
'നാന'യ്ക്കും നാനയുടെ വായനക്കാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ന്യൂ ഇയര്‍ ആശംസകള്‍...!