2025 ന്‍റെ തുടക്കം ഉഷാറായതിന്‍റെ സന്തോഷത്തിലാണ് ശ്രുതി ജയന്‍. തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്ത അം അഃയിലെ ജിന്‍സിയായി വേഷപ്പകര്‍ച്ച നടത്തിയ ശ്രുതി ജയനെത്തേടി പ്രശംസകള്‍ വന്നുനിറയുകയാണ്. വര്‍ഷത്തുടക്കം ജിന്‍സി തന്ന സന്തോഷം പോലെതന്നെ തന്‍റെ ഏറ്റവും വലിയ സന്തോഷമായ രാജശ്യാമ എന്ന കലാക്ഷേത്രയ്ക്കും തുടക്കമായിരിക്കുകയാണ്. തന്‍റെ സന്തോഷങ്ങളും ഒപ്പം വിശേഷങ്ങളും ശ്രുതി സംസാരിച്ചുതുടങ്ങി.
രാജശ്യാമ, ജിന്‍സി
സിനിമയും നൃത്തവും ഒരുപോലെ സ്നേഹിക്കുന്ന രണ്ട് പ്രൊഫഷനാണ്. അതുകൊണ്ടുതന്നെ രണ്ടിടത്തും നമ്മള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഞാന്‍ കലാക്ഷേത്രയില്‍ നിന്ന് വന്നൊരാളാണ്. ഏതൊരു നര്‍ത്തകിമാരെ പോലെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണ് കലാക്ഷേത്ര. അതിലേക്ക് എത്താനുള്ള ശ്രമം വര്‍ഷങ്ങളായി നടക്കുന്നുണ്ടായിരുന്നുവെങ്കിലും 2025 ന്‍റെ തുടക്കമാണ് ഇത് സാധ്യമായത്. സിനിമയില്‍ ആണെങ്കിലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം ചെയ്യാന്‍ കഴിയുക, ചെയ്ത കഥാപാത്രങ്ങളെക്കുറിച്ച് ആഴത്തില്‍ സംസാരിക്കുക, അതാണ് വലിയ സന്തോഷം. അത്രയും സംതൃപ്തി തന്ന ഒരു വേഷമാണ് ജിന്‍സി.
അമ്മമാര്‍ക്ക് വേണ്ടി എഴുതപ്പെട്ട കഥ
ഇന്നത്തെക്കാലത്ത് സ്ത്രീകള്‍ക്കുവേണ്ടി കഥകള്‍ എഴുതപ്പെടുന്നതുതന്നെ കുറവാണ്. അപ്പോഴാണ് അമ്മമാര്‍ക്ക് വേണ്ടി എഴുതപ്പെട്ട അം അഃ. ഒരുപാട് ലെയേഴ്സെല്ലാമുള്ള ഒരു കഥാപാത്രമാണ് ജിന്‍സി. അവര്‍ പറഞ്ഞിരുന്നു ഒരുപാട് ചിന്തിച്ചാണ് എന്നിലേക്ക് ആ കഥാപാത്രം എത്തുന്നതെന്ന്. അത്ര എളുപ്പമായിരുന്നില്ല ജിന്‍സിയെ ചെയ്തുവയ്ക്കാന്‍. പക്ഷേ എനിക്ക് എന്തോ ഭാഗ്യം കൊണ്ട് നന്നായി ചെയ്യാന്‍ കഴിഞ്ഞു. ചില കഥാപാത്രങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ നമുക്ക് തന്നെ ഒരു ആത്മവിശ്വാസം ഉണ്ടാവുമല്ലോ ഇത് സംസാരിക്കപ്പെടുമെന്ന്. അങ്ങനെതന്നെ സംഭവിച്ചു. ജിന്‍സിയൊരു സറോഗസി മദറാണ്. റിയല്‍ പേരന്‍റ്സ് ജിന്‍സിയെ ചതിക്കുകയും പിന്നീട് ഒരു ഇമോഷനുമില്ലാതെ ആ കുഞ്ഞിനെ വളര്‍ത്തേണ്ടി വരുന്ന ഒരു അമ്മയാണ് ജിന്‍സി.
എന്നെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു വേഷമാണ് ജിന്‍സിയുടേത്. എന്‍റെ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ എഴുതിവയ്ക്കാറുണ്ട്. പിന്നെ കോസ്റ്റ്യൂമിലേക്ക് കയറുമ്പോള്‍ തന്നെ പകുതി ഞാന്‍ ആ കഥാപാത്രമാവും. ഇതിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ ഒരു പ്രോഗ്രാമില്‍ സിനിമയിലെ കോസ്റ്റ്യൂമില്‍ വരേണ്ടി വന്നപ്പോള്‍ എനിക്ക് ചിരിക്കാന്‍ കഴിയില്ലായിരുന്നു. അത്രമാത്രം ജിന്‍സി എന്നില്‍ ആഴത്തില്‍ ഉണ്ടായിരുന്നു. സറോഗസി മദര്‍ ആയതുകൊണ്ടുതന്നെ ആ കുഞ്ഞിനോട് യാതൊരുവിധ കമ്മിറ്റ്മെന്‍റ്സുമില്ല. അവള്‍ക്കുമില്ല.
ചില സാഹചര്യങ്ങള്‍ കൊണ്ട് അവളെ ഉപേക്ഷിക്കേണ്ടി വരുന്നുണ്ട്. പക്ഷേ ആ സീനില്‍ ആ കുഞ്ഞു എന്നെ ചുറ്റിപ്പിടിച്ചു നിര്‍ത്താതെ കരഞ്ഞുതുടങ്ങി. സത്യം പറഞ്ഞാല്‍ അത് സീനില്‍ ഇല്ലാത്തതായിരുന്നു. എനിക്കും അത് വല്ലാത്തൊരു ഷോക്കായി പോയിരുന്നു. ചിലപ്പോള്‍ അവള്‍ വല്ലാതെ പേടിച്ചുപോയോയെന്നൊന്നും അറിയില്ല. അത് ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്നെ വല്ലാതെ ബാധിച്ചിരുന്നു. ആ കുഞ്ഞ് പിന്നീടും എന്നോട് ഒന്നും അങ്ങനെ മിണ്ടിയിട്ടേയില്ല.
അങ്കമാലി ഡയറീസ് തന്ന ജീവിതം
എന്‍റെ ജീവിതം മാറ്റിമറിച്ച ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സാര്‍ സംവിധാനം ചെയ്ത അങ്കമാലി ഡയറീസ്. സിനിമയുമായി യാതൊരുവിധ ബന്ധവുമില്ലാതെ നൃത്തം മാത്രം പ്രൊഫഷനാക്കി കൊണ്ടുപോകുന്ന എന്‍റെ ജീവിതത്തിലേക്ക് വളരെ അപ്രതീക്ഷിതമായാണ് സിനിമ എത്തുന്നത്. അച്ഛനോട് ഒറ്റ സിനിമ ചെയ്തുവരാമെന്ന് പറഞ്ഞാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നത്. അന്ന് ആരാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ ആ ഒറ്റസിനിമയാണ് എന്നെ ഇവിടെ വരെ എത്തിച്ചത്. അങ്കമാലി ഡയറീസില്‍ എനിക്ക് കിട്ടിയ കിക്ക് ആണ് ഇനിയും അഭിനയിക്കണം എന്ന തീരുമാനത്തില്‍ എത്തിപ്പിക്കുന്നത്.
അതൊരു യൂണിവേഴ്സിറ്റി തന്നെയാണ്. ലിജോജോസ് പെല്ലിശ്ശേരി എന്ന ക്രാഫ്റ്റ്മാനും. ഒറ്റസിനിമ എന്നുപറഞ്ഞുവന്നതുകൊണ്ട് തുടര്‍ന്ന് അഭിനയിക്കാന്‍ വീട്ടുകാരെ കുറച്ചധികം കണ്‍വിന്‍സ് ചെയ്യിപ്പിക്കേണ്ടിവന്നു. മറ്റ് ഭാഷകളില്‍ അഭിനയിക്കാന്‍ പോയപ്പോഴും അങ്കമാലി ഡയറീസ് എന്ന ഒറ്റ അഡ്രസ്സ് മതിയായിരുന്നു മറ്റുള്ളവര്‍ക്ക് മനസ്സിലാവാന്‍. അത്രയധികം പുറത്തുള്ളവരുടെ ഇടയിലും അങ്കമാലി ഡയറീസിന് സ്പേസുണ്ട്.
ജൂണിലെ ടീച്ചറും ജെസ്സിയും
ജൂണിലെ ടീച്ചര്‍ കഥാപാത്രം കുറേപ്പേരിലേക്ക് എത്തിയ ഒരു വേഷമായിരുന്നു. എനിക്കും പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നായിരുന്നു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലെ ജെസ്സി എന്ന വേഷം ഒരുപാട് പേര്‍ നല്ല അഭിപ്രായം പറയുന്ന ഒരു കഥാപാത്രമായിരുന്നു. വളരെ ബോള്‍ഡ് ആയ ഒരു കഥാപാത്രമായിരുന്നു. ഒപ്പം പെര്‍ഫോം ചെയ്യാന്‍ സ്പേസ് കിട്ടിയ വേഷം കൂടിയായിരുന്നു.