NEWS

2024 ന്‍റെ തുടക്കം മലയാള സിനിമയില്‍

News

ഓരോ വര്‍ഷം ആരംഭിക്കുമ്പോഴും പ്രേക്ഷകര്‍ മലയാളസിനിമയെ വളരെ പ്രതീക്ഷയോടുകൂടി ഉറ്റുനോക്കാറുണ്ട്. 2024 ന്‍റെ തുടക്കത്തിലും പ്രേക്ഷകര്‍ ആകാംക്ഷയോടെയും ആവേശത്തോടെയും മലയാള സിനിമയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്.
 
ഭ്രമയുഗവും ആടു ജീവിതവും ആവേശവും ടര്‍ബോയും ബറോസും ഉള്‍പ്പെടെ ഗംഭീര ലൈനപ്പാണ് മലയാള സിനിമ 2024 ല്‍ പ്രേക്ഷകര്‍ക്കായി കാത്തുവെച്ചിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത എബ്രഹാം ഓസ്ലര്‍ എന്ന ത്രില്ലര്‍ ചിത്രമാണ് മലയാളികള്‍ പുതുവര്‍ഷത്തില്‍ സ്വീകരിച്ച ആദ്യത്തെ ബിഗ് ബഡ്ജറ്റ് ചിത്രം. ജയറാമും മമ്മൂട്ടിയും ഒരുമിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകയ്യുംനീട്ടി സ്വീകരിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.
 
പുതുമുഖ സംവിധായകരെയും പുതിയ പ്രമേയങ്ങളെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഭ്രമയുഗമാണ് ഇനി പ്രേക്ഷകര്‍ ഉറ്റുനോക്കുന്ന അടുത്ത ചിത്രം. രാഹുല്‍ സദാശിവന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഒരു മന്ത്രവാദിയുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്നു. അര്‍ജ്ജുന്‍ അശോകനും മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമയിലെ മമ്മൂട്ടിയുടെ ഗെറ്റപ്പ് സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും വൈറലാകുകയും ചെയ്തിരുന്നു.
 
ഹൊറര്‍ ത്രില്ലര്‍ ഗണത്തിലാണ് ഭ്രമയുഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭ്രമയുഗം പോലെ അതേ ഗെറ്റപ്പില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടര്‍ബോ. മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. വിഷ്ണുശര്‍മ്മയാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്‍റെ ഹാന്‍റ് മെയ്ഡ് പോസ്റ്ററടക്കം സോഷ്യല്‍മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
 
മമ്മുക്ക ചിത്രങ്ങളുടെ ലൈനപ്പുകള്‍ കണ്ട പ്രേക്ഷകന്‍ 2024 മമ്മൂട്ടിയുടെ വര്‍ഷമാണെന്ന് തുടക്കം മുതലേ ഉറപ്പിക്കുകയാണ്. ഈ വര്‍ഷം തന്നെ പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ മറ്റൊരു പ്രോജക്ട് ആണ് ബസൂക്ക. നവാഗതനായ ഡിനോ ഡെന്നീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ത്രില്ലര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന ചിത്രത്തില്‍ ഗൗതം മേനോനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
 
അനൗണ്‍സ് ചെയ്ത അന്ന് മുതല്‍ പ്രേക്ഷകര്‍ വലിയ ഹൈപ്പോടുകൂടി സ്വീകരിച്ച ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജിന്‍റെ കരിയറിലെ ഏറ്റവും മികച്ച വേഷത്തില്‍ മലയാള സിനിമ ഇതുവരെ കാണാത്ത ക്യാന്‍വാസില്‍ ഒരുക്കുന്ന ആടുജീവിതമാണ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ നല്‍കുന്ന മറ്റൊരു ചിത്രം. പൃഥ്വിരാജ്- ബ്ലെസി ടീമിന്‍റെ ആടുജീവിതം ഏപ്രില്‍ 10 നാണ് റിലീസ് ചെയ്യുക. ബെന്യാമിന്‍റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ചിത്രം ബിഗ് ബഡ്ജറ്റ് ക്യാന്‍വാസിലാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ നായികയായി അമലപോള്‍ ആണ്. സംഗീതം നിര്‍വ്വഹിക്കുന്നത് എ.ആര്‍. റഹ്മാനാണ്.
 
യുവാക്കളെ ആവേശം കൊള്ളിച്ച രോമാഞ്ചം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ആവേശം. ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് പ്രധാന കഥാപാത്രമാകുന്നത്. ചിത്രത്തിലെ ഫഹദിന്‍റെ ലുക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.
 
വലിയതോ ചെറിയതോ ആകട്ടെ വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രം പ്രേക്ഷകര്‍ എക്കാലവും ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേയുള്ളൂ. സൂപ്പര്‍ഹിറ്റ് ചിത്രം ഹൃദയത്തിനുശേഷം പ്രണവിനെയും കല്യാണിയും പ്രധാന കഥാപാത്രമാക്കി വിനീത് ശ്രീനിവാസന്‍ അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് 'വര്‍ഷങ്ങള്‍ക്ക് ശേഷം.' ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസും നിവിന്‍പോളിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജുവര്‍ഗ്ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് തുടങ്ങി വമ്പന്‍ താരനിര അണിനിരക്കുന്ന വര്‍ഷങ്ങള്‍ക്കുശേഷം 2024 ഉറ്റുനോക്കുന്ന മറ്റൊരു പ്രതീക്ഷ ചിത്രമാണ്.
 
മലയാളത്തിന്‍റെ യുവതാരനിരയില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടിയ നടന്‍ ടൊവിനോ തോമസിന്‍റെ പാന്‍ ഇന്ത്യന്‍ സിനിമയായ ഒരുങ്ങുന്ന അജയന്‍റെ രണ്ടാം മോഷണം എന്ന ചിത്രത്തിനും പ്രേക്ഷകര്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. ചിത്രം സംവിധാനം ചെയ്യുന്നത് ജിതിന്‍ ലാല്‍ ആണ്. മൂന്ന് കാലഘട്ടങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. വമ്പന്‍ ക്യാന്‍വാസിലൊരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ചിത്രീകരിച്ച് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. അതേസമയം ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ടോവിനോ തോമസ് പ്രധാന കഥാപാത്രമാകുന്ന നടികര്‍ തിലകവും 2024 ല്‍ പുറത്തിറങ്ങുന്ന പ്രോജക്ട് ആണ്. ചിത്രത്തിന്‍റെ തിരക്കഥ നിര്‍വ്വഹിക്കുന്നത് സുവിന്‍ സോമശേഖരനാണ്.
 
ജയ ജയ ജയ ജയ ഹേ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ബേസില്‍ ജോസഫ്, പൃഥ്വിരാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങള്‍ ആക്കി വിപിന്‍ദാസ് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് പ്രൊഡക്ഷന്‍റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന ഗുരുവായൂര്‍ അമ്പലനടയിലാണ് മറ്റൊരു പ്രതീക്ഷ നല്‍കുന്ന ചിത്രം. ചിത്രം ഇതിനകം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. അനശ്വര രാജന്‍, നിഖില വിമല്‍ എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
അപ്രതീക്ഷിത ഹിറ്റും ഹൈപ്പും നേടി സിനിമാപ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച നേടിയ 'ജാനേമന്‍' എന്ന ചിത്രത്തിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'മഞ്ഞുമ്മല്‍ ബോയ്സ്' ആണ് മറ്റൊരു പ്രതീക്ഷ നല്‍കുന്ന ചിത്രം. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചിത്രത്തിന് സംഗീതം നിര്‍വ്വഹിക്കുന്നത് സുഷിന്‍ ശ്യാമാണ്.
 
മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ബിഗ് ബഡ്ജറ്റ് ത്രീഡി ഫാന്‍റസി ചിത്രം ബറോസും 2024 ല്‍ പുറത്തിറങ്ങുന്നുണ്ട്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍റെ സൃഷ്ടാവായ ജിജോ പുന്നൂസിന്‍റെ തിരക്കഥയിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സന്തോഷ് ശിവനാണ്.
 
നീണ്ടനാളത്തെ ഇടവേളയ്ക്കുശേഷം ജയസൂര്യയുടെ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് കത്തനാര്‍. ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ഹോം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ റോജിന്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്. അനുഷ്ക്ക ഷെട്ടി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗോകുലം ഗോപാലന്‍റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രം 2024 ന്‍റെ അവസാനത്തോടെ കൂടിയാണ് തീയേറ്ററുകളില്‍ എത്തുക.


LATEST VIDEOS

Top News