മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായി പ്രവർത്തിച്ച് പിന്നീട് പൊതു രാഷ്ട്രീയത്തിൽ ഇറങ്ങിയ ഒരു വ്യക്തിയാണ് ഇപ്പോഴത്തെ തമിഴ്നാട് സംസ്ഥാന ബി.ജെ.പി.അധ്യക്ഷനായ അണ്ണാമലൈ. 1984ൽ തമിഴ്നാട്ടിലെ കരൂർ എന്ന സ്ഥലത്തു ജനിച്ച കെ.അണ്ണാമലൈ കോയമ്പത്തൂരിലുള്ള PSG കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ ശേഷം ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെൻ്റിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം ഏതാനും വർഷം അദ്ദേഹം ഐ.പി.എസ്. ഓഫീസറായി സേവനമനുഷ്ഠിച്ചു. അപ്പോഴാണ് ഭാരതീയ ജനതാ പാർട്ടിയോടുള്ള ആകർഷണം മൂലം അണ്ണാമലൈ ഐ.പി.എസ്. പദവി രാജിവച്ച് ഭാരതീയ ജനത പാർട്ടിയിൽ ചേർന്ന് തമിഴ്‌നാട് സംസ്ഥാന അധ്യക്ഷനായത്. അതിന് ശേഷമുള്ള അണ്ണാമലയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ എല്ലാവരെയും അമ്പരപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോയമ്പത്തൂർ നിയോജക മണ്ഡലത്തിൽ ബി.ജെ.പിയെ പ്രതിനിധീകരിച്ച് അദ്ദേഹം മത്സരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിൻ്റെ ജീവിതയാത്രയെ അടിസ്ഥാനമാക്കി ഒരു സിനിമ നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ നടന്നു വരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. കോളിവുഡിലെ ഒരു പ്രമുഖ കമ്പനിയാണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നതെന്നും പറയപ്പെടുന്നുണ്ട്. ഈ ചിത്രത്തിൽ അണ്ണാമലൈ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിശാലായിരിക്കുമെന്നും റിപ്പോർട്ടുണ്ട്. ഇത് സംബന്ധമായ ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചു വരികയാണെന്നും, അടുത്ത് തന്നെ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് പറയപ്പെടുന്നത്.