NEWS

ഞങ്ങളുടെ ഇടയിലെ ആശയവിനിമയം ബഹുരസമാണ്... -അഞ്ജലി സത്യനാഥന്‍

News

ദില്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത എക്കോയുടെ ഭാഗമായതിനെക്കുറിച്ച് അഞ്ജലി സത്യനാഥന്‍ പറയുന്നു.

മ്ലാത്തി ചേട്ടത്തിയായി എത്തിയ ബിയാന എന്ന ആര്‍ട്ടിസ്റ്റുമായി ഉണ്ടായ വര്‍ക്കിംഗ് പ്രോസസിനെക്കുറിച്ച് പറയാമോ?

തുടക്കത്തിലെ തന്നെ ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. പിന്നെ നമ്മുടെ ഭാഷയും ആയിട്ട് അവര്‍ക്ക് യാതൊരുവിധ ബന്ധവുമില്ലാത്തതുകൊണ്ട് ഞങ്ങള്‍ ആദ്യംതന്നെ ചെയ്തത് സ്വരാക്ഷരങ്ങളും വ്യഞ്ജനാക്ഷരങ്ങളും അവര്‍ക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നുള്ളതാണ്. അതിനുശേഷം ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതുപോലെയാണ് അവര്‍ക്ക് ഓരോ കാര്യങ്ങളും ഞാന്‍ പഠിപ്പിച്ചു നല്‍കിയത്. സിനിമയ്ക്കകത്ത് അവരുടെ കഥാപാത്രം നിരന്തരമായി ഉപയോഗിക്കുന്ന ചില വാചകങ്ങള്‍ ഉണ്ടായിരിക്കും. അതൊക്കെ ഞങ്ങള്‍ തമ്മില്‍ വളരെ ഫ്രണ്ട്ലി ആയിരിക്കുന്ന സമയത്ത് ഞാന്‍ സംഭാഷണങ്ങള്‍ക്കിടയിലൂടെ വെറുതെ പറഞ്ഞുകൊണ്ടിരിക്കും.

അപ്പോള്‍ സ്വാഭാവികമായി സിനിമ ചെയ്യുമ്പോഴും അവര്‍ക്ക് അത്തരം വാക്കുകള്‍ കംഫര്‍ട്ടബിള്‍ ആയിത്തീരും. അതിനുശേഷം മൊത്തം സ്ക്രിപ്റ്റ് മംഗ്ലീഷില്‍ എഴുതിയശേഷം അവര്‍ക്കത് റീഡബിള്‍ ആക്കി കൊടുത്തു. അതൊക്കെ മന:പാഠമാക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചിരുന്നു. പിന്നെ മ്ലാത്തി എന്ന കഥാപാത്രമായി അവരും ഓപ്പോസിറ്റ് ഉള്ള കഥാപാത്രമായി ഞാനും നിന്നുകൊണ്ട് ഷൂട്ടിംഗിന് മുന്‍പേ തന്നെ കുറെയധികം റിഹേഴ്സലുകള്‍ ചെയ്തുനോക്കിയിരുന്നു.

അങ്ങനെ പതിയെ അവരതില്‍ കംഫര്‍ട്ടബിള്‍ ആയി തുടങ്ങിയിരുന്നു. പക്ഷേ പിന്നീട് ഷൂട്ട് തുടങ്ങി എക്സിക്യൂഷന്‍ സമയത്ത് അവര്‍ക്ക് കുറച്ചൊക്കെ ബുദ്ധിമുട്ട് തോന്നി. കാരണം ഓപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തിയും, ഞാന്‍ പറഞ്ഞുകൊടുത്ത രീതിയും എല്ലാം വ്യത്യസ്തമാണ്. അങ്ങനെവന്നപ്പോള്‍ നമ്മള്‍ പ്രോപ്റ്റിംഗ് പോലുള്ള പലതരം ടെക്നിക്കുകള്‍ ഉപയോഗിച്ചു. അങ്ങനെ ഘട്ടം ഘട്ടമായാണ് നമ്മളത് ചെയ്തത്. അതിന് എന്‍റെ കൂടെ അസിസ്റ്റന്‍റ് ഡയറക്ടര്‍ അസോസിയേറ്റ് ഡയറക്ടര്‍ തുടങ്ങിയിട്ട് എല്ലാ ടീമും ഉണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രത്തെ ഉണ്ടാക്കിയെടുത്തത്.

യാതൊരുവിധ ലൂപ്ഹോളും ഇല്ലാതെയാണ് ബാഹുല്‍ ഈ കഥ ഒരുക്കിയിരിക്കുന്നത്.. ഇതിന്‍റെ തിരക്കഥ വായിച്ചപ്പോള്‍ ഉണ്ടായ ആദ്യ അനുഭവം എങ്ങനെയായിരുന്നു?

ഒന്നാമത് ഞാന്‍ ഒരു ആര്‍ട്ടിസ്റ്റ് ആണ്. അതുകൊണ്ടുതന്നെ എനിക്ക് അദര്‍ ലാംഗ്വേജ് ട്രെയിനിങ് അറിയില്ല. എനിക്ക് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പറ്റും എന്നുള്ള പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫിക്കയുടെ ആത്മവിശ്വാസം കൊണ്ടാണ് ഈ വര്‍ക്ക് എന്നെ തേടിയെത്തിയത്. എന്നോട് ആവശ്യപ്പെട്ട ഒരു കാര്യമായതുകൊണ്ട് ഞാന്‍ ചെയ്യാന്‍ തയ്യാറായി. പക്ഷേ സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞപ്പോഴാണ് എനിക്ക് ഈ പ്രോജക്ടിന്‍റെ ഭാഗമാവണം എന്നുള്ള താല്‍പ്പര്യം കൂടിയത്.

കാരണം അത്രത്തോളം മനോഹരമായ ഒരു സ്ക്രിപ്റ്റ് ഒറ്റയടിക്ക് വായിച്ചുതീര്‍ത്തത് സ്ക്രിപ്റ്റിന്‍റെ ക്വാളിറ്റി കൊണ്ട് തന്നെയാണ്. സ്ക്രിപ്റ്റ് വായിക്കുമ്പോള്‍ തന്നെ നമുക്കൊരു കോരിത്തരിപ്പ് വരും. ബാഹുലേട്ടനെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞതും അക്കാര്യമാണ്. സ്ക്രിപ്റ്റ് ഒരു രക്ഷയുമില്ല എന്ന്.

നിങ്ങള്‍ക്കിടയിലെ ആശയവിനിമയം എങ്ങനെയായിരുന്നു?

ഞങ്ങളുടെ ഇടയിലെ ആശയവിനിമയം ബഹുരസമാണ് എന്നുവേണം പറയാന്‍. ഞങ്ങള്‍ ആദ്യമേതന്നെ സുഹൃത്തുക്കള്‍ ആയിരുന്നു ഫോണ്‍ വഴി. പിന്നെ അവര്‍ നേരില്‍ വന്നു. പിന്നീട് പൂജ തൊട്ട് സിനിമ കഴിയുംവരെ അവരുടെ കൂടെ ഞാനുണ്ടായിരുന്നു. ഞങ്ങള്‍ രണ്ടുപേരും വര്‍ക്ക് ചെയ്യുന്നത് എജ്യുക്കേഷണല്‍ ഇന്‍ഡസ്ട്രിയില്‍ ആയതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് സംസാരിക്കാന്‍ കുറെ വിഷയങ്ങള്‍ ഉണ്ടായിരുന്നു. പിന്നെ വ്യത്യസ്തമായ സംസ്ക്കാരം, നാട് തുടങ്ങിയിട്ടുള്ള എല്ലാ കാര്യങ്ങളെക്കുറിച്ചും തമ്മില്‍ പറയും. പിന്നെ അതോടൊപ്പം ഇന്ത്യന്‍ സിനിമയെക്കുറിച്ചും. സിനിമ എങ്ങനെ എടുക്കുന്നു തുടങ്ങിയിട്ടുള്ള കാര്യങ്ങളെക്കുറിച്ചും ഒക്കെ എന്‍റെ പരിമിതമായ അറിവിലുള്ള കാര്യങ്ങള്‍ ഞാന്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. അവരുടെ നാട്ടിലുള്ള പല കഥകളും അവര്‍ക്ക് എന്നോട് പറയാനുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഷൂട്ട് കഴിഞ്ഞതിനുശേഷം ഞാന്‍ ഏറ്റവും അധികം മിസ്സ് ചെയ്തത് അവരെയാണ്.

പ്രീപ്രൊഡക്ഷന്‍ മുതല്‍ ഷൂട്ടിംഗ് സമയങ്ങളിലെല്ലാം അഞ്ജലിയുടെ സാന്നിധ്യം ഉണ്ടായിരുന്നോ?

ഈ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ മുതല്‍ക്ക് ഒപ്പം ഞാനുണ്ടായിരുന്നു എന്നൊന്നും പറയാന്‍ പറ്റില്ല. ഷൂട്ടിന്‍റെ പൂജ തൊട്ട് ഞാന്‍ കൂടെയുണ്ടായിരുന്നു എന്നതാണ് സത്യം. അതായത് ബിയാനാ മാഡത്തിന്‍റെ ഷൂട്ട് കഴിയുംവരെ. അതിനുശേഷം ഡബ്ബിംഗിന്‍റെ ഭാഗമായിരുന്നു. ചേട്ടത്തി അതില്‍ പറഞ്ഞ പല വാക്കുകളും ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് വരുമ്പോള്‍ അവര്‍ക്ക് മനസ്സിലാകണം എന്നില്ല. കാരണം ഞങ്ങള്‍ പല കോഡുകളും ക്രാക്ക് ചെയ്താണ് ചേട്ടത്തിയെ ക്കൊണ്ട് ഡയലോഗുകള്‍ പറയിപ്പിച്ചിരുന്നത്. അത് മറ്റൊരാള്‍ക്ക് എളുപ്പമാകില്ല. എനിക്ക് അത് ഈസിയായതുകൊണ്ട് അതിന്‍റെ പൈലറ്റ് ട്രാക്ക് ഡബ്ബ് ചെയ്തത് ഞാനാണ്. ഞാന്‍ ഡബ്ബ് ചെയ്ത വേര്‍ഷനാണ് ലീലാമ്മ ഡബ്ബ് ചെയ്ത് മനോഹരമാക്കിയത്.

സിനിമയുമായുള്ള ബന്ധം എങ്ങനെയായിരുന്നു?

സിനിമ ആഗ്രഹിച്ചു അതിനുവേണ്ടി ഒരുപാട് സ്ട്രഗിള്‍ ചെയ്തുവന്ന ആളൊന്നുമല്ല ഞാന്‍. ഒരു ഭാഗ്യം കൊണ്ട് വന്നതാണ്. സുഹൃത്തുക്കള്‍ ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമില്‍ വന്നു, അതിലൂടെ പരസ്യത്തിലേക്ക് വന്നു, ആ വഴി സുഫിയും സുജാതയും എന്ന സിനിമയിലേക്ക് എത്തി. പിന്നീട് വിശുദ്ധ മെജോ, മൈ ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകളിലേക്ക് എത്തി. ഇങ്ങനെയാണ് എന്‍റെ ഒരു യാത്ര. അപ്പോള്‍ ഞാന്‍ സിനിമയില്‍ അത്ര സീരിയസ് അല്ലായിരുന്നു. അതിനുശേഷം ആണ് ഒരു തെക്കന്‍ തല്ല് കേസ് എന്ന സിനിമയില്‍ കാസ്റ്റ് ചെയ്യപ്പെടുന്നത്. അവിടം തൊട്ടാണ് ഞാന്‍ സിനിമയെ കുറേക്കൂടി സീരിയസ് ആയി കണ്ടുതുടങ്ങിയത്. ചന്ദ്രിക എന്ന കഥാപാത്രമായിരുന്നു അതില്‍ ചെയ്തത്.

20 ദിവസത്തോളം ഷൂട്ട് ഉണ്ടായിരുന്നു. അന്ന് കുറെ കാര്യങ്ങള്‍ പഠിച്ചു. അതിനുശേഷം ഫെയ്സ് ഓഫ് ദി ഫെയ്സ്ലസ് എന്ന ബോളിവുഡ് സിനിമയിലേക്ക് കാസ്റ്റ് ചെയ്യപ്പെട്ടു. ആ രണ്ടു സിനിമകളുടെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട് ആയിരുന്നു. ആ ബോളിവുഡ് സിനിമയിലേക്ക് ചെന്നപ്പോഴാണ് ഷാഫിക്കയെ കൂടി അസിസ്റ്റ് ചെയ്യാനുള്ള അവസരം എനിക്ക് കിട്ടുന്നത്. അങ്ങനെ പ്രൊഡക്ഷനില്‍ അസിസ്റ്റ് ചെയ്തപ്പോഴാണ് സിനിമ നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറമുള്ള കാര്യമാണ് എന്ന് മനസ്സിലായത്. കാരണം സിനിമയ്ക്ക് പിന്നാമ്പുറത്തുള്ള പ്രയത്നങ്ങള്‍ അത്രത്തോളം വലുതാണ്. 

അത് മനസ്സിലായപ്പോള്‍ എനിക്ക് സിനിമയിലെ പിന്നണിയില്‍ വര്‍ക്ക് ചെയ്യണമെന്ന് കൂടുതല്‍ ആഗ്രഹം വന്നു. ഇപ്പോള്‍ ഞാന്‍ സെറ്റില്‍ പോയി അസിസ്റ്റ് ചെയ്യാറില്ല. ഡോക്യുമെന്‍റേഷന്‍ വര്‍ക്കുകളും കാര്യങ്ങളുമൊക്കെയാണ് കൂടുതലായും ചെയ്യുന്നത്. അതിനുശേഷം ഞാന്‍ കുറെ സിനിമകള്‍ ചെയ്തു. ജാനകി ജാനേ, കുറുക്കന്‍, കൊറോണ ധവാന്‍, വാഴ, പരാക്രമം തുടങ്ങി പതിനാലോളം സിനിമകളില്‍ ഞാന്‍ അഭിനയിച്ചുകഴിഞ്ഞു. അതിലൊക്കെ ആര്‍ട്ടിസ്റ്റായാണ് വര്‍ക്ക് ചെയ്തത്. ആദ്യമായാണ് ഒരു ആര്‍ട്ടിസ്റ്റ് ട്രെയിനര്‍ എന്ന നിലയ്ക്ക് എക്കോ സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്.
 


LATEST VIDEOS

Interviews