നാല്‍പ്പതുവര്‍ഷത്തിനുമുകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് മഹേഷ്. ഒരു നടന്‍ എന്നതിലുപരി സിനിമാമേഖലയിലെ പല പ്രശ്നങ്ങളിലും വിവാദങ്ങളിലും നിലപാട് എടുത്തിട്ടുള്ള ഒരു വ്യക്തികൂടിയാണ് മഹേഷ്.
ഇതില്‍ WCC യുടെ പങ്കിനെക്കുറിച്ചും സംസാരം ഉണ്ടായിരുന്നല്ലോ?
എനിക്ക് അതിനെക്കുറിച്ച് അഭിപ്രായം ഇല്ല. എന്തായാലും അവര്‍ നല്ല പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ചെയ്യുന്നത്. അവരുടെ കഠിനാധ്വാനം തന്നെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്.
പല കാരണങ്ങള്‍ കൊണ്ട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൊളിഞ്ഞുപോയി എന്നുള്ള വാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടല്ലോ. അതിനെ എങ്ങനെ കാണുന്നു?
നടികളുടെ ഭാഗത്തുനിന്നും ആരോപണങ്ങള്‍ പലതും പുറത്തുവന്നിരുന്നു. വാര്‍ത്തകളില്‍ ഒരുപാട് വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരുന്നല്ലോ. എന്നാല്‍ അതെല്ലാം കോടതിക്ക് മുന്‍പില്‍ തെളിയിക്കപ്പെടുക കൂടി വേണമല്ലോ. ദിലീപിന്‍റെ കാര്യത്തില്‍ തന്നെ തെളിവുകളില്‍ കുറേ പ്രശ്നങ്ങള്‍ ഉള്ളതായി വാര്‍ത്തകള്‍ വന്നിരുന്നല്ലോ. എത്ര പ്രമുഖ നടന്മാരെ കുറിച്ചാണ് ആരോപണങ്ങള്‍ ഉണ്ടായത്. എന്നാല്‍ അത് തെളിയിക്കണം എന്ന ഘട്ടം വരുമ്പോള്‍ പിറകോട്ടടി ഉണ്ടാകുന്നത് നമ്മള്‍ കണ്ടതല്ലെ. തെളിവുകള്‍ തന്നെയാണ് കോടതിക്ക് ആവശ്യം. വിജയ്ബാബുവിന്‍റെ കേസ് കണ്ടതല്ലേ. കുടുംബത്തില്‍ അവര്‍ അനുഭവിച്ച സമ്മര്‍ദ്ദങ്ങള്‍ക്ക് ആര് ഉത്തരം പറയും? തെളിവുകള്‍ ഉള്ളത് എല്ലാം ഓക്കെ ആണ്, സമ്മതിച്ചു. കുറെപ്പേര് ഫെയിമിന് വേണ്ടി ഫേക്ക് ആരോപണങ്ങള്‍ കൊണ്ടുവന്നു എന്നുള്ളതും തള്ളിക്കളയാനാവില്ല.