'അണ്ണാത്ത' എന്ന ചിത്രത്തിന് ശേഷം രജനികാന്ത് അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രമാണ് 'ജയിലർ'. 'ബീസ്റ്റ്' എന്ന വിജയ് ചിത്രത്തിനെ തുടർന്ന് നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രജിനിക്കൊപ്പം രമ്യാകൃഷ്ണൻ, മലയാള സിനിമാ താരം വിനായകൻ, കന്നഡ താരം രാജ്‌കുമാർ, യോഗി ബാബു തുടങ്ങിയവർ അഭിനയിച്ചു വരുന്ന സാഹചര്യത്തിൽ, ഈ ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം മോഹൻലാലും ഒരു അതിഥി വേഷത്തിലെത്തുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തു വന്നു ഹോട് ടോപ്പിക്കായിരിക്കുന്നത്. ഇതിനു കാരണം മോഹൻലാലും, രജനികാന്തും ഇതുവരെ ഒന്നിച്ചഭിയിച്ചിട്ടില്ല എന്നുള്ളത് തന്നെയാണ്. ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മോഹൻലാലിന് ഈ ചിത്രത്തിൽ ഒരു ചെറിയ വേഷമാണെന്നും, രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ മോഹൻലാൽ സംബന്ധപെട്ട ദൃശ്യങ്ങളുടെ ചിത്രീകരണം കഴിയുമെന്നുമാണ് പറയപ്പെടുന്നത്. ഈ വാർത്ത ശരിയാണെങ്കിൽ മോഹൻലാലും, രജനികാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമായി മാറും 'ജയിലർ'. എന്നാൽ ഇതുസംബന്ധമായി ചിത്രത്തിന്റെ അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നും ഇതുവരെ യാതൊരു അറിയിപ്പും പുറത്തുവന്നിട്ടില്ല.
ചെന്നൈയിലും, ഹൈദരാബാദിലുള്ള റാമോജി റാവു ഫിലിം സിറ്റിയിലുമായി ചിത്രീകരണം നടക്കുന്ന 'ജയിലർ' നിർമ്മിക്കുന്നത് 'അണ്ണാത്ത' ഉൾപ്പെടെ പല ചിത്രങ്ങൾ നിർമ്മിച്ച സൺ പിക്ചേഴ്സാണ്. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രനാണ്.