NEWS

നീതുവും വീണയും തമ്മിൽ സാമ്യതയുണ്ട്

News

പൂവനിലൂടെ വീണയായി വേഷപ്പകർച്ച നടത്തിയ  അഖില ഭാർഗ്ഗവന്റെ വിശേഷങ്ങൾ

 

പണ്ട് ഡബ്‌സ് മാഷിൽ കുഞ്ഞു വീഡിയോകൾ ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമ്പോൾ അയ്യേ.... ഇതെന്താ കൊള്ളൂലാ എന്ന് പലരും പറയുമ്പോൾ ഉള്ളിൽ ചെറിയ വിഷമം തോന്നിയിട്ടുണ്ട് എന്നുവച്ച് ഞാൻ അതിൽ നിന്നൊന്നും പിന്നോട്ട് പോയിട്ടില്ല. എനിക്ക് അതെല്ലാം മുന്നോട്ടുള്ള യാത്രയിൽ ആത്മവിശ്വാസം പകർന്നിട്ടുണ്ട്. ഇന്ന് ഞാൻ ജീവിക്കുന്ന ജീവിതം സ്വപ്നംപോലും കാണാത്തതാണ്. വളരെ യാദൃച്ഛികമായി എത്തിപ്പെട്ട ഈ വഴി എനിക്ക് സന്തോഷം നൽകുന്നു. അന്ന് കളിയാക്കിയ പലരും ഇന്ന് വർക്കുകൾ കണ്ട് മെസേജുകൾ അയയ്ക്കാറുണ്ട്. അത് ചെറിയൊരു മധുരപ്രതികാരമെന്ന് പറയാം. കഴിഞ്ഞവർഷം യൂ ട്യൂബിൽ തരംഗം സൃഷ്ടിച്ച അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്‌സിൽ നീതുവായി വേഷമിട്ട അഖില പൂവനിലും വീണയായി ഗംഭീരപ്രകടനം കാഴ്ചവച്ചു. കൂടുതൽ ആകാംക്ഷയോടെയാണ് ഇപ്പോഴുള്ള ജീവിതത്തെ നോക്കി ക്കാണുന്നതെന്ന് പറഞ്ഞുകൊണ്ട് അഖില ഭാർഗ്ഗവൻ സംസാരിച്ചുതുടങ്ങി.
 

നീതു നല്ലൊരു  തുടക്കമായിരുന്നു

അഞ്ച് മില്യൺ കാഴ്ചക്കാർ കണ്ട ഒരു വർക്കാണ് കിരൺ ചേട്ടൻ(കിരൺജോസ്) സംവിധാനം ചെയ്ത അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്‌സ്. ചെറുപ്പം മുതൽ അഭിനയിക്കാൻ ആഗ്രഹമുള്ള ഒരാളായിരുന്നു. ഓഡിഷനുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും അവിടെ നിന്ന് കിട്ടിയ റിജക്ഷൻസ് അഭിനയമോഹം ഇല്ലാതാക്കാൻ കാരണമായിട്ടുണ്ട്. ഒരു സർക്കാർ സ്ഥാപനത്തിൽ താൽക്കാലിക തസ്തികയിൽ(മൈക്രോ ബയോളോജിസ്റ്റ്) ജോലി ചെയ്തുവരുമ്പോഴായിരുന്നു എന്റെ റീൽസ് കണ്ട് കിരൺ ചേട്ടൻ അനുരാഗിലേക്ക് വിളിക്കുന്നത്. സൂപ്പർ ശരണ്യ ടീമിന്റെ ഷോർട്ട് ഫിലിം എന്നതായിരുന്നു പ്രധാന ആകർഷണം. ഗ്രൂമിംഗ് സെക്ഷനെല്ലാം ഉണ്ടായിരുന്നു. അത് എല്ലാം പുതിയ അനുഭവമായിരുന്നു. അവിടെ നാടകം ചെയ്യുന്ന അമ്മമാരെയെല്ലാമാണ് അനുരാഗിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. അവരെല്ലാം നാട്ടുകാർ ആണെങ്കിലും ഈ വർക്കിന് പോകുമ്പോഴായിരുന്നു കാണുന്നത്. എനിക്ക് നീതുവുമായി ഒരുപാട് സാമ്യതകളുണ്ടെന്ന് തോന്നിയിട്ടുണ്ട്. നീതുവും അമ്മയുമായുള്ള കോമ്പിനേഷൻ സീനുകളെല്ലാം ഞാനും അമ്മയുമായി നടക്കുന്നതാണ്. പിന്നെ ഞാനൊരു പയ്യന്നൂർക്കാരിയാണ്. അതുകൊണ്ടുതന്നെ ഭാഷയും എളുപ്പമായിരുന്നു. നീതു എന്നെ സംബന്ധിച്ച് ഈസിയായിരുന്നു. വിനീത് ഏട്ടൻ നമ്മളെയെല്ലാം വളരെ കംഫർട്ട് ആക്കിയാണ് അഭിനയിക്കാൻ തുടങ്ങുന്നത്. ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുക എന്ന ചെറിയ ടെൻഷൻ ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് അതുമായി സെറ്റാവാൻ സാധിച്ചു.
 

പൂവനിലെ വീണ  നിഷ്‌ക്കളങ്ക

വിനീതേട്ടൻ(വിനീത് വാസുദേവൻ) സംവിധാനം ചെയ്ത പൂവനിലേക്ക് കാൾ വരുന്നത് അനുരാഗ് എഞ്ചിനീയറിംഗ് വർക്കിലെ പ്രകടനം കണ്ടിട്ട് തന്നെയാണ്. വീണയുടെ ചില സീനുകൾ എല്ലാം നേരത്തെ ചെയ്തുനോക്കിപ്പിച്ചിരുന്നു. ആത്ത കണ്ണൻ ആദ്യം മറ്റൊരാൾ ചെയ്യാനിരുന്ന വേഷമായിരുന്നു. പിന്നീട് വിനീത് ഏട്ടൻ ചെയ്യുകയായിരുന്നു. വിനീത് ഏട്ടൻ ആയതുകൊണ്ട് വീണയിലേക്ക് വേഷപ്പകർച്ച നടത്താൻ കുറച്ചുകൂടി എളുപ്പമായി. ഒരുപാട് കാര്യങ്ങളിൽ വീണയും നീതുവും ചേർന്നുനിൽക്കുന്നുണ്ട്. അവരുടെ ഫാമിലി ചുറ്റുപാടും വേഷവിധാനവുമെല്ലാം സാമ്യതയുണ്ട്. വീണ നിഷ്‌ക്കളങ്കയായ ഒരു പെൺകുട്ടിയാണ്. വീണ ആത്ത കണ്ണനൊപ്പം ഒളിച്ചോടി പോവുമ്പോൾ തയ്യൽ മെഷീൻ എന്തിനാണ് കൊണ്ടുപോയതെന്ന സംശയം എന്റെയുള്ളിൽ ഉണ്ടായിരുന്നു. പൂവന്റെ സ്‌ക്രിപ്റ്റ് റൈറ്റർ വരുൺ ചേട്ടനോട്(വരുൺ ധാര) ഞാൻ അത് ചോദിച്ചിരുന്നു. അപ്പോൾ വരുൺ ചേട്ടൻ പറഞ്ഞിരുന്നു. അവരെല്ലാം നാട്ടുമ്പുറത്തെ വളരെ യാഥാസ്ഥിതിക കുടുംബത്തിൽ ജനിച്ചുവളർന്നവരാണ്. അങ്ങനെയുള്ള ഒരു സാഹചര്യത്തിൽ നിന്ന് ഒളിച്ചോടി പോവുമ്പോഴും അവർ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ എങ്ങനെ ജീവിക്കുമെന്ന ആശങ്ക അത്തരക്കാരിൽ ഉണ്ടാകും. അതുകൊണ്ടാണ് വീണ ഒളിച്ചോടി പോകുമ്പോൾ അവളുടെ വരുമാനമാർഗ്ഗമായ തയ്യൽമെഷീൻ എടുത്തുകൊണ്ടുപോകുന്നത്. വീണയുടെ അമ്മ കരയുമ്പോൾ മകൾ പോയതിനേക്കാൾ വേദന തങ്ങളുടെ അന്നമായ പുതിയ മെഷീൻ കൊണ്ടുപോയതിനാണെന്ന് കാണിക്കുന്നുണ്ട്. അതെല്ലാം വളരെ നിഷ്‌ക്കളങ്കമായ ചിന്തകളാണ്. അതുകൊണ്ടുതന്നെ വീണയെയും അവൾക്ക് ചുറ്റുമുള്ളവരെയും എല്ലാവർക്കും കണക്ട് ചെയ്യാൻ കഴിയും.

പെപ്പേ ചേട്ടനൊപ്പം  അഭിനയിച്ചപ്പോൾ

ഷൂട്ട് തുടങ്ങി പത്തുദിവസം കഴിഞ്ഞാണ് പെപ്പേ(ആന്റണി വർഗീസ്) ചേട്ടൻ സെറ്റിൽ ജോയിൻ ചെയ്യുന്നത്. ഗ്രൂമിംഗ് സെക്ഷനിൽ പെപ്പേ ചേട്ടനൊപ്പമുള്ള ഒരു സീനാണ് ചെയ്യുന്നതെങ്കിലും അന്ന് ചേട്ടൻ സെറ്റിൽ എത്തിയിരുന്നില്ല. പെപ്പേ ചേട്ടൻ വന്നു വീണയും അദ്ദേഹവും അടിയുണ്ടാക്കുന്ന ഒരു സീനുണ്ട്. അതാണ് ആദ്യം ചെയ്യുന്നത്. അത് ശരിക്കും പേടിച്ചാണ് ചെയ്തത്. പക്ഷേ സെറ്റിൽ എല്ലാവരും ഒപ്പം നിന്ന് കൂൾ ആക്കിയിരുന്നു. പിന്നെ പെട്ടെന്ന് തന്നെ എല്ലാം ശരിയായി. പെപ്പേ ചേട്ടനും നമ്മളെ കംഫർട്ടാക്കിയാണ് അഭിനയിക്കുക.

അയൽവാശിയിൽ വ്യത്യസ്ത വേഷം

ആഷിഖ് ഉസ്മാൻ പ്രൊഡ്യൂസ് ചെയ്യുന്ന നിഖില വിമൽ, സൗബിൻ ഷാഹിർ തുടങ്ങിയ വലിയ താരനിരയുള്ള അയൽവാശി എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചു. വലിയ സ്‌ക്രീൻ സ്‌പേസ് ഇല്ലെങ്കിലും പ്രധാനപ്പെട്ട ഒരു വേഷമാണ്. നീതുവിൽ നിന്നും വീണയിൽ നിന്നും തികച്ചും വ്യത്യസ്തമായി നിൽക്കുന്ന കഥാപാത്രമാണ്. കോളേജ് സ്റ്റുഡന്റിന്റെ വേഷമാണ്. എനിക്ക് വരുന്ന കഥാപാത്രങ്ങൾ വലുതാവണമെന്ന് നിർബന്ധമില്ല. പക്ഷേ എന്തെങ്കിലും ചെയ്യാൻ ഉണ്ടാകുന്ന കഥാപാത്രമായിരിക്കണമെന്ന് നിർബന്ധമുണ്ട്.

വീഡിയോ ട്രെൻഡിംഗിൽ  തുടക്കം 

വീഡിയോ ട്രെൻഡിംഗായ സമയത്ത് എല്ലാവരും ചെയ്യുന്നതു കണ്ട്, അപ്പോൾ ഒരു രസത്തിനാണ് ഞാനും അത് ചെയ്തുതുടങ്ങുന്നത്. ചെയ്ത വീഡിയോ എല്ലാം വീണ്ടും ഞാൻ തന്നെ കണ്ടുനോക്കുമ്പോഴാണ് 'കൊള്ളാലോ' എന്ന് തോന്നിയത്. അതിനുശേഷം ഡബ്‌സ് മാഷ് ചെയ്തുതുടങ്ങി. ആര്യ ബഡായി ബംഗ്ലാവിന്റെ മാനറിസവും സൗണ്ടുമെല്ലാം ചെയ്തുതുടങ്ങിയപ്പോൾ ആ വീഡിയോകൾ എല്ലാം വൈറലായി. അങ്ങനെയാണ് ബഡായി ബംഗ്ലാവ് പരിപാടിയിലേക്ക് ഡയാന മാം ക്ഷണിക്കുന്നത്. അവിടേയ്ക്ക് ഗസ്റ്റായി പോയത് ജീവിതത്തിലെ മറ്റൊരു മൊമന്റ് ആയിരുന്നു. വിവാഹശേഷമാണ് റീൽസിലെല്ലാം ആക്ടീവാകുന്നത്.

രാഹുൽ ഏട്ടനും  എന്റെ ചേട്ടനും

ഞാൻ ഇന്ന് കാണുന്ന അഖിലയാവാൻ ഒരുപാട് കാരണങ്ങളുണ്ടെങ്കിലും അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ ഒന്ന് എന്റെ ഭർത്താവ് രാഹുൽ ഏട്ടനും ഒന്ന് എന്റെ സഹോദരൻ ജിതിൻ ഭാർഗ്ഗവൻ ചേട്ടനുമാണ്. ഇവരാണ് ഓരോ മൊമന്റിലും എന്നെ പ്രോത്സാഹിപ്പിക്കുന്നതും എന്റെ ആത്മവിശ്വാസം കൂട്ടുന്നതും. എന്റെ രണ്ട് പില്ലേഴ്‌സാണ് രണ്ടുപേരും. രാഹുലേട്ടനൊത്താണ് ഞങ്ങൾ ഇൻസ്റ്റഗ്രാം റീൽസിൽ വീഡിയോകൾ പങ്കുവച്ചിരുന്നത്.

 


LATEST VIDEOS

Interviews