സുരക്ഷാകവചങ്ങളുടെ നടുവില്‍ നിന്ന് ചന്ദ്രയാനില്‍ സ്പര്‍ശിച്ചപ്പോള്‍ വിനോദ് മങ്കരയുടെ കൈവിരലുകള്‍ക്ക് വല്ലാത്തൊരു എനര്‍ജിയായിരുന്നു. മനസ്സ് ആഹ്ലാദ തിമിര്‍പ്പില്‍ അലിഞ്ഞു, ഇരുപത്തിനാല് നില കെട്ടിടത്തിന്‍റെ ഉയരമുള്ള ചന്ദ്രയാനെതൊട്ട ചലച്ചിത്ര സംവിധായകനെന്ന പെരുമയും വിനോദ് മങ്കരയ്ക്ക് സ്വന്തം.
കരയിലേക്കൊരു കടല്‍ ദൂരം എന്ന ചിത്രത്തിലൂടെയാണ് വിനോദ് മങ്കര സംവിധായകന്‍റെ മേലങ്കിയണിഞ്ഞത്. ദേശീയ അവാര്‍ഡ് നേടിയ രാജ്യത്തെ മൂന്നാമത്തെ സംസ്കൃതം സിനിമയായ പ്രിയമാനസം, നളചരിതം അഞ്ചാം ദിവസം, കാംബോജി, തമിഴില്‍ നിത്യസുമംഗലി ഉള്‍പ്പെടെ അഞ്ച് സിനിമകള്‍ സംവിധാനം ചെയ്ത വിനോദ് മങ്കര ഇനിയൊരു ജര്‍മ്മന്‍ സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ജര്‍മ്മന്‍ ഭാഷയിലുള്ള ഈ സിനിമയുടെ ചിത്രീകരണം ഉടനെ ജര്‍മ്മനിയില്‍ തുടങ്ങും. വൈവിധ്യമാര്‍ന്ന വിഷയങ്ങളിലുള്ള 686 ഡോക്യുമെന്‍ററികള്‍ സംവിധാനം ചെയ്ത വിനോദ് മങ്കരയ്ക്ക് സിനിമയെന്നത് ഒരുതരം പാഷനാണ്.
ഐ.എസ്.ആര്‍.ഒയെക്കുറിച്ചുള്ള വിശദമായ ഡോക്യുമെന്‍ററി തയ്യാറാക്കുന്നതിനിടയിലാണ് പതിനേഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ജര്‍മ്മന്‍ ഭൗതിക ശാസ്ത്രജ്ഞനായ ജോനാസ് കെപ്ലറിന്‍റെ സോമ്നിസം(സ്വപ്നം) എന്ന നോവലില്‍ പരാമര്‍ശിക്കുന്ന ഗണിത നിയമമാണ് റോക്കറ്റ് വിക്ഷേപണത്തിന് ഇന്നും ഉപയോഗിക്കുന്നതെന്ന യാഥാര്‍ത്ഥ്യം വിനോദ് മങ്കര കണ്ടെത്തിയത്. ഈ അന്വേഷണമാവട്ടെ നിലാക്കനവെന്ന മോഹിനിയാട്ടം കൊറിയോഗ്രാഫിയുടെ പിറവിക്ക് കാരണമായി. ചന്ദ്രയാന്‍റെ വിജയശില്‍പ്പികളായ ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍ക്ക് സമര്‍പ്പണമായി വിനോദ് മങ്കര സംവിധാനം ചെയ്ത നിലാക്കനവ് ഇന്ത്യയിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കാന്‍ പോവുകയാണ്.
ഫിലിം മേക്കിംഗിലും ഡോക്യുമെന്‍ററികളിലും മനസ്സര്‍പ്പിക്കുന്ന സംവിധായകനായ വിനോദ് മങ്കര സംസാരിക്കുന്നു.
ചന്ദ്രയാനെ തൊടാന്‍ സാധിച്ച അനുഭവം?
അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. ഐ.എസ്.ആര്‍.ഒയുടെ വിജയകരമായ യാത്രയെക്കുറിച്ച് എ.വി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഞാന്‍ സംവിധാനം ചെയ്ത ചൊവ്വാദൗത്യവുമായി ബന്ധപ്പെട്ട ആദ്യത്തെ സംസ്കൃതം സിനിമയായ യാനത്തിന് പതിനഞ്ചോളം ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു.
തുടര്‍ന്ന് ചന്ദ്രയാന്‍ ദൗത്യവുമായി ബന്ധപ്പെട്ടാണ് ഞാന്‍ സംവിധാനം ചെയ്യുന്ന four Lions on the moon (നാല് സിംഹങ്ങള്‍ ചന്ദ്രനില്‍) എന്ന ഇംഗ്ലീഷ് ഡോക്യു സിനിമയുടെ ചിത്രീകരണത്തിന് തുടക്കം കുറിച്ചത്.
ഇന്ത്യയുടെ അഭിമാനകരമായ അശോകസ്തംഭത്തിലെ ചക്രങ്ങളും, മുദ്രകളും ചന്ദ്രനില്‍ ആദ്യമായി ഇറങ്ങുന്ന നാല് സിംഹങ്ങള്‍ അഭിമാനത്തോടെ ഒരിക്കലും മാഞ്ഞുപോവാത്ത രീതിയില്‍ കാറ്റും, പൊടിയുമില്ലാത്ത ചന്ദ്രനില്‍ പതിപ്പിക്കുമെന്നതാണ് ഈ ഡോക്യു സിനിമയുടെ ഇതിവൃത്തം. ഐ.എസ്.ആര്‍.ഓയില്‍ കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ പുറത്ത് നിന്നൊരാള്‍ ചിത്രീകരണത്തിനായി എത്തിയത് ഞാനായിരുന്നു. റോക്കറ്റ് വിക്ഷേപണത്തറയും, സാറ്റലൈറ്റ് ഉണ്ടാക്കുന്ന സ്ഥലവും എനിക്ക് അത്ഭുതലോകമായിരുന്നു. സാറ്റലൈറ്റ് ഉണ്ടാക്കുന്നവര്‍ക്കുപോലും രഹസ്യസ്വഭാവമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയില്ല.
അതീവസുരക്ഷയുള്ള തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്‍റര്‍, ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്‍റര്‍ എന്നിവിടങ്ങളിലൂടെയാണ് സാറ്റലൈറ്റ് ഉണ്ടാക്കുന്ന ബാംഗ്ലൂരിലെ യു.ആര്‍.റാവു സാറ്റലൈറ്റ് സെന്‍ററിലും, റോക്കറ്റ് വിക്ഷേപിക്കുന്ന ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലും എത്തിയത്. ഇവിടെ വന്‍ സുരക്ഷാസംവിധാനമാണുള്ളത്. ഒരു റോക്കറ്റ് 22 നില കെട്ടിടസമൂച്ചയത്തിന്‍റെയത്ര ഉയരമുണ്ട്. റോക്കറ്റ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ സാറ്റലൈറ്റ് പിടിപ്പിച്ചതിനുശേഷം ഒരു കിലോമീറ്ററിലധികം ദൂരത്തേയ്ക്ക് റെയില്‍ വഴി വിക്ഷേപണ തറയിലെത്തിച്ചപ്പോഴാണ് വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയ ഉപഗ്രഹത്തെ തൊട്ടത്. ആഹ്ലാദവും, അഭിമാനവും തോന്നിയ നിമിഷങ്ങളായിരുന്നു അത്.
താങ്കളെഴുതിയ പുസ്തകം റോക്കറ്റ് വിക്ഷേപണത്തറയില്‍ വെച്ച് പ്രകാശനം ചെയ്തതും ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നല്ലോ...?
അതെ, റോക്കറ്റ് വിക്ഷേപണത്തറയില്‍ വെച്ച് ഒരു പുസ്തകം പ്രകാശനം ചെയ്തത് ആദ്യമായിട്ടായിരുന്നു. ഞാനെഴുതിയ ശാസ്ത്രലേഖനങ്ങളടങ്ങിയ പ്രിസം എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. ബിബിസി ഉള്‍പ്പെടെയുള്ള ലോകവാര്‍ത്താ മാധ്യമങ്ങളൊക്കെ പുസ്തകപ്രകാശനം വാര്‍ത്തയാക്കിയിരുന്നു. അതും വേറിട്ട അനുഭവമായിരുന്നു.
ഐ.എസ്.ആര്‍.ഓയിലെ ശാസ്ത്രജ്ഞര്‍ക്ക് സമര്‍പ്പണമായി മാറിയ താങ്കള്‍ സംവിധാനം ചെയ്ത നിലാക്കനവ് മോഹിനിയാട്ടം കൊറിയോഗ്രാഫിയുടെ പിറവിയെക്കുറിച്ച്...?
ഡോക്യു സിനിമയുടെ അന്വേഷണത്തിനിടയിലാണ് പതിനേഴാം നൂറ്റാണ്ടിലെ ഭൗതിക ശാസ്ത്രജ്ഞനായ ജോനാസ് കെപ്ലറുടെ സോമ്നിസം(സ്വപ്നം) എന്ന 36 പേജുള്ള നോവല്‍ ശ്രദ്ധയില്‍പ്പെട്ടത്. ചന്ദ്രനിലേക്കുള്ള യാത്രയില്‍ പാതിമുറിഞ്ഞുപോയ സ്വപ്നത്തിന്‍റെ കഥയാണിത്. റോക്കറ്റ് വിക്ഷേപണത്തിന് കെപ്ലറുടെ ഗണിതമാണ് ഉപയോഗിക്കുന്നത് എന്നത് കൊണ്ടുതന്നെ ഈ നോവലിലെ കഥ മോഹിനിയാട്ടത്തിന് അനുയോജ്യമാണെന്ന് തോന്നി. പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ഗായത്രി മധുസൂദനന്‍ കൊറിയോഗ്രാഫി അവതരിപ്പിക്കാന്‍ മുന്നോട്ട് വന്നതോടെ നിലാക്കനവ് മോഹിനിയാട്ടം കൊറിയോഗ്രാഫി യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ രമേശ് നാരായണനാണ് സംഗീതം നിര്‍വ്വഹിച്ചത്. നിലാക്കനവ് ഐ.എസ്.ആര്‍.ഒ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. നിലാക്കനവിന്‍റെ ആദ്യാവതരണം പാലക്കാട് സ്വരലയ ദേശീയ നൃത്ത സംഗീതോത്സവത്തില്‍ അരങ്ങേറിയിരുന്നു. പ്രേക്ഷകരുടെ മികച്ച പ്രതികരണമാണ് നിലാക്കനവിന് ലഭിച്ചത്.
താങ്കളുടെ പുതിയ പ്രോജക്ടിനെക്കുറിച്ച് സൂചിപ്പിക്കാമോ?
ഇന്‍ഡോ- ജര്‍മ്മന്‍ സംരംഭത്തിന്‍റെ ഭാഗമായുള്ള പുതിയ സിനിമയാണ് ചെയ്യാന്‍ പോവുന്നത്. ഇംഗ്ലീഷിലും ജര്‍മ്മന്‍ ഭാഷയിലുമായി ചെയ്യുന്ന ചിത്രത്തിന്‍റെ പേര് The Bell the Return ( (തിരിച്ചുവന്ന പള്ളിമണി) എന്നാണ്. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിറ്റ്ലര്‍ തോറ്റപ്പോള്‍ ജനങ്ങള്‍ക്കുണ്ടായ മാനസികാവസ്ഥയും, കാലങ്ങളായി ഹിറ്റ്ലറിന്‍റെ കൂടെ നിന്ന് ചെയ്തുകൂട്ടിയ കൊടുംക്രൂരതകളില്‍ പശ്ചാത്തപിച്ച് മാസസാന്തരത്തിലൂടെ പട്ടാളക്കാര്‍ ജീവിതത്തലേക്ക് തിരിച്ചുവരുന്നതും ചിത്രം ചര്‍ച്ച ചെയ്യുന്നു. ലോകം മുഴുവന്‍ യുദ്ധസമാനമായ സാഹചര്യത്തിലൂടെ കടന്നുപോവുമ്പോള്‍ ചീ ണമൃ എന്ന ആശയമാണ് ചിത്രത്തിന്‍റെ പ്രധാന ഇതിവൃത്തം. ഹിറ്റ്ലറിന്‍റെ വേഷം ചെയ്യുന്നത് ജര്‍മ്മന്‍ സിനിമയിലെ പ്രശസ്തനായ നടനായിരിക്കും. ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ ജര്‍മ്മനിയിലായിരുന്നു. ഇംഗ്ലീഷിലും, ജര്‍മ്മന്‍ ഭാഷയിലുമുള്ള സ്ക്രിപ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞു. പൂര്‍ണ്ണമായും ജര്‍മ്മനിയില്‍ ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം വൈകാതെ തുടങ്ങും.
എം.എസ്. ദാസ് മാട്ടുമന്ത
ഫോട്ടോ: ജയരാജ്