മലൈക്കോട്ടൈ വാലിബനിലെ സുചിത്രയുടെ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്തൊക്കെ തയ്യാറെടുപ്പുകള്‍ ആണ് നടത്തിയത് ?
എനിക്ക് ആദ്യം അറിയാവുന്നത് മാതംഗി എന്ന പേരുമാത്രമായിരുന്നു. ഈ സിനിമയില്‍ ഒരു ചെറിയ പോര്‍ഷനെ ഉള്ളൂ എങ്കില്‍പോലും അത് അത്രയും പ്രാധാന്യമുള്ള ഒരു വേഷം എന്ന് മാത്രമാണ് ഞാന്‍ അറിഞ്ഞത.് എന്നെ ഏറ്റവും കൂടുതല്‍ മൂവിയിലേക്ക് അടുപ്പിച്ചത് ലിജോസാറിന്‍റെ മൂവി, ലാലേട്ടന്‍ ഹീറോ ഇതായിരുന്നു. ഇത്രയും വലിയ ഒരു ബാനര്‍. ഇങ്ങനെ ഒരു സബ്ജക്ട് എനിക്ക് കിട്ടുന്നത് എന്ന് പറയുന്നത് തന്നെ ഒരു ഭയങ്കര ഭാഗ്യമായി കാണുന്നുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഓരോരുത്തരും സിനിമ കണ്ടിട്ട് എന്നെ വിളിച്ചു പറയുമ്പോള്‍ ശരിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. കുറച്ചേ ഉള്ളുവെങ്കില്‍ പോലും ഒരുപാട് ഇഷ്ടമായി ആ ഒരു പോര്‍ഷന്‍. ശരിക്കും പറഞ്ഞാല്‍ മാതംഗി എന്ന കഥാപാത്രത്തെക്കുറിച്ച് അധികം പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രത്യേകിച്ച് തയ്യാറെടുപ്പുകള്‍ എടുക്കേണ്ടി വന്നില്ല.
ഇതിനുമുന്നേ സിനിമാ ഓഫറുകള്‍ വന്നിരുന്നോ ?
എനിക്ക് ഇതിനുമുന്നേ സിനിമയില്‍ നിന്നും ഓഫര്‍ വന്നിട്ടുണ്ട്. ഇല്ലായെന്നു പറയുന്നില്ല. പക്ഷേ കുറെ കാരണങ്ങളാല്‍ എനിക്കത് ചെയ്യാന്‍ സാധിച്ചില്ല. ഇങ്ങനെ ഒരു മൂവിയില്‍ ഒരു ഭാഗമാകാന്‍ വേണ്ടി ചിലപ്പോള്‍ ഈശ്വരനായിട്ട് തട്ടി മാറ്റിയതായിരിക്കാം. ഇനി അങ്ങോട്ട് എനിക്ക് കുറെ ഓഫേര്‍സ് വരുന്നുണ്ട്. തുടക്കം ഇത്രയും വലിയ ഒരു കൂട്ടായ്മയുടെ കൂടെ ഇത്രയും വലിയൊരു ഗ്രൂപ്പിന്‍റെ കൂടെ സ്റ്റാര്‍ട്ട് ചെയ്യാന്‍ പറ്റിയതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്.
സിനിമ കണ്ടതിനു ശേഷം പ്രേക്ഷകരുടെ ഭാഗത്തു നിന്ന് ലഭിച്ച അഭിപ്രായങ്ങളില്‍ മനസ്സില്‍ തട്ടിയത് ആരുടേതായിരുന്നു ?
ഒരുപാട് പേര് എന്നെ വിളിച്ചു. എന്‍റെ ടീച്ചര്‍ എന്നെ വിളിച്ചു. ടീച്ചര്‍ വിളിച്ചിട്ട് പറഞ്ഞു മോളെ നീ ചെയ്ത കുറച്ച് പോര്‍ഷന്‍ ആണെങ്കിലും നീയത് വളരെ ഭംഗിയായി ചെയ്തു എന്ന് പറഞ്ഞുകേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. ചെറിയ മിസ്റ്റേക്ക് ആണെങ്കില്‍ പോലും അത് തുറന്നു അടിച്ച് പറയുന്ന ഒരാളാണ് എന്‍റെ ടീച്ചര്‍ ഡോ.നീനപ്രസാദ.് ടീച്ചറിന്‍റെ അഭിനന്ദനം എന്നും ഹൃദയത്തില്‍ സൂക്ഷിക്കും.
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയതാരം ആയിരുന്നു വാനമ്പാടി സീരിയലിലൂടെ. സീരിയല്‍ അഭിനയം നിര്‍ത്തിയ ശേഷം മനസ്സിലെ ആഗ്രഹം എന്തായിരുന്നു ? അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ എന്തൊക്കെ ?
സീരിയല്‍ അഭിനയം പൂര്‍ണമായും നിര്‍ത്തി എന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. ശരിക്കും ഒരു മൂന്നര വര്‍ഷക്കാലം മുഴുവന്‍ ഞാന്‍ ഒരു സീരിയലില്‍ വര്‍ക്ക് ചെയ്തു. ഏഷ്യാനെറ്റില്‍ എല്ലാവരുടെയും പ്രിയപ്പെട്ട സീരിയലായ വാനമ്പാടി. അതുകൊണ്ട് ഞാന്‍ ഇനി ചെയ്യുന്നത് ഒരു സീരിയലാണെങ്കില്‍ പോലും ഞാന്‍ ചെയ്തുവെച്ച കഥാപാത്രത്തെക്കാള്‍ ഒരുപടി മുകളിലോ അല്ലെങ്കില്‍ അതിനൊപ്പമോ നില്‍ക്കുന്നതായ കഥാപാത്രത്തെ മാത്രമേ അവതരിപ്പിക്കൂ.
തികഞ്ഞ ഈശ്വരവിശ്വാസിയാണോ?
തീര്‍ച്ചായും തികഞ്ഞ ഈശ്വര വിശ്വാസിതന്നെയാണ് എന്നാല്‍ അന്ധവിശ്വാസിയുമല്ല. ഞാന്‍ വലിയൊരു മഹാദേവ ഭക്തയാണ്. എന്നും ഞാന്‍ ഇവിടെയുളളപ്പോള്‍ അല്ലെങ്കില്‍ പറ്റുന്ന ദിവസങ്ങളിലെല്ലാം പുലര്‍ച്ചേ മൂന്നര മണിക്ക് ശ്രീകണ്ഠേശ്വരം അമ്പലത്തില്‍ നിര്‍മ്മാല്യം തൊഴുന്നൊരാള്‍ തന്നെയാണ് ഞാന്‍. എന്‍റെ കൂടെ എന്‍റെ ഭഗവാന്‍ ഉണ്ടെന്നു വിശ്വസിച്ച് മുന്നോട്ട് പോകുന്ന ഒരാളാണ് ഞാന്‍.
ബിഗ് ബോസ്സിലേക്കുള്ള എന്‍ട്രി കരിയര്‍ ടേണിങ് പോയിന്‍റ് ആയിരുന്നോ ?
തീര്‍ച്ചയായും ബിഗ്ബോസ്സിലേയ്ക്കുളള എന്‍ട്രി തന്നെയാണ് എന്‍റെ കരിയറിലേ ഏറ്റവും വലിയ മാറ്റം കൊണ്ടു വന്നിരിക്കുന്നത്. ഞാന്‍ വാനമ്പാടിയ്ക്ക് ശേഷം സ്റ്റാര്‍ട്ട് മ്യൂസിക്ക് ആരാദ്യം പാടും എന്ന പ്രോഗ്രാം ആഗറിങ് ചെയ്തു. അതിനുശേഷമാണ് ഞാന്‍ ബിഗ് ബോസിലേക്ക് കയറുന്നത്. ബിഗ് ബോസിനുശേഷം ഇനി എന്താണ് എന്നു പറഞ്ഞു നില്‍ക്കുമ്പോഴാണ് എനിക്ക് ഈ മൂവിയിലേക്ക് ക്ഷണം വരുന്നത്. അതും ബിഗ് ബോസ് കണ്ടിട്ടാണ് ലിജോസാര്‍ എന്നെ മൂവിയിലേക്ക് വിളിക്കുന്നത്. അപ്പോ എന്‍റെ കരിയറിലെ ഏറ്റവും വലിയൊരു ഗ്രാഫ് മുകളിലേക്ക് പോകുവാന്‍ എന്നെ സഹായിച്ചത് ബിഗ് ബോസ് തന്നെയാണ്.