NEWS

'ചെസ്സ്' മാസ്റ്റർ വിശ്വനാഥൻ ആനന്ദിന്റെ ജീവചരിത്രവും സിനിമയാകുന്നു

News

മേജർ മുകുന്ദ് വരദരാജന്റെ ജീവചരിത്ര സിനിമയായ 'അമരൻ' ചരിത്ര വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു പ്രശസ്ത വ്യക്തിയുടെ ജീവചരിത്രം സിനിമയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ലോക ചെസ് ടൂർണമെൻ്റുകളിൽ വിവിധ നേട്ടങ്ങൾ സൃഷ്ടിച്ച് ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുന്ന വ്യക്തിയാണ് തമിഴ്‌നാട്ടിൽ നിന്നുള്ള വിശ്വനാഥൻ ആനന്ദ്. ഇദ്ദേഹത്തിൻ്റെ ജീവിതം സിനിമയാക്കാനുള്ള ശ്രമങ്ങൾ പല വർഷങ്ങളായി തുടരുകയാണ്. എന്നാൽ വിശ്വനാഥൻ ആനന്ദ് അതിന് അനുവദിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ തമിഴ് സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളായ എ.എൽ.വിജയ്-യും, ബോളിവുഡിലെ പ്രശസ്ത എഴുത്തുകാരനായ സഞ്ജയ് ത്രിപാഠിയും ചേർന്ന് എഴുതിയ തിരക്കഥയ്ക്ക് വിശ്വനാഥൻ ആനന്ദ് അംഗീകാരം നൽകി എന്നാണ് റിപ്പോർട്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായ പുരട്ചി തലൈവി ജയലളിതയുടെ ജീവചരിത്രം 'തലൈവി' എന്ന പേരിൽ സംവിധാനം ചെയ്ത, ഇത് കൂടാതെ ഒരുപാട് കൊമേർഷ്യൽ ചിത്രങ്ങളും സംവിധാനം ചെയ്ത എ.എൽ.വിജയ് തന്നെയാണ് വിശ്വനാഥൻ ആനന്ദിന്റെ ജീവചരിത്രവും സംവിധാനം ചെയ്യുന്നത്. ഹിന്ദിയിൽ ഒരുങ്ങുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മഹാവീർ ജെയിനും, ആശിഷ് സിങ്ങും ചേർന്നാണ്. ഹിന്ദിയിൽ ഒരുങ്ങുന്ന ഈ സിനിമ മറ്റുള്ള ഭാഷകളിലും റിലീസാകുമത്രേ! 52 കാരനായ വിശ്വനാഥൻ ആനന്ദ് കഥാപാത്രത്തെ മാധവൻ അവതരിപ്പിക്കാൻ അധിക സാധ്യതകൾ ഉണ്ട് എന്നാണ് പറയപ്പെടുന്നത്. നിലവിൽ മാധവനും, കങ്കണ റണാവത്തും ഒന്നിച്ചഭിനയിക്കുന്ന 'ലൈറ്റ്' എന്ന ചിത്രമാണ് എ.എൽ.വിജയ് തമിഴിലും, ഹിന്ദിയിലുമായി സംവിധാനം ചെയ്തു വരുന്നത്. ഇതിന് മുൻപ് നമ്പി നാരായണന്റെ ജീവചരിത്രമായ Rocketry: The Nambi Effect എന്ന ചിത്രത്തിൽ മാധവൻ നമ്പി നാരായണനായി അഭിനയിക്കുകയും അതിന് പ്രശംസകൾ ലഭിക്കുകയും ചെയ്തിരുന്നു. വിശ്വനാഥൻ ആനന്ദ് ചെസ് മത്സരത്തിൽ 1988-ൽ ഇന്ത്യക്ക് ആദ്യ 'ഗ്രാൻഡ് മാസ്റ്റർ' കിരീടം വാങ്ങി കൊടുത്തു. 5 തവണ ലോക ചാമ്പ്യൻ, 2 തവണ ലോകകപ്പ് ചെസ്സ് ചാമ്പ്യൻ തുടങ്ങി നിരവധി നേട്ടങ്ങൾ നൽകിയ വ്യക്തിയാണ്.


LATEST VIDEOS

Top News