തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡിലും പ്രശസ്തനായ നടനാണ് വിജയ്സേതുപതി. നായകനായും, വില്ലനായും അഭിനയിച്ചു വരുന്ന വിജയ് സേതുപതിയുടെ 50-മത്തെ ചിത്രമായ 'മഹാരാജ' ഇപ്പോൾ തമിഴകത്തിൽ വമ്പൻ വിജയം നേടി ഓടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിജയ്സേതുപതിയുടെ മകൻ സൂര്യ വിജയസേതുപതി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തിന്റെ വാർത്തകൾ പുറത്തുവന്നിരിക്കുന്നത്. വിജയ് സേതുപതിയുടെ മകൻ സൂര്യ 'ഫീനിക്സ് വീഹാൻ' എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തമിഴ് സിനിമയിലെ പ്രശസ്ത സ്റ്റണ്ട് മാസ്റ്റരായ അനൽ അരസു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. വളരെ രഹസ്യമായി ചിത്രീകരണം നടന്നു വന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിൽ സൂര്യക്കൊപ്പം വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, ഹരീഷ് ഉത്തമൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. ആക്ഷന് പ്രാധാന്യം കൊടുത്ത് ഒരുക്കിയിട്ടുള്ള ഈ ചിത്രത്തിന് സംഗീതം നൽകുന്നത് സാം സി.എസ്.ആണ്. സൂര്യ ഇതിന് മുൻപ് വിജയ് സേതുപതി നായകനായ 'നാനും റൗഡിതാൻ', 'സിന്ധുബാദ്' തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 'ഫീനിക്സ് വീഹാൻ' നായകനായി അരങ്ങേറുന്ന ചിത്രമാണ്.