NEWS

പഞ്ചനക്ഷത്രങ്ങളുടെ സൗഹൃദോണം

News

 

കണ്ണാടിച്ചിറകുകള്‍ വിടര്‍ത്തി ചെണ്ടുമല്ലികളില്‍ ചുംബിച്ചുകൊണ്ട് പാറിക്കളിക്കുന്ന ഓണത്തുമ്പികളുടെ നിറമുള്ള കാഴ്ചകളിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടി ഊര്‍മ്മിള ഉണ്ണി.

കാത്തിരിപ്പിന് വിരാമമായി അവരെത്തി. മലയാളികള്‍ എന്നും ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന താരങ്ങളായ സീനത്തും അംബികാ മോഹനും ബീന ആന്‍റണിയും തെസ്നിഖാനും.

എറണാകുളം നെപ്ട്യൂണ്‍ കണ്‍ട്രി വില്ലകളില്‍ ഒന്നായ ഉണ്‍മയില്‍ അഞ്ച് താരങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ അവിടെ പൂവിളികളുടെ പൊന്നോണമായി മാറി. നിശബ്ദതയുടെ ഉണ്‍മ അതോടെ കളിയും ചിരിയും പാട്ടും മേളവുമൊക്കെ കൂടി ച്ചേര്‍ന്ന് സ്നേഹസൗഹൃദത്തിന്‍റെ ശബ്ദമുഖരിതമായി.

ഓണം ആഘോഷിക്കാന്‍ ഞങ്ങളൊക്കെ ഞങ്ങളുടെ ചേച്ചിയുടെ വീട്ടിലേക്ക് വന്നതല്ലേ... അതുകൊണ്ട് ചേച്ചി ഞങ്ങള്‍ക്കുള്ള ഓണക്കോടിയെല്ലാം ഇവിടെ റെഡിയാക്കി വച്ചിട്ടുണ്ട്. സെറ്റും മുണ്ടിന്‍റേയും ഭംഗി ഒന്നുകൂടി ആസ്വദിച്ചുകൊണ്ട് തെസ്നിഖാന്‍ നേരെ അടുക്കള ലക്ഷ്യം വെച്ച് നടന്നു. ബീനാ... ചേച്ചിയുടെ കോവിലകം മാമ്പഴ പ്പുളിശ്ശേരി സൂപ്പറാ.. ആവിപറക്കുന്ന മാമ്പഴപ്പുളിശ്ശേരിയുടെ രുചി നുണഞ്ഞുകൊണ്ട് തെസ്നി പറഞ്ഞു. ചേച്ചിയുടെ കൈകൊണ്ടുണ്ടാക്കിയ സദ്യയും പായസവും കഴിക്കാന്‍ നമുക്കൊക്കെ സാധിച്ചതുതന്നെ ഭാഗ്യം.

ഞാന്‍ എപ്പോഴും നല്ലൊരു കേള്‍വിക്കാരിയായതുകൊണ്ട് നിങ്ങള്‍ പറയുന്നത് ഞാന്‍ കേട്ടിരിക്കാം. ഊര്‍മ്മിള ഉണ്ണി പറഞ്ഞു. ഓരോരുത്തരും ഓണഓര്‍മ്മകള്‍ പങ്കുവച്ചുതുടങ്ങി.

കൂട്ടത്തില്‍ സുന്ദരിയും ചെറുപ്പക്കാരിയും ഞാനാണല്ലോ... അപ്പോള്‍ ചെറുതില്‍ നിന്നുതന്നേ തുടങ്ങാം.... അല്ലേ... ചേച്ചിമാരേ... എന്നു ചിരിച്ചുകൊണ്ട് തെസ്നിഖാന്‍ പറഞ്ഞുതുടങ്ങി.

ബീച്ചിലെ ഓണം

ഞാന്‍ കോഴിക്കോട്ടുകാരിയായതുകൊണ്ടുതന്നെ സ്നേഹത്തിന് യാതൊരു പിശുക്കും കാട്ടാറില്ല. സല്‍ക്കാരപ്രിയയുമാണ്. അതുകൊണ്ടാണല്ലോ സ്നേഹത്തോടെ ആര് വിളിച്ചാലും ഞാന്‍ അവിടെ ഓടി എത്തുന്നതും. കോഴിക്കോട് ബീച്ചിനോട് ചേര്‍ന്നുള്ള ലയണ്‍സ് പാര്‍ക്കിന് അടുത്തുള്ള ഫ്ളാറ്റിലായിരുന്നു എന്‍റെ കുട്ടിക്കാലം. അതുകൊണ്ടുതന്നെ അധികനേരവും ഫ്ളാറ്റില്‍ നിന്ന് ബീച്ചിലേക്ക് നോക്കിയിരിക്കും. തിരുവോണത്തിന് ഉച്ചയ്ക്കുശേഷം ബീച്ച് ആളുകളെക്കൊണ്ട് നിറയും. സെറ്റും മുണ്ടും മുല്ലപ്പൂചൂടിയ പട്ടുപാവാടക്കാരികളും കസവുകരയുള്ള മുണ്ടുടുത്ത ചുള്ളന്‍മാരുമൊക്കെ ആ കൂട്ടത്തില്‍ ഉണ്ടാകും. 

അവരെയൊക്കെ നോക്കിയിരിക്കാന്‍ നല്ല രസമാണ്. ഓണമാകുമ്പോള്‍ എനിക്കും വീട്ടുകാര് പട്ടുപാവാടയും മുല്ലപ്പൂവുമെല്ലാം വാങ്ങിത്തരും. വീട്ടില്‍ സദ്യയും ഉണ്ടാക്കും. വൈകീട്ട് ബീച്ചില്‍ പോയി കൂട്ടുകാരോടൊപ്പം കളിക്കും. അതായിരുന്നു അന്നത്തെ ഓണം. കാര്യസ്ഥന്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ സെറ്റില്‍ ആഘോഷിച്ച ഓണവും കൊച്ചിന്‍ കലാഭവനിലെ ഓണവും അമേരിക്കയില്‍ പോയപ്പോള്‍ അവിടുത്തെ ഓണവുമെല്ലാം നല്ല നല്ല ഓര്‍മ്മകളായിരുന്നു. ഇപ്രാവശ്യത്തെ ഓണം കലൂര്‍ സ്റ്റേഡിയത്തിലെ മോര്‍ണിംഗ് സ്റ്റാര്‍സ് എന്ന ഞങ്ങളുടെ ഒരു ഗ്രൂപ്പുണ്ട്, അവരോടൊപ്പമാണ്. സ്റ്റേഡിയത്തില്‍ രാവിലെ നടക്കാന്‍ വരുന്നവരുടെ ഗ്രൂപ്പാണ്. അതില്‍ എല്ലാ വിഭാഗം ജനങ്ങളുമുണ്ട്.

അപ്പൂപ്പന്‍റെ ഓണസമ്മാനം

ക്രിസ്മസാണ് ഞങ്ങള്‍ വിപുലമായി ആഘോഷിക്കാറുണ്ടായിരുന്നതെങ്കിലും ഓണവും ഞങ്ങളുടെ തറവാട്ടില്‍ ആഘോഷിക്കാറുണ്ട്. എന്‍റെ അമ്മച്ചി ഉള്‍പ്പെടെ എട്ട് മക്കളായിരുന്നു തറവാട്ടില്‍. കൊച്ചിലേ അമ്മച്ചി പറഞ്ഞത് കേട്ടിട്ടുണ്ട്. അപ്പൂപ്പന്‍ ഓണം ആഘോഷിക്കാറുണ്ടെന്ന്. അപ്പൂപ്പന്‍റെ കയ്യില്‍ നിന്നും ഓണസമ്മാനമായി കിട്ടിയ കാശ് ഒരുപാട് നാള് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അമ്മയുടെ ആങ്ങളമാരും അവരുടെ മക്കളും ഞങ്ങളുമെല്ലാം തറവാട്ടില്‍ ഓണത്തിന് ഒത്തുചേരുമ്പോള്‍ തന്നെ അതൊരു ആഘോഷമാണ്. തിരുവോണത്തിന് ഞങ്ങള്‍ എല്ലാവരും ചേര്‍ന്ന് പുതിയ വസ്ത്രങ്ങള്‍ അണിഞ്ഞ് വലിയ ഒരു പൂക്കളം തന്നെ തീര്‍ക്കും. എന്‍റെ കല്യാണത്തിനുശേഷം കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കണമെന്ന് മനുവിന് നിര്‍ബന്ധമാണ്. അത് ഇന്നും മുടങ്ങാതെ തുടരുന്നു. ചിരിച്ചുകൊണ്ട് ബീന ആന്‍റണി പറഞ്ഞു.

മാവേലികഴിച്ച പൂ അട

അത്തം തൊട്ട് പത്ത് ദിവസവും ഉത്സവം പോലെയാണ് ഞങ്ങള്‍ക്ക് ഓണം. എല്ലാവരും ചേര്‍ന്ന് പൂപറിച്ച് വീട്ടില്‍ പൂക്കളം തീര്‍ത്ത് നേരെ അയല്‍പക്കത്തെ വീടുകളിലേക്ക് ഓടും. അവരുടെ പൂക്കളങ്ങള്‍ വലുതാണോ, ഞങ്ങളുടേതിനേക്കാള്‍ മനോഹരമാണോ, കുറേ പൂക്കളുണ്ടോ, എന്നൊക്കെ അറിയാനുള്ള കൗതുകം അന്നുണ്ടായിരുന്നു. അടുത്തദിവസം അവരേക്കാള്‍ മികച്ച പൂക്കളം ഒരുക്കുകയും ചെയ്യും. അന്നൊക്കെ ഓണത്തിനായിരുന്നല്ലോ പുതിയ വസ്ത്രങ്ങള്‍ ലഭിക്കുക. ഓണക്കോടിക്കായുള്ള കാത്തിരിപ്പുമെല്ലാം ഓര്‍മ്മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു.

ഇപ്പോഴത്തെപ്പോലെ അന്ന് എല്ലാദിവസവും ഞങ്ങള്‍ക്ക് കായ വറുത്തതും ശര്‍ക്കരവരട്ടിയും കിട്ടാറില്ലായിരുന്നു. അതൊക്കെ വീട്ടില്‍തന്നെ ഓണത്തിന്‍റെ രണ്ടുദിവസം മുന്‍പ് ഉണ്ടാക്കും. അച്ചാറും ഇഞ്ചിക്കറിയുമെല്ലാം നേരത്തെ തയ്യാറാക്കിവയ്ക്കുന്നതുകൊണ്ട് ഓണത്തിന് മുന്‍പുതന്നെ ഓണരുചികള്‍ നാവിന്‍തുമ്പിലെത്തും. സിനിമയില്‍ എത്തിയശേഷം കൂടുതലും ലൊക്കേഷനില്‍ ആയിരിക്കും ഓണം. സഹപ്രവര്‍ത്തകരുടെ കൂടെ ഓണം ആഘോഷിക്കുമ്പോഴും മനസ്സില്‍ ചെറിയ വിഷമം ഉണ്ടാകും. എവിടെയാണെങ്കിലും ഇപ്പോള്‍ ഓണത്തിന് വീട്ടില്‍ എത്താന്‍ ശ്രമിക്കാറുണ്ട്.

ഉത്രാടരാത്രിയില്‍ മധുരം വയ്ക്കാത്ത അടയുണ്ടാക്കി വയ്ക്കുന്ന ഒരു ചടങ്ങ് ഞങ്ങളുടെ നാട്ടില്‍ ഉണ്ടായിരുന്നു. കുഞ്ഞുന്നാളില്‍ ആ ചടങ്ങ് വീട്ടിലുണ്ടായിരുന്നു. നാളികേരവും അരിയും ചേര്‍ത്ത് ഉണ്ടാക്കുന്ന മധുരം  ചേര്‍ക്കാത്ത പൂ അട രാത്രിയില്‍ പൂത്തറയ്ക്ക് മുകളില്‍ വയ്ക്കും. മാവേലി വന്ന് കഴിക്കും എന്നാണ് വിശ്വാസം. മാവേലിക്ക് വയ്ക്കുന്ന അടയായതിനാല്‍ മാവേലിയുടെ വേഷം കെട്ടിവരുന്നവരും ആ അട കഴിക്കും. അതൊക്കെ ഇന്നും മനസ്സില്‍ തെളിയുന്നു ഊര്‍മ്മിളേ.. അംബികാ മോഹന്‍ ഊര്‍മ്മിളയെ നോക്കി പറഞ്ഞു.

ഓണവും ചൂരല്‍ക്കുളവും

എനിക്ക് അന്നും ഇന്നും ഓര്‍ക്കാന്‍ കുട്ടിക്കാലത്തെ ഓണം തന്നെയാണുള്ളത്. കൂട്ടുകാരോടൊത്ത് അടുത്തുള്ള പറമ്പുകളില്‍ പോയി പൂക്കള്‍ അതിരാവിലെ പോയി ശേഖരിച്ചതും വൈകി ഉണര്‍ന്നാല്‍ പൂക്കള്‍ മറ്റുകുട്ടികള്‍ പറിച്ചുപോകുന്നതും അടുത്ത വീട്ടുകാരുടെ കണ്ണുവെട്ടിച്ച് റോസ് പൂ പറിച്ചുകൊണ്ടുവരുമ്പോള്‍ വഴക്ക് കേട്ടതുമെല്ലാം ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.

വീടിനടുത്ത് ഞങ്ങള്‍ കുളിക്കാന്‍ പോകുന്ന ഒരു വലിയ കുളമുണ്ടായിരുന്നു. ചൂരല്‍ക്കുളം. ഞങ്ങളെപ്പോലെ സ്ഥിരമായി കുളത്തില്‍ ചാടി കളിക്കാന്‍ കുറച്ച് ആണ്‍കുട്ടികളും വരാറുണ്ട്. അതില്‍ ഒരുത്തന്‍ നേതാവിനെപ്പോലെയാണ് പെരുമാറ്റം. അവന്‍ കുളക്കടവില്‍ ഇരുന്ന് പല കഥകളും തട്ടിവിടും. ചൂരല്‍ക്കുളത്തിന്‍റെ കഥയും അവന്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. ഈ കുളത്തില്‍ കുളിപ്പിക്കാന്‍ കൊണ്ടുവന്ന ആനയും പാപ്പാനും ചൂരലും കുളിക്കുന്നതിനിടയില്‍ കുളത്തില്‍ താഴ്ന്നുപോയെന്നും പിന്നീട് ആനയും പാപ്പാനും പൊന്തിവന്നില്ലെന്നും അങ്ങനെയാണ് ഈ കുളത്തിന് ചൂരല്‍ക്കുളമെന്ന പേര് വന്നതെന്നും പറഞ്ഞ് ഞങ്ങളെ പേടിപ്പിക്കാറുണ്ടായിരുന്നു. 

പിന്നീട് ഞങ്ങള്‍ അവനുമായി കൂട്ടുകൂടി. ഒരു ഓണത്തിന് അവന്‍ ഞങ്ങളെ അവന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടില്‍ പറഞ്ഞാല്‍ വിടില്ല. അടിയും കിട്ടും. ഞങ്ങള്‍ വീട്ടില്‍ പറയാതെ പോകാന്‍ തീരുമാനിച്ചു. ഞാനും എന്‍റെ ചേച്ചിയും രണ്ട് കൂട്ടുകാരികളും കൂടി കുളത്തില്‍ കുളിക്കാനാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. കുളികഴിഞ്ഞ് കൂട്ടുകാരന്‍റെ വീട്ടില്‍ പോയി  സദ്യ കഴിക്കാം എന്നുപറഞ്ഞു. ഞാന്‍ ചേച്ചിയോട് ചോദിച്ചു കയ്യിലുള്ള തുണികളെല്ലാം എവിടെ വയ്ക്കുമെന്ന്. കുളത്തിന് അടുത്ത് തന്നെയുള്ള കൈതക്കാട്ടിലേക്ക് ചേച്ചി തുണികള്‍ എറിഞ്ഞു. 

നേരെ അവന്‍റെ വീട് ലക്ഷ്യമാക്കി നടന്നു. കൂട്ടുകാരന്‍റെ വീടിന്‍റെ ഗേറ്റില്‍ എത്തിയപ്പോള്‍ കുറേ പരിചയമില്ലാത്ത ആളുകള്‍ ഇലയില്‍ സദ്യ കഴിക്കുന്നു. ചേച്ചി ഗേറ്റിനടുത്ത് തന്നെ നിന്നു. ഗേറ്റില്‍ നില്‍ക്കുന്ന ഞങ്ങളെക്കണ്ട് അവന്‍ ഓടിവന്ന് അകത്തേയ്ക്ക് ക്ഷണിച്ചു. കൂട്ടുകാരികള്‍ അവന് പുറകെ പോയെങ്കിലും ഞാനും ചേച്ചിയും പോയില്ല. പരിചയമില്ലാത്ത വീട്ടില്‍ പോയി സദ്യ എങ്ങനെ കഴിക്കും. നാണക്കേട് തോന്നി. ചേച്ചി തിരിച്ചുനടന്നു. മനസ്സില്ലാമനസ്സോടെ ഞാനും കൂട്ടുകാരികളും ചേച്ചിക്കൊപ്പമെത്താന്‍ ശ്രമിച്ചു. വിശപ്പും ദാഹവും ഞങ്ങളെ തളര്‍ത്തി. കൂട്ടുകാരികള്‍ ഓരോന്ന് ചേച്ചിയെ പറഞ്ഞുകൊണ്ടിരുന്നു. സമയം ഏറെ വൈകി. കൈതക്കാട്ടിലേക്ക് എറിഞ്ഞ തുണികള്‍ എടുക്കുന്നതിനിടയില്‍ മുഖത്തും കാലിലും കയ്യിലുമെല്ലാം കൈതച്ചെടിയുടെ ഇലകളിലെ മുള്ളുകള്‍ കൊണ്ട് മുറിഞ്ഞുനീറി.

എങ്ങനെയൊക്കെയോ തുണികളെല്ലാം എടുത്ത് റബ്ബര്‍തോട്ടത്തിലൂടെ വീട് ലക്ഷ്യമാക്കി ഓടുമ്പോള്‍ വടിയുമായി അതാ ഒരാള്‍ മുന്നില്‍. നിങ്ങള്‍ എവിടെയായിരുന്നു എന്ന ഉച്ചത്തിലുള്ള ചോദ്യം കേട്ട് ഞങ്ങള്‍ പേടിച്ച് വിറച്ചു. കൂട്ടുകാരിയുടെ ചേട്ടനായിരുന്നു. കൂട്ടത്തില്‍ ചെറുതായിരുന്ന ഞാന്‍ വള്ളിപുള്ളി തെറ്റാതെ നടന്ന കാര്യങ്ങള്‍ പറഞ്ഞതും എന്‍റെ കൂട്ടുകാരി കരഞ്ഞതും ഒരുമിച്ചായിരുന്നു. നിന്‍റെ ആങ്ങള മൊയ്തുവിനോട് ഞാന്‍ എല്ലാം പറയുന്നുണ്ട് എന്നും പറഞ്ഞ് കരഞ്ഞുകൊണ്ടിരുന്ന കൂട്ടുകാരിയുടെ കയ്യും പിടിച്ച് വലിച്ച് അയാള്‍ വീട്ടിലേക്ക് നടന്നു. പടച്ചോനേ... സദ്യയും പോയി അടിയും ഉറപ്പ്. അന്നത്തോടെ കുളത്തിലെ കുളിയും അവസാനിച്ചു.

സീനത്തേ നിങ്ങളെല്ലാവരും ഇവിടെ വന്നപ്പോള്‍ തന്നെ എന്‍റെ മനസ്സ് നിറഞ്ഞു. നിങ്ങളുടെയൊക്കെ കളങ്കമില്ലാത്ത ഈ സ്നേഹം തന്നെയാണ് എനിക്ക് നിങ്ങള്‍ക്ക് തരാവുന്ന ഏറ്റവും വലിയ ഓണസമ്മാനവും. ഊര്‍മ്മിള ഉണ്ണി സീനത്തിനെ ആലിംഗനം ചെയ്തു. ഇതിനിടയില്‍ പ്രശസ്ത ഡാന്‍സറും അഭിനേത്രിയും ഊര്‍മ്മിള ഉണ്ണിയുടെ മകളുമായ ഉത്തരാ ഉണ്ണി അവിടെ എത്തി. ആന്‍റിമാരെ ഒന്നിച്ചുകണ്ടപ്പോള്‍ സന്തോഷം. ഉത്തരേ...  നീ സംവിധാനരംഗത്തേയ്ക്ക് കടക്കുകയാണെന്ന് കേട്ടു. ഉത്തര ചിരിച്ചുകൊണ്ട് തെസ്നിയെ നോക്കി. ജാഫര്‍ക്കയെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തു. ബാബ എന്നാണ് പേര്. പ്രശസ്ത ക്യാമറാമാന്‍ അഴകപ്പന്‍ സാറാണ് ക്യാമറ ചെയ്തത്. നല്ലൊരു ടീം തന്നെ കൂടെയുണ്ട്. മോളെ എല്ലാവിധ വിജയാശംസകളും. എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു. ചിരിച്ചുകൊണ്ട് ഉത്തര കൈകൂപ്പി നന്ദി പറഞ്ഞു.

ഞങ്ങളുടെയൊക്കെ തുടക്കകാലം മുതല്‍ ആദ്യമായി ഫോട്ടോ വന്നത് നാനയിലാണ്. അതൊരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ല. നാനയാണ് ഞങ്ങളുടെയൊക്കെ വളര്‍ച്ചയ്ക്ക് ഏറെ സഹായം നല്‍കിയത്. ആ നന്ദിയും കടപ്പാടും പറഞ്ഞാല്‍ തീരില്ല. ഒരിക്കല്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തിനുശേഷം ഊര്‍മ്മിള ഉണ്ണിയും സീനത്തും ബീന ആന്‍റണിയും തെസ്നിഖാനും അംബികാമോഹനും ഒത്തുചേര്‍ന്നപ്പോഴാണ് ഇങ്ങനെ ഒരു സൗഹൃദക്കൂട്ടായ്മയെക്കുറിച്ച് ആലോചിച്ചതും അവര്‍ ഒത്തുചേര്‍ന്നതും. തെസ്നിഖാന്‍ തന്‍റെ ഫോണില്‍ ക്യാമറ റെഡിയാക്കി റീല്‍സിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ സീനത്ത് പറഞ്ഞു, ഊര്‍മ്മിളേ നമ്മുടെ റീല്‍സ്റാണി പണി തുടങ്ങിയല്ലോ... എല്ലാവരും തെസ്നിയെ നോക്കി ഉച്ചത്തില്‍ ചിരിച്ചു. എല്ലാ വായനക്കാര്‍ക്കും അവര്‍ ഓണാശംസകള്‍ നേര്‍ന്നു. നെപ്ട്യൂണ്‍ കണ്‍ട്രിയിലെ പൂക്കള്‍ക്കിടയില്‍ സ്നേഹത്തിന്‍റെ വശ്യസുഗന്ധം പരന്നു.

നാസര്‍,
ഫോട്ടോ: വിമല്‍ഘോഷ് എടവനക്കാട്


LATEST VIDEOS

Interviews