'തഗ് ലൈഫ്' എന്ന ചിത്രത്തിന് ശേഷം മണിരത്നം പുതുമുഖങ്ങളെ അണിനിരത്തി ഒരു പ്രണയ കഥയാണ് സംവിധാനം ചെയ്യാൻ പോകുന്നത് എന്നുള്ള വാർത്ത മുൻപ് നൽകിയിരുന്നു. എന്നാൽ കോളിവുഡിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വാർത്ത മറ്റൊന്നാണ്.
അതായത് 'ചിയാൻ' വിക്രമിന്റെ മകനായ ധ്രുവ് വിക്രമിനെ നായകനാക്കിയാണത്രെ മണിരത്നം തന്റെ അടുത്ത ചിത്രം ഒരുക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തമിഴ് സിനിമയിൽ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച ധ്രുവ് വിക്രം അഭിനയിച്ച് അടുത്ത് റിലീസാകാനിരിക്കുന്നത് മാരി സെൽവരാജ് സംവിധാനം ചെയ്തിരിക്കുന്ന 'ബൈസൺ' എന്ന സിനിമയാണ്.
ധ്രുവ് വിക്രമിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായകിയായി അഭിനയിക്കുന്നത് രുക്മണി വസന്താണെന്നുള്ള റിപ്പോർട്ടുമുണ്ട്. കന്നഡ നടിയായ രുക്മിണി വസന്ത് അഭിനയിച്ച് ഈയിടെ റിലീസായ തമിഴ് ചിത്രമാണ് 'ഏസ്'. ഇതിൽ വിജയസേതുപതിക്കൊപ്പമാണ് താരം അഭിനയിച്ചത്.
രുക്മിണി വസന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു തമിഴ് ചിത്രം ശിവകാർത്തികേയൻ നായകനാകുന്ന 'മദാരാസി'യാണ്. മണിരത്നം, ധ്രുവ് വിക്രം, രുക്മണി വസന്ത് ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്ത് തന്നെ തുടങ്ങുമെന്നാണ് പറയപ്പെടുന്നത്. മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' പ്രതീക്ഷിച്ച വിജയം നേടിയില്ല എന്നത് ശ്രദ്ധേയമാണ്. .