NEWS

മലയാളത്തിന്‍റെ ജാക്സന്‍ -സിബി കുട്ടപ്പന്‍

News

വിനോദ് എ.കെ. സംവിധാനം ചെയ്ത മൂണ്‍വാക്കില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് പ്രേക്ഷക പ്രീതി നേടിയ സിബി കുട്ടപ്പന്‍ തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു

മൂണ്‍വാക്ക് വലിയൊരു നേട്ടമാണ്

ഒരു മഴക്കാലത്തായിരുന്നു മൂണ്‍വാക്ക് തീയേറ്ററുകളില്‍ റിലീസ് ആയത്. പക്ഷേ ആ മഴപോലും വകവയ്ക്കാതെയാണ് ആളുകള്‍ ആ സിനിമ കാണാന്‍ വേണ്ടി തിയേറ്ററില്‍ പോയതും. അതുപോലെ നല്ല അഭിപ്രായങ്ങളും അവര്‍ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു. സിനിമയില്‍ ഞാന്‍ ചെയ്ത സുര എന്ന കഥാപാത്രം ചെയ്യാനായി ഞാന്‍ ഒരുപാട് പരിശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. അതായത് ആ കഥാപാത്രത്തിലേക്ക് എത്താന്‍വേണ്ടി പരമാവധി എഫര്‍ട്ട് എടുത്തിട്ടുണ്ട്. വളരെ സാധാരണക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം ഇതുപോലൊരു ഇന്‍ഡസ്ട്രിയുടെ ഭാഗമാവുക എന്നതുപോലും വലിയ കാര്യമാണ്.

നടനാവുക എന്നത് സ്വപ്നമല്ല

മൂണ്‍വാക്ക് സിനിമയില്‍ സുര എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്തത്. കോമഡി ഉത്സവം എന്ന പ്രോഗ്രാം കണ്ടിട്ടാണ് ഈ സിനിമയിലേക്ക് എനിക്ക് ക്ഷണം വരുന്നത്. ഞാന്‍ അപ്പോഴും പറഞ്ഞത് എനിക്ക് അഭിനയിക്കാന്‍ അറിയില്ല. ഞാന്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റ് ആണെന്നാണ്. പക്ഷേ ഓഡിഷന് വിളിച്ച് എന്നെക്കൊണ്ട് ഡാന്‍സ് മൂവ്മെന്‍റ്സ് ചെയ്യിപ്പിച്ചു. അതവര്‍ക്ക് ഇഷ്ടമായപ്പോള്‍ സിനിമയിലേക്ക് എന്നെ എടുത്തു. പിന്നെ ആക്റ്റിങ് ട്രെയിനിങ് തന്നു. ഒരു സിനിമ സ്വപ്നം കണ്ട് നടന്നിരുന്ന ആളല്ല ഞാന്‍. സ്റ്റേജ് ഷോ ചെയ്യുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അഭിനയിക്കുമ്പോള്‍ പോലും എനിക്ക് വേണ്ടി ഒരുപാട് ടെയ്ക്കുകള്‍ പോവേണ്ടി വന്നിട്ടുണ്ട്.

വേടനും സിബിയും

മൂണ്‍വാക്ക് സിനിമയിലെ സുര എന്ന കഥാപാത്രവും റാപ്പര്‍ വേടനും തമ്മില്‍ കണക്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷെ യഥാര്‍ത്ഥ ജീവിതത്തിലെ സിബി എന്ന ഞാനും വേടനും തമ്മില്‍ കണക്ട് ചെയ്യപ്പെടുന്നത് കലയിലൂടെയാണ്. പണ്ടൊക്കെ പ്രോഗ്രാമിന് പോകുമ്പോള്‍ മൈക്കിള്‍ ജാക്സന്‍റെ പെര്‍ഫോമന്‍സ് ഞാന്‍ ചെയ്യുമ്പോള്‍ പലരും പറയുമായിരുന്നു നീ ഈ ആര്‍ട്ടുകൊണ്ട്  എവിടെയും എത്തില്ല എന്ന്. വീടിനുള്ളില്‍ നിന്നും ഇത് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.  ഈ പണി നിര്‍ത്തു എന്നൊക്കെ. പക്ഷേ കോമഡി ഉത്സവം ചെയ്തു ഹിറ്റായപ്പോള്‍ ആളുകള്‍ പറഞ്ഞു നീ നന്നായി, രക്ഷപ്പെട്ടു എന്നൊക്കെ. അപ്പോഴാണ് എനിക്ക് മനസ്സിലാകുന്നത് ആര്‍ട്ട് എന്നത് ഒരു വലിയ പോയിന്‍റ് തന്നെയാണെന്ന്. കലാകാരന്മാര്‍ക്ക് ആര്‍ട്ട് വെച്ച് ലോകത്തോട് എന്തും പറയാം. പാട്ടിലൂടെ രാഷ്ട്രീയം പറയുന്നു എന്ന് വേടന്‍ പറയുന്നതുപോലെതന്നെ നമ്മള്‍ ഡാന്‍സിലൂടെയും പറയാന്‍ ശ്രമിച്ചു.

സിനിമ വിദൂരമാണ്

സിനിമ എന്നുപറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് മോഹന്‍ലാലും മമ്മൂട്ടിയും ആണ്. അവരുടെയൊക്കെ സിനിമകള്‍ കണ്ടാണ് നമ്മള്‍ വളര്‍ന്നത്. അതുകൊണ്ടുതന്നെ സിനിമ ഇപ്പോഴും എനിക്ക് ഒരു സ്വപ്നലോകമാണ്. അതുകൊണ്ടുതന്നെ എത്ര ചെറിയ സെലിബ്രിറ്റികളെ കണ്ടാലും ഞാന്‍ പെട്ടെന്ന് നേര്‍വസ് ആവുകയും എക്സൈറ്റഡ് ആവുകയും ചെയ്യും. സത്യംപറഞ്ഞാല്‍ എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചു, ആ സിനിമ വിജയിച്ചു എന്നൊന്നും.

ഡാന്‍സ് പഠിച്ചത് സ്വന്തമായി

മൈക്കിള്‍ ജാക്സന്‍റെ മൂവ്മെന്‍റ്സ് എല്ലാം സിഡിയിട്ട് കണ്ടുകണ്ടാണ് ഞാന്‍ സ്റ്റെപ്പ് എല്ലാം പഠിച്ചത്. പിന്നീട് ചാലക്കുടിയിലുള്ള രാകേഷ് മാസ്റ്ററുടെ കീഴില്‍ ഡാന്‍സ് പഠിച്ചു. ഡാന്‍സിന്‍റെ അടിസ്ഥാനമായ കാര്യങ്ങളൊക്കെ പഠിച്ചത് അവിടെ നിന്നാണ്. പിന്നീട് മൂണ്‍വാക്ക് സിനിമയുടെ വര്‍ക്ക്ഷോപ്പില്‍ വന്നപ്പോള്‍ കിട്ടിയത് വലിയൊരു എക്സ്പീരിയെന്‍സ് ആണ്. കാരണം എങ്ങനെ നോക്കിയാലും ഞാന്‍ മൈക്കിള്‍ ജാക്സന്‍റെ പെര്‍ഫോമന്‍സേ ചെയ്യുന്നുള്ളൂ. അതില്‍നിന്ന് എന്നെ മാറ്റിയെടുക്കാന്‍ അവര്‍ ഒരുപാട് ശ്രമിച്ചു. അവരുടെ കഷ്ടപ്പാടുകൊണ്ടാണ് ഞാന്‍ പലതും പഠിച്ചത്.

സിനിമയും കറുത്ത നായകന്മാരും

എന്തുകൊണ്ട് സിനിമയില്‍ കറുത്ത നായകന്മാര്‍ വരുന്നില്ല എന്ന് ഞാന്‍ ആലോചിക്കാറുണ്ട്. നമ്മള്‍ ചെറുപ്പം മുതലേ കേള്‍ക്കുന്നത് കറുപ്പ് പോരാ വെളുപ്പാണ് നല്ലത് എന്നാണ്. അത് തലമുറകളായി മുന്‍പോട്ടുപോകുന്ന ഒരു കാര്യമാണ്. അത് നമുക്ക് വല്ലാത്ത തരത്തിലുള്ള അരക്ഷിതത്വം തരും. അതുകൊണ്ടുതന്നെ ഞാന്‍ വല്ലാതെ ഒതുങ്ങിക്കൂടിയാണ് ജീവിച്ചിട്ടുള്ളത്. എന്‍റെ അഭിപ്രായത്തില്‍ അത്തരത്തില്‍ വര്‍ണ്ണവിവേചനം കൊണ്ട് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുന്നത് ശരിയല്ല. കഴിവുള്ള എല്ലാവര്‍ക്കും അവസരം കൊടുക്കണം. കഴിവുള്ളവന്‍റെ നിറത്തിന്‍റെ പേരില്‍ മാറ്റിനിര്‍ത്തുന്നത് ശരിയല്ല. 

പക്ഷേ സ്റ്റേജ് പരിപാടികളില്‍ ഒന്നും ഇത്തരത്തില്‍ നിറത്തിന്‍റെ പേരിലുള്ള വിവേചനം ഞാനൊന്നും ഫെയ്സ് ചെയ്തിട്ടില്ല. പിന്നെ നമ്മള്‍ ജോലിക്ക് പോകുമ്പോള്‍ അവിടെ ലുക്കിന് വലിയ പ്രാധാന്യമുണ്ട്. അതായത് സെയില്‍സ്മാന്‍ പോലുള്ള ജോലിക്ക് ഒക്കെ സൗന്ദര്യം നോക്കും. അപ്പോ സ്വഭാവികമായിട്ടും നമുക്കും തോന്നും അത്തരം ഇടങ്ങള്‍ നമുക്ക് വിധിച്ചിട്ടില്ല എന്ന്. അത് മനസ്സില്‍ ഒരുപാട് വേദന ഉണ്ടാക്കും. പിന്നെ അത്തരം ചിന്താഗതികളില്‍ നിന്നും ആരേയും നമുക്ക് നിര്‍ബന്ധിതമായി മാറ്റാന്‍ കഴിയില്ല. അതൊക്കെ അവര്‍ക്ക് സ്വയമായി തോന്നേണ്ട കാര്യങ്ങളാണ്.

കുടുംബത്തിന്‍റെ പിന്തുണ

കലയുടെ കാര്യത്തില്‍ കുടുംബത്തിന്‍റെ പിന്തുണ എന്നുപറയുമ്പോള്‍ സത്യത്തില്‍ അവിടുത്തെ റിയാലിറ്റി പണമാണ്. കലകൊണ്ട് പണം കിട്ടില്ല എന്നുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ട്. പക്ഷേ നമ്മള്‍ ആഗ്രഹം കൊണ്ടാണ് അത് ചെയ്യുന്നത്. സാമ്പത്തികം ഇല്ല എന്ന കുടുംബപശ്ചാത്തലം കൊണ്ട് കല എന്ന മാധ്യമത്തില്‍ തന്നെ ഉപേക്ഷിച്ച ഒരുപാട് കലാകാരന്മാര്‍ നമുക്കിടയിലുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ പഴയകാലത്തെ കാര്യങ്ങള്‍ പറയുമ്പോള്‍ കരയും. സത്യത്തില്‍ ഞാനും അതേ അവസ്ഥയിലാണ് നില്‍ക്കുന്നത്.

 


LATEST VIDEOS

Interviews