സുഗീത് സംവിധാനം ചെയ്ത 'കിനാവള്ളി' ആയിരുന്നു അജ്മല്‍ സെയ്നിന്‍റെ ആദ്യസിനിമ. സിനിമ ഒരു മോഹമായി കൊണ്ടുനടന്നിരുന്ന അജ്മല്‍ ഒരു ഓഡിഷന്‍ വഴിയാണ് കിനാവള്ളിയിലെത്തുന്നത്. 2018 ലായിരുന്നു ആ സിനിമ റിലീസ് ചെയ്തത്. അതിനുശേഷമുള്ള ആറ് വര്‍ഷത്തെ സിനിമായാത്രയ്ക്കിടയില്‍ അജ്മല്‍ കുറെ സിനിമകളില്‍ കൂടി അഭിനയിച്ചിരിക്കുന്നു.
നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്ത കാവല്‍, പ്രജേഷ് സെന്നിന്‍റെ 'മേരി ആവാസ് സുനോ' തുടങ്ങി ദി ലാസ്റ്റ് ടൂ ഡെയ്സ്, മെമ്മറബിള്‍ അണ്‍നോണ്‍, മായാവനം എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ചു.
കിനാവള്ളിയില്‍ നായകനായിട്ടാണ് അഭിനയിച്ചുതുടങ്ങിയതെങ്കിലും തുടര്‍ സിനിമകളിലെ അഭിനയപ്രാധാന്യമുള്ള ക്യാരക്ടര്‍ വേഷങ്ങളിലും വില്ലന്‍വേഷങ്ങളിലുമൊക്കെ അജ്മല്‍ അഭിനയിച്ചിട്ടുണ്ട്.
ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിച്ചിട്ടുള്ള പാര്‍ട്ട്നേഴ്സും, അപ്പാനി ശരത്തിന്‍റെ ജങ്കാറുമാണ് ആ ചിത്രങ്ങള്‍. ജങ്കാറില്‍ തനിക്ക് വളരെ ഡിഫറന്‍റായ ഒരു ലുക്കാണ് ലഭിച്ചിരിക്കുന്നതെന്നും അജ്മല്‍ അവകാശപ്പെട്ടു. വളരെ വ്യത്യസ്തമായ ഒരു അപ്പിയേറന്‍സാണ് ജങ്കാറിലുള്ളത്.
തിരുവനന്തപുരം സ്വദേശിയാണ് അജ്മല്‍. മാര്‍ ഇവാനിയോസ് കോളേജില്‍ പഠിക്കുന്ന കാലത്തുതന്നെ അഭിനയം ഒരു ഹോബിയായി കൂടെയുണ്ടായിരുന്നു... ഒരു ക്ലാസ്മേറ്റിനെപ്പോലെ... ആ സൗഹൃദത്തിലൂടെ ചില ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. അത് ബെസ്റ്റ് ആക്ടര്‍ അംഗീകാരം നേടിത്തരികയും ചെയ്തിട്ടുണ്ടെന്ന് അജ്മല്‍ സൂചിപ്പിച്ചു.
കോളേജ് പഠനം കഴിഞ്ഞ് ഉദ്യോഗം തേടി വിദേശത്തേയ്ക്ക് പോയിരുന്ന ആ യാത്രയാണ് അജ്മലിന് സിനിമയിലേക്കുള്ള വഴിതുറന്നത്. ദുബായില്‍ വച്ച് സംവിധായകന്‍ സുഗീതിനെ പരിചയപ്പെട്ടതും കിനാവള്ളിയിലെ അവസരം സിനിമയിലേക്കുള്ള പിടിവള്ളിയായതും അങ്ങനെയാണ്.
തിരക്കഥാകൃത്ത് നിഷാദ് കോയയുടെ ഒരു സിനിമയില്‍ അടുത്തുതന്നെ അജ്മല്‍ അഭിനയിച്ചേക്കും. ബൈസിക്കിള്‍ തീവ്സ് എന്ന മലയാള സിനിമയ്ക്കുവേണ്ടി ക്യാമറാമാനായി പ്രവര്‍ത്തിച്ച വിനയചന്ദ്രന്‍റെ ഒരു ഷോര്‍ട്ട് ഫിലിമില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഒരു സിനിമ ഷൂട്ട് ചെയ്യുന്ന രീതിയില്‍ തന്നെയായിരുന്നു ആ ഹ്രസ്വചിത്രത്തിന്‍റെ മേക്കിംഗ്. 'സാന്‍ഡ് വിച്ച്' സിനിമ ഡയറക്ട് ചെയ്ത മനുവിന്‍റെ ഒരു വെബ് സീരീസില്‍ അഭിനയിച്ച അനുഭവങ്ങളും തന്‍റെ പക്കലുണ്ടെന്ന് അജ്മല്‍ കൂട്ടിച്ചേര്‍ത്തു.