തിരുവനന്തപുരം: വിവദങ്ങൾ കെട്ടടങ്ങും മുമ്പ് ദി കേരള സ്റ്റോറി ഇന്ന് തീയറ്ററുകളിലെത്തും. കേരളത്തിലെ ആദ്യ പ്രദർശനം തിരുവനന്തപുരം ഏരിസ്പ്ലെക്സിലാണ്. രാവിലെ 11 മണിക്കാണ് പ്രദർശനം തുടങ്ങുന്നത്. സംസ്ഥാനത്തെ മറ്റ് 20 കേന്ദ്രങ്ങളിലും റിലീസ് ദിനത്തിൽ തന്നെ പ്രദർശനമുണ്ട്. സെൻസർ ബോർഡ് നിർദ്ദേശിച്ച ഏഴ് മാറ്റങ്ങളോടെയാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
കേരളത്തിലെം യുവതികളെ മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് കൊണ്ടുപോകുന്നു എന്നതാണ് സിനിമയുടെ പ്രമേയം. ചിത്രം കേരളത്തിനെതിരായ സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം. സിനിമയിലുള്ളതെല്ലാം യാഥാർത്യമായ കാര്യങ്ങളാണ് എന്നാണ് നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷായുടെ വാദം. ചിത്രം റിലീസ് ചെയ്യാനിരിക്കെ തമിഴ്നാട്ടിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നം ഉണ്ടാകാനിടയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്.
അതേസമയം, ചിത്രത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിനിമയുടെ പ്രദർശനം തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. നേരത്തെ കേസ് പരിഗണിച്ചപ്പോൾ സെൻറർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് കോടതി വിശദീകരണം തേടിയിരുന്നു. സിനിമയുടെ റിലീസ് തടയണമെന്ന ഹർജിയിൽ സിബിഎഫ്സി ഇന്ന് കോടതിയിൽ നിലപാട് അറിയിക്കും.