നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ഒരു സിനിമ സംവിധാനം ചെയ്യാൻ പോകുന്നു എന്നും ഈ ചിത്രം നിർമ്മിക്കുന്നത് തമിഴിലെ വമ്പൻ ബാനറായ 'ലൈക്ക'യാണെന്നുമുള്ള ഔദ്യോഗിക വിവരങ്ങൾ മുൻപ് നൽകിയിരുന്നു. അതിന് ശേഷം ഈ ചിത്രത്തിൽ നായകനായി അഭിനയിക്കാൻ ജേസൺ സഞ്ജയ് 'ചിയാൻ' വിക്രമിന്റെ മകൻ ധ്രുവ് വിക്രമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന വാർത്തയും നൽകിയിരുന്നു. എന്നാൽ അപ്പോൾ പുറത്തുവന്ന ഔദോഗിക പ്രഖ്യാപനത്തിന് ശേഷം ഒരു വർഷമായിട്ടും ചിത്രത്തിന്റെ ജോലികൾ ആരംഭിച്ചില്ല. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഈ ചിത്രത്തിൽ ധ്രുവ് വിക്രം തന്നെയാണത്രെ നായകനായി അഭിനയിക്കുന്നത്. നായികയായി അഭിനയിക്കാൻ സംവിധായകൻ ശങ്കറിന്റെ മകൾ അദിതി ശങ്കറിനെയും, വില്ലനായി അഭിനയിക്കാൻ നടൻ വിജയ് സേതുപതിയുടെ മകൻ സൂര്യയെയും, ചിത്രത്തിന് സംഗീതം നൽകാൻ എ.ആർ.റഹ്മാൻ്റെ മകൻ അമീനിനെയുമാണത്രെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച എല്ലാ ചർച്ചകളും പൂർത്തിയായെന്നും, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടുകൂടി ചിത്രത്തിന്റെ പ്രാരംഭ ജോലികൾ ഉടൻ തുടങ്ങുമെന്നും റിപ്പോർട്ടുണ്ട്.