ദക്ഷിണേന്ത്യയിലെ ഒരാൾ പോലും പ്രഭാതങ്ങളിൽ 'ശ്രീ വെങ്കടേശ്വര സുപ്രഭാതം...' കേൾക്കാത്തവരായി ഉണ്ടാവില്ല . സുപ്രഭാതം മുഴങ്ങി കേൾക്കുമ്പോൾ അതിന്റെ പിന്നിലുള്ള മാസ്മരിക ശബ്ദത്തിന്റെ ഉടമയും അറിയാതെ തന്നെ മനസിലേക്ക് ഓടിയെത്തും. അവരാണ് കർണാടക സംഗീതത്തിൽ രാജ്ഞിയായി വിലസിയ ഡോ.എം.എസ്.സുബ്ബുലക്ഷ്മി.1916 സെപ്റ്റംബർ 16-ന് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച എം.എസ്. സുബ്ബുലക്ഷ്മി, പത്താം വയസ്സിൽ എച്ച്.എം.വി. കമ്പനിക്കുവേണ്ടി ഗാനങ്ങൾ ആലപിച്ചു റെക്കോർഡ് ഉണ്ടാക്കി. അതിനുശേഷം ചില സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. 'സേവാശതൻ' ആയിരുന്നു അവരുടെ ആദ്യത്തെ ചിത്രം. അതിനുശേഷം 4 ചിത്രങ്ങളിൽ എം.എസ്.സുബുലക്ഷ്മി അഭിനയിച്ചു. അതിൽ ഏറ്റവും ജനപ്രിയമായത് 'മീര' എന്ന ചിത്രമാണ്. കർണാടക സംഗീതത്തിൽ രാജ്ഞിയായി വിലസിയ എം.എസ്. സുബുലക്ഷ്മിക്ക് ലഭിക്കാത്ത പദവികളും, പുരസ്കാരങ്ങളും ഇല്ലെന്ന് പറയാം! 1954-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. 1968-ൽ മ്യൂസിക് അക്കാദമിയിൽ നിന്ന് സംഗീത കലാനിധി ബിരുദം നേടി. ഈ അവാർഡ് ലഭിച്ച ആദ്യത്തെ വനിതയാണ് എം.എസ്.സുബുലക്ഷ്മി. 1998-ൽ ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നയും ലഭിച്ചു. അങ്ങിനെയുള്ള എം.എസ്.സുബ്ബുലക്ഷ്മിയുടെ ജീവിതകഥ അടുത്ത് തന്നെ സിനിമയാകാൻ പോകുകയാണ്. ബെംഗളൂരുവിലെ ഒരു പ്രൊഡക്ഷൻ ഹൗസാണ് ഈ സിനിമ നിർമ്മിക്കുന്നത് എന്നും, കന്നഡ സിനിമയിലെ ഒരു പ്രശസ്ത സംവിധായകനാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നും റിപ്പോർട്ടുണ്ട്. അതനുസരിച്ച് സിനിമയിൽ എം.എസ്. സുബുലക്ഷ്മിയുടെ കഥാപാത്രം അവതരിപ്പിക്കാൻ ജനപ്രിയ നടിമാരായ നയൻതാര, തൃഷ എന്നിവരുമായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ ചർച്ചകൾ നടത്തി എന്നും, ഇവരിൽ തൃഷക്കാണ് എം.എസ്. സുബുലക്ഷ്മിയാകാൻ അധിക ചാൻസ് എന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കാം!