സിനിമയ്ക്കപ്പുറം രാഷ്ട്രീയത്തിലും ഒന്നുപയറ്റാന്‍ തയ്യാറെടുത്ത് രാജ്യസഭാ അംഗമായിരിക്കെയാണ് 'സകലകലാവല്ലഭന്‍' കമലഹാസന്‍. സിനിമയേയും രാഷ്ട്രീയത്തേയും രണ്ട് കണ്ണുകളായി കൊണ്ടുനടക്കാന്‍ തീരുമാനിച്ചിരിക്കുന്ന കമലഹാസന്‍റെ ചില ഇഷ്ടാനിഷ്ടങ്ങള്‍ കുറിക്കയാണിവിടെ.
ഇഷ്ടമല്ല, കഴിയില്ല, ബുദ്ധിമുട്ടാണ്, നടക്കില്ല, കുറെ പണം ചെലവാകും എന്നിങ്ങനെയുള്ള നെഗറ്റീവ് വാക്കുകള്‍ ഒന്നും തന്നെ കമലിന് ഇഷ്ടമല്ല.
ആറാണെങ്കില്‍ വെള്ളം കുടിക്കണം, കുളമാണെങ്കില്‍ മീന്‍ പിടിക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ആഹാരസിദ്ധാന്തം. വിവിധ രാജ്യങ്ങളുടെ പാരമ്പര്യഭക്ഷണം അദ്ദേഹം വളരെ താല്‍പ്പര്യത്തോടെ കഴിക്കും. ഇഴയുന്നതും പറക്കുന്നതും ഓടുന്നതുമായ എല്ലാ ജീവികളേയും കഴിക്കുന്ന മാംസാഹാരപ്രിയന്‍.
ലോകത്തുള്ള അതി ഉന്നതമായ സിനിമകള്‍, പുസ്തകങ്ങള്‍ എന്നിവയുടെ വലിയ ശേഖരം തന്നെ അദ്ദേഹത്തിന്‍റെ പക്കലുണ്ട്. അതിനവീനമായ ഹോം തിയേറ്ററിലാണ് അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കാണുന്നത്.
കറുപ്പുവസ്ത്രങ്ങളോടാണ് കമലഹാസന് ഏറെ പ്രിയം. പട്ടുവേഷ്ടി കെട്ടിക്കൊണ്ട് വന്നാല്‍ അന്ന് മുഴുവന്‍ ഉത്സാഹവാനായിരിക്കുമത്രെ. പലതരം വാച്ചുകള്‍, പേനകള്‍, ജീന്‍സ് പാന്‍റുകള്‍ എന്നിവയുടെ വലിയ ശേഖരമാണ് കമലിന്‍റെ പക്കയുള്ളത്.
കവിത എഴുതുന്നത് കമലിന് ഏറെ ഇഷ്ടപ്പെട്ട കാര്യമാണ്. വലിയൊരു കവിതാസമാഹാരത്തിലുള്ള കവിതകള്‍ അദ്ദേഹം രചിച്ചുവെച്ചിട്ടുണ്ട്.
എഴുതിക്കഴിഞ്ഞാല്‍ അവ തന്‍റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് അഭിപ്രായം ആരായും. പക്ഷേ എന്തുകൊണ്ടോ തന്‍റെ കവിതാസമാഹാരം പ്രസിദ്ധീകരിക്കാന്‍ കാലതാമസം വരുത്തുകയാണ് കമല്‍.
ശിവാജി ഗണേശന്‍, എം.ആര്‍. രാധ, എസ്.വി. രങ്കറാവു, മോഹന്‍ലാല്‍ എന്നീ നടന്മാരുടേയും ഉര്‍വശി, കോവൈ സരള എന്നിവരുടേയും അഭിനയം ഏറ്റവും ഇഷ്ടമാണ്. കൂടാതെ പാശ്ചാത്യ നടീനടന്മാരുടെ വലിയ ലിസ്റ്റും പ്രിയപ്പെട്ടവരുടേതായിട്ടുണ്ട്. നാഗേഷും കമലും തമ്മിലുള്ള ആത്മബന്ധം അച്ഛന്‍- മകന്‍ ബന്ധത്തിന് സമാനമായതായിരുന്നു.
തന്‍റെ സിനിമകളില്‍ തനിക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ടത് 'ഹേ റാം' ആണെന്ന് കമല്‍ പല തവണ പറഞ്ഞിട്ടുണ്ട്.
എഴുത്തുകാരില്‍ എം.ടി. വാസുദേവന്‍ നായര്‍, കണ്ണദാസന്‍, ജയകാന്തന്‍ എന്നിവരോടാണ് ഏറ്റവും ഇഷ്ടം. എം.ടിയുടെ തിരക്കഥയില്‍ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നത് അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഇന്നത്തെ എഴുത്തുകാരില്‍ ജയമോഹനുമായിട്ടാണ് ഏറ്റവുമധികം സാഹിത്യപരമായ ചര്‍ച്ചകള്‍ നടത്തുക.
താനൊരു നിരീശ്വരവാദിയാണെങ്കിലും ഈശ്വരവിശ്വാസത്തെ കമല്‍ വിമര്‍ശിക്കാറില്ല.
ഇളയരാജയെ കമലിന് വളരെയധികം ഇഷ്ടമാണ്. കമലിന്‍റെ ഭൂരിഭാഗം സിനിമകള്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ചത് ഇളയരാജയായിരുന്നു. തന്‍റെ 'രാജ്കമല്‍' എന്ന നിര്‍മ്മാണ സ്ഥാപനം നിര്‍മ്മിച്ച സിനിമകള്‍ക്കായി ഇളയരാജ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ഒരു സംഗീതനിശ നടത്തുവാനുള്ള പദ്ധതി ഇരുവരുടേയും മനസ്സിലുണ്ടത്രെ.
സിനിമാ സെന്‍റിമെന്‍റുകളില്‍ വിശ്വാസമില്ലാത്ത ആളാണ് കമലഹാസന്‍.
ഡാന്‍സ്മാസ്റ്റര്‍ തങ്കപ്പന്‍, കെ.എസ്.സേതുമാധവന്‍, ഐ.വി. ശശി, കെ. ബാലചന്ദര്‍ എന്നിവരോട് അങ്ങേയറ്റം സ്നേഹവും ബഹുമാനമായിരുന്നു. കമലിന്‍റെ അഭിനയജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയവരാണ് ഇവര്‍.