തമിഴിൽ 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം' തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു മുൻനിരയിലെത്തിയ സംവിധായകനാണ് ലോകേഷ് കനകരാജ്. വിജയ്‌യെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ 'ലിയോ' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയും, 500 കോടിയിലധികം കളക്ഷൻ നേടുകയും ചെയ്തു. ഇതിനെ തുടർന്ന് ലോകേഷ് കനകരാജ് അടുത്ത് രജനിയുടെ 171-ാം ചിത്രമാണ് സംവിധാനം ചെയ്യാനിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോകേഷ് കനകരാജ് സ്വന്തമായി 'ജി സ്ക്വാഡ്' എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും ആരംഭിച്ചിരിക്കുന്നത്. 'ജി സ്‌ക്വാഡ്' കമ്പനി നിർമ്മിച്ച 'ഫയിറ്റ് ക്ലബ്' എന്ന ചിത്രം അടുത്തിടെ പുറത്തിറങ്ങി ആരാധകരുടെ ശ്രദ്ധയാകർഷിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് താൻ സോഷ്യൽ മീഡിയയിൽ നിന്ന് കുറച്ചുകാലം മാറിനിന്ന് തന്റെ അടുത്ത ചിത്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പോവുകയാണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് അറിയിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അദ്ദേഹം പുറത്തുവിട്ടിരിക്കുന്ന പ്രസ്താവനയിൽ ''എന്റെ കമ്പനിയായ ‘ജി സ്‌ക്വാഡ്’ നിർമ്മിച്ച 'ഫയിറ്റ് ക്ലബ്' എന്ന സിനിമയ്ക്ക് നിങ്ങൾ നൽകിയ സ്വീകരണത്തിന് നന്ദി പറയുന്നു.
എന്റെ അടുത്ത ചിത്രത്തിന്റെ പണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ സോഷ്യൽ മീഡിയയും, സെൽ ഫോണും കുറച്ച് കാലത്തേക്ക് ഓഫ് ചെയ്യാൻ പോകുകയാണ്. ഈ ഇടക്കാല കാലയളവിൽ ആർക്കും എന്നെ ബന്ധപ്പെടാൻ കഴിയില്ല. സിനിമയിലെ എന്റെ ആദ്യകാലം മുതൽ ഇതുവരെ നിങ്ങൾ എനിക്ക് നൽകിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു. പോസിറ്റീവായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക... നെഗറ്റീവായ കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക'' എന്നും ആ പ്രസ്താവനയിൽ ലോഗേഷ് കനകരാജ് കുറിച്ചിട്ടുണ്ട്.