തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സൂര്യയെയും, സാമന്തയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ലിങ്കു സാമി സംവിധാനം ചെയ്ത് 2014-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'അഞ്ജാൻ'. ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചു നടന്ന പ്രൊമോഷൻ പരിപാടിയിൽ സംവിധായകൻ ലിങ്കു സാമി ചിത്രം കുറിച്ച് സംസാരിക്കുമ്പോൾ 'എന്റെ എല്ലാ ഗിമ്മിക്കുകളും ഞാൻ ഈ സിനിമയിൽ പ്രയോഗിച്ചിട്ടുണ്ട്' എന്ന് പറഞ്ഞിരുന്നു. എന്നാൽ ചിത്രം ദയനീയമായി പരാജയപ്പെടുകയാണ് ഉണ്ടായത്. ഇതിനെ തുടർന്ന് ലിങ്കു സാമി പറഞ്ഞ കാര്യത്തെ കുറിച്ച് പലരും കളിയാക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനും, നടനുമായ ആർ.ജെ.ബാലാജി അന്ന് ഒരു എഫ്.എം റേഡിയോ സ്റ്റേഷനിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയായിരുന്നു. അന്ന് ഇദ്ദേഹവും 'അഞ്ജാൻ' ചിത്രം കുറിച്ച് വലിയ തോതിൽ സോഷ്യൽ മീഡിയയിൽ കളിയാക്കുകയും, വിമർശിക്കുകയും ചെയ്തിരുന്നു. അങ്ങിനെ അന്ന് സൂര്യയുടെ 'അഞ്ജാൻ' സിനിമയെ കളിയാക്കിയ, ട്രോൾ ചെയ്ത ആർ.ജെ. ബാലാജിയാണ് ഇന്ന് സൂര്യയുടെ 45-ാം ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത്. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. നയൻതാര നായകിയായ 'മൂക്കുത്തി അമ്മൻ', സത്യരാജ്, ഉർവശി നായകൻ, നായകിയായ 'വീട്ടില വിശേഷം' എന്നീ സിനിമകൾ സംവിധാനം ചെയ്ത ആർ.ജെ. ബാലാജി ഒരുപാട് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹം അടുത്ത് സംവിധാനം ചെയ്യുന്നത് സൂര്യയുടെ 45-മത്തെ ചിത്രമാണ്. തമിഴ് സിനിമയിലെ പ്രശസ്ത ബാനറുകളിൽ ഒന്നായ 'ഡ്രീം വാരിയർ പിക്ചേഴ്സ്' നിർമ്മിക്കുന്ന ഈ ചിത്രത്തിന് എ.ആർ.റഹ്‌മാനാണ് സംഗീതം നൽകുന്നത്. അന്ന് ആർ.ജെ.ബാലാജി 'അഞ്ജാൻ' കുറിച്ച് ചെയ്ത പരിഹാസങ്ങളും, ട്രോളുകളും വകവയ്ക്കാതെ ഇന്ന് തൻ്റെ സിനിമ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് അവസരം നൽകിയ സൂര്യയെ അദ്ദേഹത്തിൻ്റെ ആരാധകർ ഇപ്പോൾ സോഷ്യൽ മീഡിയ വഴിയായി പ്രശംസിച്ച് വരികയാണ്. അതേ സമയം പരിഹാസങ്ങൾക്കും, ട്രോളുകൾക്കും വക നൽകാത്ത തരത്തിലുള്ള ഒരു മികച്ച ചിത്രം ആർ.ജെ. ബാലാജി നൽകണം എന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്.