തമിഴ് സിനിമയിലെ മുൻനിര സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ. രജനികാന്ത്, വിജയ്, സൂര്യ, വിക്രം, ധനുഷ് തുടങ്ങിയ മുൻനിര താരങ്ങളുടെ ചിത്രങ്ങൾക്കെല്ലാം അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 'പത്തൊൻപതാം നൂറ്റാണ്ട്', 'അന്വേഷിപ്പിൻ കണ്ടെത്തും' തുടങ്ങിയ ചില മലയാള ചിത്രങ്ങൾക്കും, അടുത്തിടെ തെലുങ്കിൽ പുറത്തിറങ്ങിയ 'ദസറ', 'കൽക്കി എ.ഡി.2898' എന്നീ ചിത്രങ്ങൾക്കും സംഗീതം ഒരുക്കി ശ്രദ്ധ നേടിയ സംഗീത സംവിധായകനാണ് സന്തോഷ് നാരായണൻ.
ഈ സാഹചര്യത്തിലാണ് സന്തോഷ് നാരായണൻ അടുത്ത് ബോളിവുഡിലും സംഗീത സംവിധായകനായി അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള എ.ആർ.മുരുകദാസ് സൽമാൻ ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ‘സിക്കന്ദറി’ൻ്റെ സംഗീതം ഒരുക്കാനാണ് സന്തോഷ് നാരായണനെ നിയോഗിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. ഇത് സംബന്ധമായ കരാറിൽ അദ്ദേഹം ഒപ്പിട്ടു എന്നും പറയപ്പെടുന്നുണ്ട്. അങ്ങിനെയങ്കിൽ സന്തോഷ് നാരായണൻ സംഗീതം നൽകുന്ന ആദ്യത്തെ ഹിന്ദി ചിത്രമായിരിക്കും 'സിക്കന്ദർ'. കഴിഞ്ഞ വർഷം ഹിന്ദിയിൽ റിലീസായി 1000 കോടിയിലധികം കളക്ഷൻ നേടിയ ഷാരുഖാന്റെ 'ജവാൻ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിലെ മറ്റൊരു മുൻനിര സംഗീത സംവിധായകനായ അനിരുദ്ധ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഇപ്പോൾ അനിരുദ്ധിന് ശേഷം മറ്റൊരു സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ബോളിവുഡിൽ പ്രവേശിക്കാനിരിക്കുകയാണ്.