NEWS

THE NEW CRUSH - Mamitha Baiju

News

മലയാളത്തിലായാലും തമിഴിലായാലും സിനിമാ ആരാധകരായ യുവാക്കളുടെ ഇപ്പോഴത്തെ 'ക്രഷ്' മമിതാ ബൈജുവാണ്. 'പ്രേമലു'വിന്‍റെ വിജയം മമതയുടെ യശസ്സ് അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്ക് ഉയര്‍ത്തിയിരിക്കയാണ്. ബാലയുടെ 'വണങ്കാന്‍' എന്ന സിനിമയില്‍ ആദ്യം നായികയായി നിശ്ചയിച്ചിരുന്നത് മമിതയെയാണ്. എന്നാല്‍ സാങ്കേതികമായ ചില കാരണങ്ങളാല്‍ അതില്‍ നിന്നും പിന്‍മാറേണ്ടി വന്നു. മലയാളത്തില്‍ നിന്നും തമിഴില്‍ ചേക്കറി വെന്നിക്കൊടി പാറിക്കുന്ന മലയാളി സുന്ദരിമാരുടെ നിരയില്‍ മമിതയും അംഗമാവുകയാണ്. തമിഴിലെ ആദ്യചിത്രമായ 'റിബല്‍' ബോക്സോഫീസില്‍ വലിയ കോളിളക്കമൊന്നും സൃഷ്ടിച്ചില്ലെങ്കിലും മമിതയോടുള്ള 'ക്രേസ്' അനുദിനം വര്‍ദ്ധിക്കയാണ്. തമിഴ് സിനിമാരംഗപ്രവേശത്തെക്കുറിച്ചും 'പ്രേമലു' നല്‍കിയ ഊര്‍ജ്ജത്തെക്കുറിച്ചും മമിത ബൈജു വാചാലയാവുന്നു.

 

'പ്രേമലു' കേരളത്തിന് പുറത്തും പ്രത്യേകിച്ച് തമിഴ്നാട്ടില്‍ ഇത്രയും വലിയ വിജയം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവോ?

തീര്‍ച്ചയായും പ്രതീക്ഷിച്ചതല്ല. കേരളത്തില്‍ ഹിറ്റാവും എന്ന് ഞങ്ങളുടെ ടീമിന് ആത്മവിശ്വാസമുണ്ടായിരുന്നു. തമിഴ്നാടിനെക്കുറിച്ച് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല. തമിഴ്നാട്ടിലുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് അവിടെ ഏതാനും സ്ക്രീനില്‍ റിലീസ് ചെയ്തത്. തമിഴ്നാട്ടിലാവട്ടെ കേരളത്തിലാവട്ടെ ഏറെനാള്‍ 'പ്രേമലു' ഹൗസ് ഫുള്ളായി തന്നെ ഓടി. അത് മനസ്സിന് വളരെയധികം സന്തോഷം നല്‍കി. ആ സമയത്തുതന്നെയാണ് എന്‍റെ ആദ്യ തമിഴ് സിനിമയായ 'റിബല്‍'റിലീസായതും. ഒപ്പംതന്നെ 'പ്രേമലു'വും തമിഴില്‍ ഡബ്ബ് ചെയ്ത് റിലീസായി. തമിഴ്നാട്ടില്‍ നിന്നും എനിക്ക് കിട്ടിയ ഏറ്റവും വലിയ സ്വീകരണമായിട്ടാണ് ഞാനതിനെ കാണുന്നത്.

'പ്രേമലു'വിന്‍റെ വിജയത്തില്‍ നിന്നും നിങ്ങള്‍ മനസ്സിലാക്കിയതെന്താണ്?

'പ്രേമലു'വിന്‍റെ സംവിധായകന്‍ ഗിരീഷ് എ.ഡിയുടെ മുന്‍ചിത്രമായ 'സൂപ്പര്‍ ശരണ്യ'യില്‍ ഞാനും 'പ്രേമലു'വിലെ നായകന്‍ നസ്ലിനും അഭിനയിച്ചിരുന്നു. അതുകൊണ്ട് ഈ സിനിമയില്‍  ഒരു ഫാമിലിയായിട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അങ്ങനെ ഞങ്ങളുടെ കെമിസ്ട്രിയുടെ ഫലമായി പടം സൂപ്പര്‍ഹിറ്റായി.

തമിഴ് സിനിമയില്‍ അഭിനയിക്കാനുള്ള ആഗ്രഹം നേരത്തെ ഉണ്ടായിരുന്നോ?
നേരത്തെതന്നെ ഈ ആഗ്രഹം ഉണ്ടായിരുന്നു. തമിഴ്ഭാഷ എനിക്ക് വളരെയധികം ഇഷ്ടമാണ്. ഞങ്ങള്‍ കുടുംബസമേതം ഒന്നിച്ചിരുന്ന് തമിഴ് സിനിമകള്‍ കാണാറുണ്ട്. മലയാളം സിനിമകള്‍ കാണുന്നപോലെ തന്നെ തമിഴ് സിനിമകളും കാണാറുണ്ട്. നടന്മാരില്‍ സൂര്യ, വിജയ്, ധനുഷ്, അജിത് എന്നിവരേയും ഇഷ്ടംതന്നെ. നടിമാരില്‍ അസിനെ വളരെയധികം ഇഷ്ടമാണ്. മലയാളിയായ അസിനെ തമിഴ് ആരാധകര്‍ സ്വീകരിച്ച രീതി ചെറുപ്പത്തില്‍ എന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു. പിന്നെ നയന്‍താര. അവരെയൊക്കെ സ്ക്രീനില്‍ കണ്ടിട്ടാണ് ചെറുപ്പത്തില്‍ തന്നെ തമിഴ് സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രഹം ഉടലെടുത്തത്.

ആദ്യത്തെ തമിഴ് സിനിമ ചെയ്തപ്പോഴുണ്ടായ അനുഭവം?

വളരെ കംഫര്‍ട്ടായി തന്നെ ഫീല്‍ ചെയ്തു. ആ സിനിമ സംവിധായകന്‍ നിതേഷിന്‍റെ കന്നി സിനിമയായിരുന്നു. എന്നാല്‍ വളരെ എക്സ്പീരിയന്‍സുള്ള സംവിധായകനെപ്പോലെ പക്വതയോടുകൂടിയ സമീപനമായിരുന്നു അദ്ദേഹത്തിന്‍റേത്. കോളേജ് സീനുകള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഒട്ടേറെപ്പേര്‍ ഉണ്ടായിരുന്നു. എല്ലാവരേയും വളരെ കൂളായിട്ടാണ് അദ്ദേഹം ഹാന്‍റില്‍ ചെയ്തത്. റിബലില്‍ ഞാന്‍ മലയാളിപ്പെണ്ണായിട്ട് തന്നെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചത്. അതുകൊണ്ട് എനിക്ക് ഭാഷാപ്രശ്നം ഉണ്ടായില്ല. തമിഴില്‍ ഡയലോഗ് പറയുമ്പോള്‍ അവിടവിടെ മലയാള ടച്ച് വന്നാലും സാരമില്ല എന്നുപറഞ്ഞതുകൊണ്ട് നൂറ്  ശതമാനം കംഫര്‍ട്ടബിളായിരുന്നു.


LATEST VIDEOS

Interviews