NEWS

ഇത്രയും നാള്‍ അടച്ചിട്ട റൂമുകളില്‍ അവര്‍ കാട്ടിയിരുന്ന മാടമ്പിത്തരങ്ങള്‍ ഇപ്പോള്‍ മറനീക്കി പുറത്തുവരുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ടാണല്ലോ അവര്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ പോലും കൈവിട്ടുപോകുന്നത്... -Sandra Thomas

News

താരങ്ങളുടെ പ്രതിഫലം തീരുമാനിക്കേണ്ടത് അവര്‍ തന്നെയാണ്. പക്ഷേ അവര്‍ക്ക് ചെയ്യാവുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുണ്ട്. അത്തരം വിഷയങ്ങള്‍ അഡ്രസ് ചെയ്യപ്പെട്ടാല്‍ മാത്രമേ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂ. നിര്‍മ്മാതാക്കളെ ഒറ്റുന്ന ചില നിര്‍മ്മാതാക്കള്‍ ചില താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിപ്പുണ്ട്. ഇവിടെ ഗുണപരമായ മാറ്റങ്ങള്‍ പലതും സംഭവിക്കുന്നുണ്ട്. നല്ല നാളുകള്‍ വരും, നല്ല സിനിമകള്‍ സൃഷ്ടിക്കപ്പെടും. പക്ഷേ അതിനായി നാം ചില കാര്യങ്ങള്‍ കണ്ണുതുറന്നുതന്നെ കാണണം. അല്ലാതെ കണ്ണടച്ച് ഇരുട്ടാക്കുകയല്ല വേണ്ടത്- നടിയും നിര്‍മ്മാതാവുമായ സാന്ദ്രാതോമസ് തന്‍റെ നിലപാട് വ്യക്തമാക്കുന്നു. മലയാള സിനിമാമേഖല നിലവില്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും ആനുകാലിക സിനിമാ സംഭവവികാസങ്ങളെക്കുറിച്ചും 'നാന'യോട് സംസാരിക്കുകയായിരുന്നു അവര്‍

 
ഹായ് സാന്ദ്ര.. സുഖമാണോ?

അതെ. സുഖം.

കഴിഞ്ഞ കുറച്ചുനാളുകളായി സാന്ദ്രയുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് നിര്‍മ്മാണരംഗത്തുനിന്നും കേട്ടിരുന്നത്. ഇന്നത് നിര്‍മ്മാതാക്കള്‍ വേഴ്സസ് താരങ്ങള്‍ എന്ന നിലയിലേക്ക് മാറിയിരിക്കുന്നു. എന്താണ് സംഭവിക്കുന്നത്?

പ്രശ്നങ്ങള്‍ക്ക് കുറച്ച് പഴക്കമുണ്ട്. അവ ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നുമാത്രം.

ഒന്ന് ഡീറ്റെയില്‍ ചെയ്യാമോ?

കഴിഞ്ഞ 15 കൊല്ലത്തിനിടെ സിനിമയില്‍ കുറേയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ പ്രധാനം സാറ്റലൈറ്റ് റൈറ്റ്സും ഒ.ടി.ടിയുമാണ്. മുമ്പ് കയ്യില്‍ കാശുള്ളവര്‍ മാത്രമാണ് സിനിമ ചെയ്തിരുന്നത്. ഇന്നതിന്‍റെ ആവശ്യമില്ല. നന്നായി ഡീല്‍ ഉറപ്പിക്കാന്‍ കഴിവുള്ള ആര്‍ക്കും പടം ചെയ്യാം. ചാനലുകളില്‍ നിന്നുള്ള സാറ്റലൈറ്റ് റൈറ്റും ഒ.ടി.ടി കച്ചവടവുമൊക്കെ പറഞ്ഞുറപ്പിച്ചശേഷം കുറേ പണം റോള്‍ ചെയ്ത് ആര്‍ക്കും സിനിമ നിര്‍മ്മിക്കാവുന്ന കാലമാണ് ഇപ്പോഴുള്ളത്. അങ്ങനെവന്നതോടെ താരങ്ങള്‍ക്ക് നിര്‍മ്മാതാക്കള്‍ എന്നാല്‍ വെറും ക്യാഷ്യര്‍ മാത്രമായി മാറി.

ഒരു നിര്‍മ്മാതാവിനെ സമ്മര്‍ദ്ദത്തിലാക്കിയാലും നമ്മുടെ കാര്യം നടക്കണം എന്ന ചിന്തയാണ് പല താരങ്ങള്‍ക്കും. അങ്ങനെവന്നതോടെ പല നിര്‍മ്മാതാക്കള്‍ക്കും അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് മാത്രമല്ല അവഗണനയും നേരിടേണ്ടി വരുന്നു. ഇത്രയധികം കാശ് മുടക്കി പടമെടുക്കുന്ന ഒരാളോട് കാട്ടേണ്ട ഒരു സാമാന്യ മര്യാദയുണ്ടല്ലോ. അതുപോലും പലരും കാട്ടാറില്ല. നിര്‍മ്മാതാവിന് താരങ്ങളെ നാളെയും ആവശ്യമുണ്ട്. അതുകൊണ്ട് അവരെ എത്ര വെറുപ്പിച്ചാലും അവര്‍ പിന്നെയും നമ്മുടെ പിന്നാലെ വന്നുകൊള്ളും എന്ന് ചിലരൊക്കെ ചിന്തിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്.

നല്ല ചിത്രങ്ങള്‍ പലപ്പോഴും ഉണ്ടാകാതെ പോകുന്നതിന് പിന്നിലും ഈ മനോഭാവമാണോ?

ചുരുക്കം ചിലരുടെ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചുള്ള സിനിമകളാണ് പലപ്പോഴും തയ്യാറാക്കപ്പെടുന്നത്. ചില സംവിധായകര്‍ക്ക് താരങ്ങളുടെ അടുത്ത് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാന്‍ സാധിക്കണമെന്നില്ല. ചിലര്‍ക്ക് നന്നായി കഥ പറഞ്ഞ് ഫലിപ്പിക്കാനാകും. പക്ഷേ, അത് എക്സിക്യൂട്ട് ചെയ്തെടുക്കാന്‍ അവര്‍ക്കാകില്ല. അങ്ങനെവരുമ്പോള്‍ ചില ടൈറ്റ് പാറ്റേണ്‍ സിനിമകള്‍ ആവര്‍ത്തിക്കപ്പെടും. അതിന്‍റെ ദോഷവശങ്ങള്‍ അടുത്തിടെയായി നാം കാണുന്നുണ്ട്.

നിര്‍മ്മാതാക്കളും സാന്ദ്രയും തമ്മിലുള്ള പ്രശ്നം നിര്‍മ്മാതാക്കളും താരങ്ങളും എന്ന നിലയിലേക്ക് വഴിമാറുമ്പോള്‍ അത് ഇന്‍ഡസ്ട്രിക്ക് ദോഷകരമായി മാറില്ലേ?

ഞാന്‍ ഇതൊരു ഷിഫ്റ്റിന്‍റെ ഭാഗമായിട്ടാണ് കാണുന്നത്. ഒരു തരം കലങ്ങിത്തെളിയല്‍. അത് അനിവാര്യമാണുതാനും. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടൊക്കെ ഒരു നിമിത്തം മാത്രം. അതിന്‍റെ തുടര്‍ച്ചയായി സിനിമാപോളിസി വരാന്‍ പോകുന്നു. ഇതിന്‍റെയൊക്കെ ആഫ്റ്റര്‍ എഫക്ട് എന്നോണം ഗുണപരമായ മാറ്റങ്ങള്‍ ഇവിടെ സംഭവിക്കും എന്നാണ് പ്രത്യാശിക്കുന്നത്.

ഈ മാറ്റങ്ങളില്‍ പലരും അസ്വസ്ഥരാണ് എന്നുപറഞ്ഞാല്‍?

അത് സ്വാഭാവികമാണല്ലോ. ഇത്രയും നാള്‍ അടച്ചിട്ട റൂമുകളില്‍ അവര്‍ കാട്ടിയിരുന്ന മാടമ്പിത്തരങ്ങള്‍ ഇപ്പോള്‍ മറനീക്കി പുറത്തുവരുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അതുകൊണ്ടാണല്ലോ അവര്‍ നടത്തുന്ന വാര്‍ത്താസമ്മേളനങ്ങള്‍ പോലും കൈവിട്ടുപോകുന്നത്.
 


LATEST VIDEOS

Interviews