NEWS

പഴയ കൂട്ടായ്മ ഇന്നില്ല -പൊന്നമ്മ ബാബു

News

മുണ്ടക്കയം ടൗണില്‍ നിന്നും കുട്ടിക്കാനത്തേയ്ക്കുള്ള വഴിയെ കുറച്ച് മുന്നോട്ടുപോയി കഴിയുമ്പോള്‍ കെ.കെ. റോഡില്‍ നിന്നും ഒരു വഴി വലത്തേക്ക് തിരിയും. ആ വഴി വള്ളിയാങ്കല്‍ ക്ഷേത്രത്തിലേക്കുള്ളതാണ്. ഭക്തിയുടേയും ശക്തിയുടേയും കാര്യത്തില്‍ വള്ളിയാങ്കല്‍ ദേവീക്ഷേത്രം പ്രസിദ്ധമാണ്.

അധികം വീടുകളോ ആളുകളോ ഒന്നുമില്ലാത്ത വിജനമായ വഴിയിലൂടെ വേണം യാത്ര തുടരുവാന്‍. ക്ഷേത്രത്തിലേക്കുള്ള വഴിതിരിഞ്ഞ് മറ്റൊരു വഴി ചെന്നുനില്‍ക്കുന്നത് കുപ്പക്കയം ബംഗ്ലാവിലാണ്.

ഈ ബംഗ്ലാവിലാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന 'റൈഫിള്‍ ക്ലബ്ബ്' എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ദിലീഷ് പോത്തന്‍, വിനീത്കുമാര്‍, നിയാസ്, വാണി വിശ്വനാഥ്, പൊന്നമ്മ ബാബു, ഉണ്ണിമായ തുടങ്ങിയവരൊക്കെ സെറ്റിലുണ്ട്.

ഏക്കറുകണക്കിന് സ്ഥലത്താണ് ഈ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. പക്ഷേ, പ്രൗഢിയില്ലായിരുന്നു. ജരാനര ബാധിച്ച് ജീര്‍ണ്ണാവസ്ഥയിലായിരുന്ന ഈ ബംഗ്ലാവിനെ അജയന്‍ ചാലിശ്ശേരി എന്ന കലാസംവിധായകന്‍ മുഖരൂപം മാറ്റിയെടുത്തിരിക്കുന്നു. അഭിനേതാക്കള്‍ക്ക് വിശ്രമിക്കാന്‍ താല്‍ക്കാലികമായി പണിതിട്ടുള്ള ശീതീകരിച്ച മുറികളുണ്ട്. അതൊരു ആശ്വാസമാണ്. ആ മുറികളിലൊന്നില്‍, നടികളായ വാണിവിശ്വനാഥും പൊന്നമ്മ ബാബുവും ഇരിക്കുന്നു. അവരുടെ ഷോട്ടുകള്‍ ആരംഭിക്കാന്‍ പോകുന്നതേയുള്ളൂ.
 

ഒരുപാട് നാളുകള്‍ കൂടിയാണ് വാണിവിശ്വനാഥിനെ കാണുന്നത്. വിവാഹത്തിനുശേഷം വാണി മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ല എന്നുതന്നെ പറയാം. ഈയടുത്ത് മറ്റൊരു മലയാള സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അത് പൂര്‍ത്തിയായിട്ടില്ല.
 

വി.എം. വിനു സംവിധാനം ചെയ്ത 'സ്വര്‍ണ്ണകിരീടം' എന്ന സിനിമയില്‍ വാണിയുടെ അമ്മയായി അഭിനയിച്ചത് ഞാനാണെന്ന് പൊന്നമ്മ ബാബു പറയുകയുണ്ടായി. അന്നുമുതലേയുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മിലുള്ളത്. ഞാന്‍ സിനിമയിലേക്ക് വന്ന തുടക്കസമയമായിരുന്നു അത്.

ഞാനഭിനയിച്ചുതുടങ്ങി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ വി.എം വിനു എന്നോട് ചോദിച്ചു, പൊന്നമ്മയ്ക്ക് ഡ്രൈവിംഗ് അറിയാമോയെന്ന്. അന്ന് ഞാന്‍ ഡ്രൈവിംഗ് പഠിച്ചിട്ടില്ലായിരുന്നു. ഡ്രൈവിംഗ് അറിയില്ലല്ലോയെന്നുപറഞ്ഞപ്പോള്‍ വിനു പറഞ്ഞു. അയ്യോ, പൊന്നമ്മയുടെ ഒന്നുരണ്ട് നല്ല ഷോട്ടുകള്‍ നഷ്ടപ്പെട്ടുപോയല്ലോ, പൊന്നമ്മ കാറോടിച്ചുവരുന്നതും പോകുന്നതുമായ ഷോട്ടുകളുണ്ടായിരുന്നു. ആ ഷോട്ടുകള്‍ ഉപേക്ഷിച്ചുകൊണ്ടാണ് പിന്നെ സീനെടുത്തത്. ഡയറക്ടര്‍ അങ്ങനെ പറഞ്ഞപ്പോള്‍ സത്യത്തില്‍ എനിക്ക് സങ്കടം തോന്നിപ്പോയി. അന്നാണ് ഞാന്‍ ആലോചിക്കുന്നത്, സിനിമയില്‍ അഭിനയിക്കണമെങ്കില്‍ ഡ്രൈവിംഗും അറിഞ്ഞിരിക്കണമെന്ന്.

ആ സിനിമയുടെ വര്‍ക്ക് കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഡ്രൈവിംഗ് പഠിക്കുവാന്‍ തീരുമാനിച്ചു. അങ്ങനെ ഡ്രൈവിംഗും പഠിച്ചു. ലൈസന്‍സും എടുത്തു. ഡ്രൈവിംഗ് പഠിച്ചതോടെ സ്വന്തമായി കാറുമായി സഞ്ചരിക്കാന്‍ കഴിഞ്ഞു. സ്വര്‍ണ്ണകിരീടത്തില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ അങ്ങനെയൊരു ഗുണവും എനിക്കുണ്ടായി. പൊന്നമ്മ ബാബു തുടര്‍ന്നു. 

'ഞങ്ങളന്ന് ഒരുമിച്ചഭിനയിക്കുമ്പോള്‍ വാണി മാന്നാര്‍ മത്തായി സ്പീക്കിംഗ്, തക്ഷശില.. തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച് തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു. സ്വഭാവത്തില്‍ വാണിക്ക് ഒരു മാറ്റവുമില്ല. അന്നും ഇന്നും ഒരേ സ്വഭാവം. അതാണ് മലയാള സിനിമയിലെ പലര്‍ക്കും ഇല്ലാത്തത്. എനിക്കിഷ്ടമുള്ള ഒരാര്‍ട്ടിസ്റ്റുമാണ് വാണി.
 

ആഷിക് അബുവിന്‍റെ സിനിമയില്‍ മുന്‍പ് പൊന്നമ്മബാബു അഭിനയിച്ചിട്ടുണ്ടോ?
 

ഇല്ല. ഞാനാദ്യമായിട്ടാണ് ആഷിക്കിന്‍റെ ഒരു സിനിമയില്‍ അഭിനയിക്കുന്നത്. സത്യം പറഞ്ഞാല്‍ ആഷിഖ് അബുവിന്‍റെ ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ആ ആഗ്രഹം പോലെ നടന്നു. അതൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു.

റൈഫിള്‍ ക്ലബ്ബിലെ കഥാപാത്രത്തെക്കുറിച്ച്?
തൊണ്ണൂറുകളില്‍ നടക്കുന്ന ഒരു കഥയാണ്. വേഷത്തിലും സന്ദര്‍ഭങ്ങളിലുമെല്ലാം ആ കാലഘട്ടത്തെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. ശ്യാം പുഷ്ക്കരന്‍, ദിലീഷ് പോത്തന്‍ എന്നിവരും പതിവുപോലെ ആഷിഖ് അബുവിനൊപ്പമുണ്ട്.

വാണി വിശ്വനാഥുമായി കോമ്പിനേഷന്‍ രംഗങ്ങള്‍?

ഉണ്ട്, ധാരാളം. സ്വര്‍ണ്ണകിരീടം കഴിഞ്ഞ് ഞാനും വാണിയും കൂടി ഒരുമിച്ചഭിനയിച്ച മറ്റ് ചിത്രങ്ങളാണ് നഗരവധു. ബല്‍റാം v/s താരാദാസ്. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ അഭിനയമുഹൂര്‍ത്തങ്ങളാണ് ഞങ്ങള്‍ക്കുള്ളത്.

 


LATEST VIDEOS

Latest