ഞാൻ സിനിമാരംഗത്ത് എത്തുന്നതിലും മുൻപുതന്നെ 'നാന'യുടെ ഒരു പതിവുവായനക്കാരനായിരുന്നു. സിനിമയോട് ഇഷ്ടം തോന്നിത്തുടങ്ങിയ കാലത്ത് ഏതാണ്ട് എല്ലാം സിനിമകളും തന്നെ കാണുന്ന ഒരു പ്രേക്ഷകനായിരുന്നു ഞാൻ.
സിനിമ കണ്ട് പുറത്തിറങ്ങി കഴിഞ്ഞാൽ സിനിമാപ്രസിദ്ധീകരണം വാങ്ങിക്കൊണ്ടായിരിക്കും വീട്ടിലെത്തുക. അതിലൊന്ന് 'നാന'യായിരുന്നു.
സിനിമയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നവരുടെയെല്ലാം മുഖം പരിചിതമാകണമെങ്കിൽ 'നാന'യിലെ ചിത്രങ്ങളാണ് അതിന് സഹായകമാകുന്നത്. സംവിധായകൻ, സ്‌ക്രിപ്റ്റ് റൈറ്റർ, കലാസംവിധായകൻ, ഗാനരചയിതാക്കൾ... ഇങ്ങനെ തുടങ്ങി അണിയറശിൽപ്പികളെ പേരുകൊണ്ടും ഫോട്ടോ കണ്ടും പരിചയപ്പെടാൻ കഴിഞ്ഞിരുന്നത് 'നാന'യിലൂടെയായിരുന്നു.
ഞാൻ സിനിമയിലേക്ക് വരുന്നത് അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ്. സിനിമാസെറ്റിൽ 'നാന'യുടെ പ്രതിനിധികൾ വരുമ്പോൾ പരിചയപ്പെടാൻ കഴിഞ്ഞു. അവരോട് പ്രത്യേകസ്‌നേഹവും പരിഗണനയും ഉണ്ടായിരുന്നു.
സിനിമയിലേക്ക് പുതിയതായി വരുന്ന ഡയറക്ടർക്ക്, സ്‌ക്രിപ്റ്റ്‌റൈറ്റർക്ക് ആർട്ടിസ്റ്റുകൾക്ക് ഒക്കെ 'നാന'യിലൂടെ ഒരു ബൂസ്റ്റിംഗ് കിട്ടുക എന്നുപറഞ്ഞാൽ അത് വലിയ ഗുണമുള്ള കാര്യമായിരുന്നു.
ഞാനും സിബിയും കൂടി ചേർന്ന് ആദ്യമായി എഴുതിയ തിരക്കഥ ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന സിനിമയായിരുന്നു. ആ സിനിമ റിലീസായപ്പോൾ ഞങ്ങൾ കൊല്ലത്ത് ഓഫീസിൽ വന്നിരുന്നു.
ഞങ്ങളുടെ അടുത്ത ചിത്രം മാട്ടുപ്പെട്ടി മച്ചാൻ. ആ സിനിമ റിലീസായപ്പോൾ 'മാട്ടുപ്പെട്ടിമച്ചാൻ ഹിറ്റ്' എന്ന് ടൈറ്റിൽ കൊടുത്ത് വലിയ പ്രാധാന്യത്തോടെ ഒരു മാറ്റർ വന്നത് ഞാനോർക്കുന്നു. ഒരു തിരക്കഥാകൃത്തെന്ന നിലയിൽ ആ വാർത്തയൊക്കെ അങ്ങനെവന്നത് എന്റെ കരിയറിന് വളരെയധികം ഗുണം ചെയ്തിട്ടുണ്ടെന്നുള്ള കാര്യം പറയാതിരിക്കാൻ കഴിയില്ല.
ഇന്ന് മലയാള സിനിമയിൽ പ്രതിഭാശാലികളായി നിൽക്കുന്ന ഒട്ടുമിക്ക സിനിമാപ്രവർത്തകരെയും വളർത്താനും അവരെ ഉയരങ്ങളിലേക്ക് ഉയർത്തിക്കൊണ്ടുവരാനും 'നാന' പങ്കുവഹിച്ചിട്ടുണ്ടെന്നുള്ള കാര്യം ഒരു യാഥാർത്ഥ്യം തന്നെയാണ്.