NEWS

'വാഴൈ'യിലെ പൂങ്കൊടി എന്ന ടീച്ചര്‍കഥാപാത്രം തമിഴകമൊന്നാകെ ഹൃദയത്തിലേറ്റി. ആ ചാരിതാര്‍ത്ഥ്യത്തിലാണ് നിഖില...

News

2016 ല്‍ 'വെട്രിവേല്‍', 'കിടാരി' എന്നിങ്ങനെ രണ്ട് സിനിമകളിലൂടെ തമിഴ് സിനിമയിലേക്ക് ചുവടെടുത്ത് വെച്ച നിഖിലയ്ക്ക് പിന്നീട് തമിഴ് സിനിമ ചുവന്ന പരവതാനി വിരിച്ചു. പിന്നീട് കാര്‍ത്തിയ്ക്കൊപ്പം 'തമ്പി', അശോക് സെല്‍വനൊപ്പം 'പോര്‍തൊഴില്‍' എന്നീ ഹിറ്റ് സിനിമകള്‍. ഏറ്റവും ഒടുവിലായി അഭിനയിച്ച 'വാഴൈ' എന്ന സിനിമയും അതിലെ നിഖിലയുടെ അഭിനയവും പ്രേക്ഷകരുടെ മാത്രമല്ല നിരൂപകരുടേയും മുക്തകണ്ഠമായ പ്രശംസ നേടി എന്നത് ശ്രദ്ധേയം. 'വാഴൈ'യിലെ പൂങ്കൊടി എന്ന ടീച്ചര്‍കഥാപാത്രം തമിഴകമൊന്നാകെ ഹൃദയത്തിലേറ്റി. ആ ചാരിതാര്‍ത്ഥ്യത്തിലാണ് നിഖില. അടുത്തിടെ നിഖിലയുമായി നടത്തിയ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍....

തമിഴില്‍ അഭിനയിച്ച വാഴൈയും അതിലെ നിഖിലയുടെ പൂങ്കൊടി എന്ന ടീച്ചര്‍കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടുവല്ലോ. ആ സിനിമ നല്‍കിയ എക്സ്പീരിയെന്‍സ് എന്താണ്?

ഇതുവരെ ഞാന്‍ അഭിനയിച്ച സിനിമകളില്‍ നിന്നും ആ കഥാപാത്രംവളരെ വ്യത്യസ്തമായതായി അനുഭവപ്പെട്ടു. അതുപോലെ ഈ പാറ്റേണില്‍ ഞാനൊരു സിനിമ ഇതുവരെ ചെയ്തിട്ടില്ല. തമിഴിലും മലയാളത്തിലുമായി ഞാന്‍ ഏതാണ്ട് ഇരുപത്തിയഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സാധാരണയായി ചില ഇമോഷണലുകള്‍ക്ക് നമ്മുടെ പക്കല്‍ ചില റിയാക്ഷനുകളുണ്ടാവും. എന്നാല്‍ 'വാഴൈ'യുടെ സംവിധായകന്‍ മാരി സെല്‍വരാജ് സാര്‍ ഒരു റിയാക്ഷനും പാടില്ല എന്നുപറഞ്ഞു. അത് എനിക്ക് പുതിയ അനുഭവമായിരുന്നു.

അദ്ദേഹം പറയുന്നപോലെ അഭിനയിക്കാന്‍ ചില എഫര്‍ട്ട് വേണ്ടിവന്നു. ഇത്രമാത്രം സിനിമ ജനങ്ങള്‍ക്ക് റിലേറ്റ് ആവും എന്ന് കരുതിയതേയില്ല. എല്ലായിടത്തുനിന്നും കിട്ടിയ നല്ല പ്രതികരണം കാണുമ്പോള്‍ ഞങ്ങളും ഞങ്ങളുടെ ജോലി ആത്മാര്‍ത്ഥതയോടെ ചെയ്തു എന്ന സന്തോഷം. പടത്തിലാകമാനം ഒരു ചെറിയ പോര്‍ഷന്‍ മാത്രമേ ജോളിയായിട്ടുണ്ടാവൂ. പൂങ്കൊടി ടീച്ചറായി എന്നെ ഹൃദയപൂര്‍വ്വം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. പൂങ്കൊടി ടീച്ചര്‍ കുറെക്കാലം പ്രേക്ഷകരുടെ മനസ്സില്‍ ജീവിക്കും.

നിങ്ങള്‍ തമിഴ് നന്നായി സംസാരിക്കുന്നുവെന്ന് പറഞ്ഞുകേട്ടല്ലോ?

സംസാരിക്കുക മാത്രമല്ല. സ്ക്രിപ്റ്റും തമിഴില്‍ തന്നെയാണ് വായിക്കുന്നതും. ആദ്യം തമിഴ് സിനിമകള്‍ ചെയ്യുമ്പോള്‍ തമിഴ്ഭാഷ നല്ല വശമില്ലായിരുന്നു. അതുകൊണ്ട് എന്‍റെ ഡയലോഗുകള്‍ എല്ലാം മലയാളത്തില്‍ പരിഭാഷ ചെയ്ത് തരുമായിരുന്നു. എന്നാല്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ഈ ഡയലോഗുകളില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടാവും. അതൊക്കെ വീണ്ടും പഠിച്ച് ഷോട്ടിന് പോകുമ്പോഴേയ്ക്കും ഒരു പരുവമാകും. പലപ്പോഴും കരഞ്ഞുകൊണ്ട് ഡയലോഗ് വായിച്ചിട്ടുണ്ട്. തമിഴ് പഠിച്ചാല്‍ ഈ പ്രശ്നമുണ്ടാവില്ലല്ലോ? അതുകൊണ്ട് തമിഴ് പഠിക്കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ ഡയലോഗ് പറയുക മാത്രമല്ല. സ്ക്രിപ്റ്റ് വായിക്കുന്നതും തമിഴില്‍ തന്നെയാണ്. എങ്കിലും ചില വാക്കുകള്‍ മനസ്സിലായെന്ന് വരില്ല. ആ സമയത്ത് മാത്രം അര്‍ത്ഥം ചോദിച്ച് മനസ്സിലാക്കും.

നിഖില ഭക്ഷണപ്രിയയാണെന്ന് കേട്ടു. ഷൂട്ടിംഗിന് പോകുന്ന സ്ഥലത്തൊക്കെ നല്ല ഭക്ഷണം കിട്ടാനെന്ത് ചെയ്യും..?

ശരിയാണ് ഞാന്‍ ഭക്ഷണപ്രിയ തന്നെയാണ്. ഷൂട്ടിംഗിന് പോകുന്ന സ്ഥലങ്ങളില്‍ അവിടുത്തെ സ്പെഷ്യല്‍ എന്താണോ അത് അന്വേഷിച്ച് ചെന്ന് വാങ്ങി ഭക്ഷിക്കും. 'വാഴൈ'യുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ സെറ്റില്‍ തിരുനെല്‍വേലി ഹല്‍വ വാങ്ങിച്ചുതിന്നു. അതിന്‍റെ രുചി പറഞ്ഞറിയിക്ക വയ്യ. ഞാനും അത് പാക്കറ്റ് കണക്കിന് വാങ്ങിച്ച് വീട്ടിലുള്ളവര്‍ക്കും, അയല്‍പക്കക്കാര്‍ക്കും ഫ്രണ്ട്സിനുമൊക്കെ കൊടുത്തു. ഞാന്‍ കാശിയില്‍ ഷൂട്ടിംഗ് നടക്കുമ്പോള്‍ അവിടുത്തെ ഒരു ഹോട്ടലിലെ സ്പെഷ്യല്‍ പൊറോട്ടയും മട്ടന്‍ ചോപ്സുമായിരുന്നു. രുചികരമായിരുന്നു അത്. അവിടേയും ഇടയ്ക്കിടയ്ക്ക് പോയി കഴിക്കുമായിരുന്നു. ചെന്നൈയിലും എനിക്ക് ഇഷ്ടപ്പെട്ട നാലഞ്ച് റെസ്റ്റോറന്‍റുകളുണ്ട്. അവിടെ പോയി ഭക്ഷണം കഴിക്കുന്നതും പതിവാണ്.

തമിഴില്‍ ഏതൊക്കെ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാനാണ് ആഗ്രഹം..?

ഒട്ടേറെ സംവിധായകരുടെ പട്ടികയുണ്ട്. തമിഴില്‍ ഞാന്‍ കുറച്ച് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. മണിരത്നം സാര്‍, രാജുമുരുകന്‍ സാര്‍, മിഷ്കിന്‍ സാര്‍, നലന്‍കുമാരസ്വാമി സാര്‍, പാ. രഞ്ജിത് സാര്‍, കാര്‍ത്തിക് സുബ്ബുരാജ് സാര്‍ എന്നിങ്ങനെ ലിസ്റ്റ് നീളും. എല്ലാവര്‍ക്കൊപ്പവും ജോലി ചെയ്യണം എന്നാണ് ആഗ്രഹം.
 


LATEST VIDEOS

Interviews