'പരുത്തിവീരൻ' എന്ന സൂപ്പർഹിറ്റ് ചിത്രം മുഖേന തമിഴ് സിനിമയിൽ ഹീറോയായി പ്രവേശിച്ച താരമാണ് കാർത്തി. ഈ ചിത്രത്തിന് ശേഷം ഒരുപാട് ഹിറ്റ് ചിത്രങ്ങൾ നൽകിയ കാർത്തിയുടെ 25-മത്തെ ചിത്രമാണ് 'ജപ്പാൻ'. സൂപ്പർഹിറ്റായ 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷം കാർത്തി അഭിനയിച്ചു പുറത്തുവരാനിരിക്കുന്ന 'ജപ്പാൻ' സംവിധാനം ചെയ്യുന്നത് സെൻസേഷണൽ ചിത്രങ്ങളായ 'കുക്കൂ', 'ജോക്കർ', 'ജിപ്സി' തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത രാജു മുരുഗനാണ്. നായകിയായി അഭിനയിക്കുന്നത് മലയാളിയായ അനു ഇമ്മാനുവേൽ ആണ്. 'ജപ്പാൻ' ദീപാവലിക്കു റിലീസാകും എന്ന് പ്രഖ്യാപനം ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഇന്നലെ ചിത്രത്തിന്റെ ടീസർ പുറത്തുവരികയും അത് വൈറലായി കൊണ്ടിരിക്കുകയുമാണ്. ദീപാവലി ദിനത്തിൽ തന്റെ 25-മത്തെ ചിത്രം റിലീസ് ചെയ്യുന്നത് ആഘോഷമാക്കാൻ കാർത്തി 25,000 പേർക്ക് അന്നദാനം ചെയ്യുവാൻ തീരുമാനിച്ചിട്ടുണ്ട്. കാർത്തിയുടെ നിർദേശപ്രകാരം ഒരു ദിവസം 25,000 പേർക്ക് ഭക്ഷണം നൽകുന്നതിന് പകരം 25 ദിവസം തുടർച്ചയായി 1,000 പേർക്ക് വീതം ഭക്ഷണം നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. കാർത്തി ഇതിന് മുൻപും തന്റെ ആരാധക സംഘടന മുഖേന നിറയെ കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട് എന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്.