NEWS

The Star Maker -Brinda Master

News

നൃത്തസംവിധായിക ബൃന്ദയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. തമിഴിലും മലയാളത്തിലും മാത്രമല്ല ബോളിവുഡിലും പ്രതിഭ തെളിയിച്ച നൃത്ത സംവിധായികയാണവര്‍. സൂപ്പര്‍താരങ്ങള്‍ മുതല്‍ പുതുമുഖങ്ങളായി എത്തി മുന്‍നിരയില്‍ എത്തിയ താരങ്ങള്‍ക്കുവരെ നൃത്തച്ചുവടുകള്‍ ചൊല്ലിക്കൊടുത്ത ബൃന്ദയെ ഒരു 'സ്റ്റാര്‍ മേക്കര്‍' എന്നുതന്നെ വിശേഷിപ്പിക്കാം. തന്‍റെ കലാജീവിതപ്രയാണത്തെക്കുറിച്ചും, സ്വകാര്യ ജീവിതത്തെക്കുറിച്ചും പങ്കുവയ്ക്കുകയാണിവിടെ...

സിനിമയില്‍ നൃത്തച്ചുവടുകള്‍ പറഞ്ഞുകൊടുത്തുകൊണ്ടുള്ള ഈ നൃത്തപ്രയാണത്തെക്കുറിച്ച് എന്തുതോന്നുന്നു...?

ബൃന്ദ: സന്തോഷകരമായ അനുഭവങ്ങള്‍, മുഹൂര്‍ത്തങ്ങള്‍, വൈകാരികമായ തരുണങ്ങള്‍, ആശ്ചര്യപ്പെടുത്തുന്ന മനുഷ്യര്‍ എന്നിങ്ങനെ ഈ സിനിമാനൃത്ത പ്രയാണ ജീവിതം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

ഐതിഹാസിക സിനിമയായ 'പൊന്നിയിന്‍ സെല്‍വ'നില്‍ കോറിയോഗ്രാഫി ചെയ്തപ്പോള്‍ എന്തായിരുന്നു ഫീല്‍...?

ബൃന്ദ: അമ്പതുശതമാനം അവിശ്വസനീയത, അമ്പതുശതമാനം ഭയം എന്ന മാനസികാവസ്ഥയായിരുന്നു. കാരണം മണിരത്നം സാറിന്‍റെ സംവിധാനത്തില്‍ അതും പൊന്നിയിന്‍ സെല്‍വനില്‍ അവസരം കിട്ടിയത്. ഭയത്തിന് കാരണം തമിഴന്‍റെ ജീവിതവുമായി ലയിച്ചുകിട്ടുന്ന പൊന്നിയിന്‍ സെല്‍വനില്‍ നല്ല രീതിയില്‍ നൃത്തങ്ങള്‍ സ്ക്രീനില്‍ കൊണ്ടുവരണം എന്നതായിരുന്നു. 

ഇതുവരെ നൃത്തസംവിധാനം ചെയ്തതില്‍ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ...?

ബൃന്ദ: ഞാന്‍ നൃത്തസംവിധാനം ചെയ്ത എല്ലാ സിനിമകളും എനിക്ക് ഇഷ്ടപ്പെട്ടവയാണ്. എന്‍റെ രണ്ടാമത്തെ സിനിമയായ 'ഉള്ളത്തൈ അള്ളിതാ' സിനിമയിലെ 'അഴകിയ ലൈലാ' ഗാനരംഗത്തില്‍ രംഭയുടെ നൃത്തം പാശ്ചാത്യശൈലിയില്‍ വ്യത്യസ്തമായിരുന്നു. ഇതിന് ഐഡിയ തന്നത് സംവിധായകര്‍ സുന്ദര്‍ സിയാണ്. എനിക്കിഷ്ടപ്പെട്ട ഞാന്‍ നൃത്തസംവിധാനം ചെയ്തതില്‍ ഇഷ്ടപ്പെട്ടവയില്‍ ഒന്നാണത്. അതുപോലെ 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' എന്ന സിനിമയും.

നിങ്ങള്‍ ഏഴ് പെണ്‍മക്കളാണല്ലോ. ഒരു സഹോദരന്‍ ഇല്ലാ എന്ന ദുഃഖം എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?

ബൃന്ദ: എന്‍റെ അച്ഛനും അമ്മയും ഒരിക്കലും അതിനെക്കുറിച്ച് ചിന്തിച്ച് ദുഃഖിച്ചിട്ടില്ല. ഞങ്ങളോട് തളരുത്, ആണുങ്ങളെപ്പോലെയാവണം. രാത്രി പന്ത്രണ്ട്, ഒരു മണിയായാലും ധൈര്യമായി വീട്ടില്‍ വരാന്‍ പഠിക്കണം എന്നുപറഞ്ഞാണ് ഞങ്ങളെ അമ്മ വളര്‍ത്തിയത്.

അമ്മയെക്കുറിച്ച് പറയുമ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്നത്..?

ബൃന്ദ: അമ്മയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നത് അവരുടെ ആത്മവിശ്വാസമാണ്. തന്‍റെ മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കണം എന്ന പ്രേരണ. ഏഴ് പെണ്‍മക്കളേയും വളര്‍ത്താന്‍ അവരുടെ യൗവ്വനകാലത്തുതന്നെ ചെന്നൈയില്‍വന്ന്, ഞങ്ങളുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരുവാനായി അവര്‍ യത്നിച്ചു, അദ്ധ്വാനിച്ചു.

ചേച്ചിമാരില്‍ ഇഷ്ടപ്പെട്ട വിഷയം..?

ബൃന്ദ: കുറെയുണ്ട്. എടുത്തുപറയണമെങ്കില്‍ കല ച്ചേച്ചിക്ക് മറ്റുള്ളവരെ സഹായിക്കണം എന്ന സ്വഭാവഗുണമുണ്ട്. സിനിമയിലുള്ളവര്‍ക്ക് ചേച്ചി ധാരാളം അവസരങ്ങള്‍ സൃഷ്ടിച്ചുകൊടുത്തിട്ടുണ്ട്. തന്നാല്‍ കഴിയുന്ന സാമ്പത്തിക സഹായങ്ങളും ചെയ്തുകൊടുത്തിട്ടുണ്ട്. മറ്റൊരു ചേച്ചിയുടെ പേര് നിമ്മി എന്നാണ്. നിമ്മി ച്ചേച്ചിയെ ഞങ്ങള്‍ മദര്‍ തെരേസാ എന്നാണ് വിളിക്കുക. അത്രത്തോളം സ്വാര്‍ത്ഥതയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്ന മനസ്സാണ് അവരുടേത്.

നൃത്ത സംവിധാനസഹായിയായി പ്രവര്‍ത്തിച്ച വേളയില്‍ ശകാരങ്ങള്‍ വാങ്ങിച്ചിട്ടുണ്ടോ..?

ബൃന്ദ: ഞാന്‍ രഘു മാസ്റ്ററുടെ(നൃത്ത സംവിധായകന്‍) സഹായിയായിരുന്നപ്പോള്‍ വഴക്കുകേട്ട അനുഭവമുണ്ട്. അതൊക്കെ ശകാരമായി കരുതിയില്ല. എന്നെ മോള്‍ഡ് ചെയ്യുന്നതായിട്ടാണ് ഞാന്‍ കരുതിയത്. കല്ലിനെ പളുങ്കാക്കുന്ന പ്രക്രിയയായിരുന്നു ആ ശകാരങ്ങളൊക്കെ. എന്‍റെ തെറ്റുകളെ തിരുത്തിത്തരികയായിരുന്നു. അതൊക്കെ എന്നെ പക്വമതിയും അനുഭവ സമ്പന്നയുമാക്കി. അന്ന്  വഴക്കുപറഞ്ഞതൊക്കെ പോസിറ്റീവായിട്ട് എടുത്തു.

സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ബിഹൈന്‍ഡ് ദി സ്ക്രീനില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹമായ ബഹുമാനം കിട്ടുന്നുണ്ടോ...?

ബൃന്ദ: തീര്‍ച്ചയായിട്ടും കിട്ടുന്നുണ്ട്. വിദ്യാസമ്പന്നരായ ധാരാളം പെണ്‍കുട്ടികള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. സിനിമയെക്കുറിച്ചുള്ള സ്ത്രീകളുടെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുന്നു. ഞങ്ങളുടെ നൃത്തരംഗത്ത് ധാരാളം പുരുഷന്മാരും സ്ത്രീകളും ജോലി ചെയ്യുന്നുണ്ട്. തോളില്‍ കയ്യിട്ട് സംസാരിച്ചാല്‍ പോലും മനസ്സില്‍ തെറ്റായ ഒരു ചിന്തയും ഉണ്ടായിരിക്കയില്ല. എവിടെയോ ദൂരദേശത്ത് മാസങ്ങളോളം ഷൂട്ടിങ്ങില്‍ പങ്കെടുത്താലും, കുടുംബത്തെ കാണാന്‍ വാത്സല്യത്തോടെ വരുന്ന ആ അനുഭൂതിയെ വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല. എല്ലാവരും ഒരു കുടുംബമാണ്. നിങ്ങളെപ്പോലെ ഞങ്ങള്‍ക്കും സ്നേഹവും വികാരങ്ങളുമുണ്ട്. ഞങ്ങള്‍ സിനിമാക്കാര്‍ ആണ്‍പെണ്‍ ഭേദമില്ലാത്ത ഒരു കുടുംബമാണ്. അതുകൊണ്ട് പരസ്പര ബഹുമാനവും മറ്റുള്ളവരില്‍ നിന്നുള്ള ബഹുമാനവും കെയറിംഗും സ്ത്രീകള്‍ക്ക് സിനിമയില്‍ കിട്ടുന്നുണ്ട്.

ബൃന്ദയുടെ കുടുംബത്തെക്കുറിച്ച്..?

ബൃന്ദ: ഭര്‍ത്താവ് പ്രാണേശ്വര്‍. അദ്ദേഹം നടന്‍ ജയറാം സാറിന്‍റെ ബന്ധുവാണ്. ആദവ്- മാധവ് എന്നീ രണ്ട് ആണ്‍കുട്ടികള്‍ ട്വിന്‍സാണ്. ആദവ് അച്ഛനെപ്പോലെ ശാന്തസ്വഭാവക്കാരനാണ്. മാധവ് നേരെ വിരുദ്ധമാണ്. കുറച്ച് കുസൃതിയാണ്. രണ്ടുപേര്‍ക്കും കമ്പ്യൂട്ടറിലാണ് കൂടുതല്‍ താല്‍പ്പര്യം. പത്തുപതിനഞ്ച് വയസല്ലേ ആയിട്ടുള്ളൂ. ഈ പ്രായത്തില്‍ അവരുടെ പ്രൊഫഷന്‍ തിരഞ്ഞെടുക്കാന്‍ അവര്‍ക്കാവില്ലല്ലോ. അതുകൊണ്ട് അവര്‍ സിനിമാരംഗത്തേയ്ക്ക് വരുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല.

 


LATEST VIDEOS

Interviews