NEWS

'നോണ്‍സെന്‍സിനുശേഷം ഇനി എനിക്ക് ഒരിക്കലും മലയാള സിനിമ ചെയ്യാന്‍ സാധിക്കില്ല' എന്നുപറഞ്ഞ പല ആളുകള്‍ക്കും ഉള്ള എന്‍റെ മറുപടി ആയിരുന്നു സൂക്ഷ്മദര്‍ശിനിയുടെ വിജയം... -M C Jithin

News

തൊരു സാധാരണക്കാരനും സിനിമയോട് ഉണ്ടാകുന്ന ഒരു ഇഷ്ടം എന്‍റെ മനസ്സിലും ഉണ്ടായിരുന്നു. 6-ാം ക്ലാസ്സ് മുതല്‍ ബോര്‍ഡിംഗ് സ്ക്കൂളില്‍ ആണ് പഠിച്ചത്. ആ കാലയളവില്‍ സിനിമ കാണുക എന്നത് സാധ്യമായ ഒന്നല്ലാത്തതുകൊണ്ടുതന്നെ സിനിമയോടുള്ള എന്‍റെ അഭിനിവേശം വല്ലാതെ കൂടി. ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസം വീടിനടുത്തുള്ള സ്ക്കൂളിലായിരുന്നു. അപ്പോള്‍ സിനിമ കാണുക എന്നത് പതിവായി. സ്ക്കൂള്‍ യൂണിഫോം ഇട്ട് സിനിമ കാണാന്‍ കൊട്ടകയില്‍ പോകുന്നത് അത്ര സേഫ് അല്ലാത്തതുകൊണ്ട്, ബുധനാഴ്ചകളില്‍ കളര്‍ ഡ്രസ്സ് ഇട്ട് സ്ക്കൂള്‍ കട്ട് ചെയ്താക്കി സിനിമ കാഴ്ചകള്‍. 

കുറച്ചുകൂടി വലുതായപ്പോള്‍, അടുത്തുള്ള സിഡി കടയില്‍ സിഡി റൈറ്റ് ചെയ്തുകൊടുക്കാന്‍ പോയി ഇരിക്കും. പോക്കറ്റ് മണിയും ലഭിക്കും. റൈറ്റ് ചെയ്യുന്നതിനിടയില്‍ സിനിമ ഫ്രീയായി കാണുകയും ചെയ്യാം.. കുട്ടിക്കാലത്തെ ഈ ഓര്‍മ്മകള്‍ തന്നെയാണ് എന്‍റെയുള്ളില്‍ സിനിമ  എന്നൊരു സ്വപ്നം നെയ്തെടുത്തത്. ആഗ്രഹം ശക്തമാണെന്ന് തിരിച്ചറിഞ്ഞതോടെ ഞാന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠിക്കാന്‍ ചേര്‍ന്നു. എബ്രിഡ്ഷൈന്‍ എന്ന സംവിധായകന്‍റെ അസിസ്റ്റന്‍റ് ആയി പ്രവര്‍ത്തിച്ചു. നിരവധി മീഡിയ സ്ക്കൂളുകളില്‍ ഗസ്റ്റ് അദ്ധ്യാപകന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നോണ്‍സെന്‍സ് എന്ന ആദ്യ സിനിമ ഒരു പാഠപുസ്തകം ആയിരുന്നു

സ്ക്കൂള്‍ കാലഘട്ടത്തിലെയും, ബോര്‍ഡിംഗ് സ്ക്കൂള്‍ സമയങ്ങളിലെയും ട്രോമകള്‍ ഒരുപാട് ഉള്ളില്‍ കൊണ്ടുനടന്നിരുന്ന ഒരു വ്യക്തിയാണ് ഞാന്‍. ആ ട്രോമകള്‍ എവിടെയെങ്കിലും അഡ്രസ്സ് ചെയ്യപ്പെടണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കെ നോട്ട്ബുക്ക് എന്ന സിനിമ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ആ സ്വാധീനത്തില്‍ നിന്നാണ് എന്‍റെ ചില സ്ക്കൂള്‍ കോളേജ് അനുഭവങ്ങള്‍ വെച്ച്, നോണ്‍സെന്‍സ് എന്നൊരു സിനിമ ഞാന്‍ നെയ്തെടുക്കുന്നത്. ഇതുവരെ ഉള്ള ട്രെന്‍ഡ് നോക്കിയാല്‍, ടീനേജ് സിനിമകള്‍ക്ക് വലിയ ഫാന്‍ ബേസ് ഇല്ല, അത്തരം സിനിമ വേണ്ട എന്ന മട്ടില്‍ പലരും എന്നോട് സംസാരിച്ചിരുന്നെങ്കിലും എനിക്ക് നോണ്‍സെന്‍സ് വലിയ പ്രതീക്ഷ തന്നെ ആയിരുന്നു.

തിയേറ്ററിനുപരി ഒടിടിയില്‍ നോണ്‍സെന്‍സ് സിനിമയ്ക്ക് ഒരുപാട് പ്രേക്ഷകരെ ലഭിച്ചു. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുമ്പോള്‍ തന്നെ, ആ സിനിമയുടെ നിയോഗം എന്തെന്ന് എനിക്ക് ധാരണയുണ്ടായിരുന്നു. നിലവില്‍ തിരിഞ്ഞുനോക്കുമ്പോള്‍ കുറച്ചുകൂടി പ്രാക്ടിക്കല്‍ ആകാമായിരുന്നു എനിക്ക് എന്ന് തോന്നിയിട്ടുണ്ട്. സിനിമയ്ക്ക് ഒരുപാട് പ്രൊഡക്ഷന്‍ ഇഷ്യൂസ് ഒക്കെയുണ്ടായിരുന്നു. ഉള്ളിലെ വാശി പുറത്തുചെയ്ത ആ സിനിമ എന്നെക്കാള്‍, അതില്‍ അഭിനയിച്ചവര്‍ക്കും മറ്റും നഷ്ടങ്ങള്‍ ഉണ്ടാക്കി എന്നത് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്. അവര്‍ക്ക് ആഗ്രഹം ഉണ്ടെങ്കില്‍, മുന്നോട്ടുള്ള പ്രോജക്ടില്‍ ഭാഗം ആക്കണം എന്ന് ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. തന്‍റെ സിനിമയുടെ പോരായ്മകള്‍ തിരിച്ചറിയുന്നിടത്ത് നിന്നാണ് ഒരു സംവിധായകന്‍ ജനിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് ആദ്യസിനിമ എനിക്ക് വലിയ പഠനം ആണ്.

നോണ്‍സ്സെന്‍സ് മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ ലഭിച്ചില്ലെങ്കിലും ഇതിനിടയില്‍ അന്യഭാഷയിലേക്ക് അത് റീമേക്ക് ചെയ്യാനുള്ള അവസരം പലതവണ എന്നെത്തേടി വന്നിരുന്നു എന്നത് എന്നെ സന്തോഷിപ്പിച്ചിട്ടുണ്ട്. തെലുങ്കില്‍ നിന്നും മറ്റും പല വലിയ അവസരങ്ങളും എനിക്ക് നോണ്‍സെന്‍സ് കൊണ്ടുവന്നിട്ടുണ്ട്.

വീഴ്ചകളില്‍നിന്ന് വിജയത്തിലേക്ക്....

നോണ്‍സെന്‍സില്‍ ഒരു പുതുമുഖ സംവിധായകന്‍ എന്ന നിലയില്‍ അനുഭവിക്കാവുന്ന ഒരുപാട് പ്രശ്നങ്ങള്‍ എനിക്ക്  അതിജീവിക്കേണ്ടിവന്നിട്ടുണ്ട്. ആളുകളെയും അവസരങ്ങളെയും ഞാന്‍ നന്നായി മനസ്സിലാക്കാന്‍ പഠിച്ചു. പ്രൊഡക്ഷന്‍ പ്രശ്നങ്ങളിലൂടെ കടന്നുപോയപ്പോള്‍, അത്തരം കാര്യങ്ങള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പഠിച്ചു. പ്രോജക്ട് ഡിസൈനിംഗ് എന്ന ആംഗിളില്‍ ഞാന്‍ ചിന്തിച്ചുതുടങ്ങി. നോണ്‍സെന്‍സില്‍ ലോങ്ങ് റോഡ് ഷൂട്ട്സ് ഉണ്ടായിരുന്നു. അതിന് ഒരുപാട് എഫര്‍ട്ടും ചെലവും ഉണ്ടായിരുന്നു. ഇനി അത്തരം പരിപാടികള്‍ വേണ്ട എന്ന് ഉറപ്പിച്ചതോടെ, ഒരു ലൊക്കേഷനില്‍ നടക്കുന്ന കഥ ചിന്തിക്കാന്‍ തുടങ്ങി. അവിടെ സൂക്ഷ്മദര്‍ശിനിയുടെ വിപ്ലവം ആരംഭിച്ചു. പിന്നീട് ഉള്ളില്‍ തീ ആയിരുന്നു. എങ്ങനെയും ഇന്‍ഡസ്ട്രിയില്‍ എഴുന്നേറ്റ് എനിക്ക് നില്‍ക്കണം. നോണ്‍സെന്‍സില്‍ ഉണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചു ഒരു പ്രോജക്ട് ചെയ്യണം. വളരെ കമര്‍ഷ്യല്‍ ആയ ഒരു സിനിമ ഹിറ്റ് അടിക്കണം എന്ന ചിന്ത ഉള്ളില്‍ ഉണ്ടായി. അങ്ങനെ സൂക്ഷ്മദര്‍ശിനി ജനിച്ചു.

സൂക്ഷ്മദര്‍ശിനി എന്ന ഹിറ്റ്

മേല്‍പ്പറഞ്ഞ എല്ലാ കാരണങ്ങളും വാശിയും ആണ് സൂക്ഷ്മദര്‍ശിനിയുടെ ആധാരം. കമര്‍ഷ്യല്‍പടം എന്ന ചിന്ത നസ്രിയയിലേക്കും ബേസിലിലേക്കും കഥയിലേക്കും എന്നെ നയിച്ചു. ഒറ്റ ലൊക്കേഷന്‍ എന്ന ചിന്ത എന്നെ സൂക്ഷ്മദര്‍ശിനിയില്‍ നിങ്ങള്‍ കണ്ട ഒരുപാട് വീടുകള്‍ ഉള്ള ആ ഇടത്തിലേക്ക് എന്നെ എത്തിച്ചു. ഒരു ഫീമെയില്‍ ഡിറ്റക്ടീവ്... തന്‍റെ വീടിനടുത്തു നടന്ന ഒരു സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നു. ഇതില്‍ നസ്രിയ ചെയ്ത പ്രിയ എന്ന കഥാപാത്രത്തിന് എന്‍റെ അമ്മയോട് ഒരുപാട് സാമ്യമുണ്ട്. വീട്ടില്‍ പാല്‍ തിളച്ചുപോയി.

അത് മറ്റാരും അറിയാതെ മുഴുവന്‍ തെളിവുകള്‍ നശിപ്പിച്ചാലും അമ്മ അത് കണ്ടുപിടിക്കും. എന്തെങ്കിലും ഒന്ന് വീട്ടില്‍ ആരെങ്കിലും എടുത്താല്‍, അത് എളുപ്പം അമ്മ മനസ്സിലാക്കും. അമ്മയുടെ ഈ അസാമാന്യമായ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.ഞാന്‍ ഈ കാര്യം പലരോടും ചര്‍ച്ച ചെയ്തതില്‍ നിന്ന് എനിക്ക് മനസ്സിലായത്, പൊതുവേ സ്ത്രീകള്‍ക്ക് അത്തരം ഒരു മൈന്‍ഡ് ഉണ്ടെന്നാണ്. അത്തരം അറിവുകള്‍ക്ക് വേണ്ടി ഞാന്‍ പല പ്രഗത്ഭരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അങ്ങനെ എനിക്ക് പ്രിയയെ ലഭിച്ചു.

ഫീമെയില്‍ ചിന്തയിലൂടെ കഥ പറയുന്നത് കൊണ്ടുതന്നെ ആ ചിന്തയിലുള്ള കാരണം തന്നെ, അല്ലെങ്കില്‍ അത്തരം ഓഡിയന്‍സിനെ കണ്‍വിന്‍സ് ചെയ്യുന്ന ഒരു റീസണ്‍ സിനിമയ്ക്ക് വേണം എന്ന ആഗ്രഹത്തിലാണ് ഹോമോ സെക്ഷ്വാലിറ്റി എന്നത് കഥയില്‍ ഉള്‍പ്പെടുത്തുന്നത്. ഒരുപരിധിവരെ ആദ്യകാലങ്ങളില്‍ പല പ്രൊഡക്ഷന്‍ ആളുകളും, സൂക്ഷ്മദര്‍ശിനി വേണ്ട എന്നുവെച്ചതിന് പിന്നില്‍ ഈ പൊളിറ്റിക്സ് എങ്ങനെ പ്രതിഫലിക്കും എന്ന പേടികൊണ്ടായിരുന്നു. എന്നാല്‍ സമീര്‍ താഹിര്‍ എന്ന വ്യക്തി കഥ കേട്ടതോടെ വലിയ മാറ്റങ്ങള്‍ ഒന്നും പറയാതെ അത് സ്വീകരിച്ചു. എന്നെ വിശ്വസിച്ചു. അവിടെ ആണ് സൂക്ഷ്മദര്‍ശിനിയുടെയും എന്‍റെയും തലവര മാറുന്നത്.

'നോണ്‍സെന്‍സിനുശേഷം ഇനി എനിക്ക് ഒരിക്കലും മലയാള സിനിമ ചെയ്യാന്‍ സാധിക്കില്ല' എന്നുപറഞ്ഞ പല ആളുകള്‍ക്കും ഉള്ള എന്‍റെ മറുപടി ആയിരുന്നു സൂക്ഷ്മദര്‍ശിനിയുടെ വിജയം. ആ വിജയത്തിന് എന്നെ പ്രാപ്തനാക്കിയ പ്രേക്ഷകരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല. ഇനി ഉള്ള സിനിമകളിലും ആ പ്രേക്ഷകപ്രീതി നഷ്ടപ്പെടുത്തരുത് എന്നാണ് ആഗ്രഹം.

കുടുംബം

എന്‍റെ സിനിമകളില്‍ എന്‍റെ പേര് വെച്ചിരിക്കുന്നത് എം.സി എന്ന് മാത്രമാണ്. അത് എന്‍റെ ഇനിഷ്യലും, എന്‍റെ കരുത്തുമായ രണ്ടാളുകള്‍ ആണ്. അച്ഛന്‍ ചാക്കോയും, അമ്മ മറിയാമ്മയും. രണ്ടാളും അധ്യാപകര്‍ ആണ്. അദ്ധ്യാപകന്‍റെ മകന്‍ അദ്ധ്യാപകന്‍ എന്ന സ്ഥിരം പല്ലവിപോലെ ഒന്നിനും എന്നെ നിര്‍ബന്ധിക്കാതെ എന്‍റെ ഇഷ്ടങ്ങള്‍ക്ക്  വിട്ടു എന്നതാണ് അവര്‍ എനിക്ക് നല്‍കിയ ഏറ്റവും വലിയ കാര്യം. കുഞ്ഞുന്നാള്‍ തൊട്ട് പഠിച്ച എല്ലാ ഇടത്തും കൂട്ടുകാര്‍ക്കിടയിലും എം.സി എന്നുതന്നെയാണ് എന്‍റെ വിളിപ്പേര്. സിനിമയില്‍ എത്തിയപ്പോള്‍ അത് മാറ്റാന്‍ എനിക്ക് തോന്നിയില്ല. എന്‍റെ ജയത്തിന്‍റെ പങ്ക് എന്‍റെ വീട്ടിലെ എം.സിക്ക് ഇരിക്കട്ടെ. ചേട്ടന്‍: ജിതേഷ്.

 


LATEST VIDEOS

Interviews