സിനിമയിലേക്ക് കടന്നുവരിക എന്നുള്ളത് എല്ലാക്കാലത്തും ഒരു വിഭാഗം ആളുകളുടെ ആഗ്രഹമാണ്. ആ മേഖലയിലേക്ക് വരാനും, അവിടെ പിടിച്ചുനില്ക്കാനും എത്രത്തോളം കഠിനാദ്ധ്വാനവും, ഊര്ജ്ജവും ഒക്കെ അത്യാവശ്യമാണ്. താങ്കളുടെ ജീവിതത്തില് എങ്ങനെയായിരുന്നു ഉള്ളിലെ സിനിമാമോഹം തിരിച്ചറിഞ്ഞത്?
എന്റെ സിനിമാമോഹത്തിന് തുടക്കമിട്ടവരില് പ്രധാനി എന്റെ അച്ഛനായിരുന്നു. മറ്റുള്ളവര്ക്ക് സിനിമ കാണിച്ചുകൊടുക്കാന് അച്ഛന് വലിയ ഇഷ്ടമായിരുന്നു. പണ്ട് പത്തനംതിട്ടയില് ഉണ്ടായിരുന്ന ഐശ്വര്യ, അനുരാഗ് എന്ന രണ്ട് തിയേറ്ററില് ലാലേട്ടന്റെയും മമ്മുക്കയുടെയുമൊക്കെ പുതിയ സിനിമ വന്നാല് അന്ന് ഞങ്ങള്ക്ക് ക്ലാസ് ഉണ്ടായിരുന്നാല് കൂടിയും അച്ഛന് കൊണ്ടുപോകുമായിരുന്നു. അന്നുതൊട്ടേ തുടങ്ങിയതാണ് എന്റെ സിനിമാമോഹം. നടന്മാര്ക്ക് തീയേറ്ററില് കിട്ടുന്ന കയ്യടി കണ്ട് എനിക്കും അഭിനയിക്കണം എന്നൊക്കെ അന്ന് തോന്നിയിരുന്നു. കണ്ണാടിയുടെ മുന്നില് നിന്ന് അഭിനയിച്ചൊക്കെ നോക്കിയിട്ടുണ്ട്. കേട്ടോ, വലുതായപ്പോള് അഭിനയമോഹം തനിയെ ഇല്ലാതായി.
പിന്നീട് എങ്ങനെയാണ് സിനിമയോടുള്ള സ്നേഹം ഇന്ന് കാണുന്ന നിലയിലേക്ക് വളര്ത്തിക്കൊണ്ടുവന്നത്?
തീയേറ്ററില് നടന്മാര്ക്ക് കിട്ടുന്ന കയ്യടിയില് നല്ലോണം ശ്രദ്ധിച്ചിരുന്നുവെന്ന് പറഞ്ഞുവല്ലോ. ഒരു ഡിഗ്രിക്കാലം എത്തിയപ്പോഴായിരുന്നു അവര്ക്ക് കിട്ടുന്ന കയ്യടി. അവരുടെ പ്രകടനം കൊണ്ടുമാത്രമല്ല, അതിന് പുറകില് നല്ലൊരു സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയുമൊക്കെ പ്രയത്നം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. ശരിക്കുമുള്ള ഹീറോസ് അവരല്ലേ എന്നൊക്കെ അന്നെനിക്ക് തോന്നി. അക്കാലത്ത് എനിക്ക് വായനയും, എഴുത്തുമൊക്കെ ഉണ്ടായിരുന്നു. അതിന്റെ കൂടെ ഞാന് കണ്ട എല്ലാ സിനിമകളുടെ സ്ക്രിപ്റ്റ് ഞാന് തന്നെ എഴുതിനോക്കുമായിരുന്നു. അതൊന്നും അത്ര മെച്ചമല്ലായിരുന്നു എന്നുള്ളത് വേറെ കാര്യം.
എം.ബി.എ കഴിഞ്ഞതിനുശേഷം ജോലിക്കായി ഞാന് ബാംഗ്ലൂരില് പോയി. അപ്പോഴും സിനിമാമോഹം ഉള്ളതുകൊണ്ട് ഇനി ബാംഗ്ലൂരില് നിന്നാല് ശരിയാവില്ല എന്ന് മനസ്സിലാക്കി അവിടെനിന്നും കൊച്ചി ഇന്ഫോപാര്ക്കിലേക്ക് വന്നു. അവിടെനിന്നാണ് അശ്വതിയുമായി പ്രണയത്തിലാകുന്നത്. അവളെ വിവാഹം കഴിക്കണമെങ്കില് നല്ലൊരു ജോലി അത്യാവശ്യമായതുകൊണ്ടുതന്നെ അത് ഉപേക്ഷിച്ചില്ലേ. പക്ഷേ അവള്ക്ക് എന്റെ സിനിമാസ്വപ്നങ്ങളെക്കുറിച്ച് നന്നായറിയാമായിരുന്നു.
ഞങ്ങള്ക്കൊരു മകളുണ്ടായി. അവള്ക്ക് ഒരു മാസം പ്രായമായപ്പോഴായിരുന്നു ഞാന് എന്റെ ജോലി ഉപക്ഷിക്കുന്നത്. അന്ന് മുതല് ഒരു പത്തുവര്ഷം സിനിമയ്ക്കുവേണ്ടിയുള്ള ഒരു യാത്രയായിരുന്നു. പത്താം വര്ഷം എന്റെ ആദ്യസിനിമയുടെ ഷൂട്ട് കഴിഞ്ഞ് അതേവര്ഷം തന്നെ എന്റെ മറ്റ് സിനിമകളുടേയും ഷൂട്ട് നടന്നു. 2022 ല് എന്റെ നാല് സിനിമകളാണ് ഒരേസമയം റിലീസ് ചെയ്തത്. അത് വലിയൊരു നേട്ടമായി തന്നെയാണ് ഞാന് കണക്കാക്കുന്നത്.
മാളികപ്പുറം എന്ന സിനിമ പ്രേക്ഷകരുടെയിടയില്‍ വന്‍ വിജയമാണല്ലോ. അതിന്റെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ആ സിനിമ എത്രത്തോളം പ്രിയപ്പെട്ടതാണ്?
സത്യത്തില്‍ മാളികപ്പുറം എന്ന സിനിമ എന്റെ ജീവിതവുമായി തന്നെ ഒരുപാട് അടുത്തുനില്‍ക്കുന്നതാണ്. ആ സിനിമയിലുള്ള പല സംഭാഷണങ്ങളും ഞാനെന്റെ റിയല്‍ ലൈഫില്‍ നിന്നും പകര്‍ത്തിയെഴുതിയതാണ്. സിനിമയില്‍ കല്ലു അച്ഛനോട് ശബരിമലയില്‍ കൊണ്ടുപോകണമെന്ന് പറയുമ്പോള്‍ ദൂരത്തുള്ള ഒരു കുന്ന് കാണിച്ച് അതാണ് ശബരിമലയെന്ന് സൈജുച്ചേട്ടന്‍ കാണിച്ചുകൊടുക്കുമല്ലോ. എന്റെ മൂത്തമകള്‍ എപ്പോഴും അച്ഛന്‍ എന്നെ ചെന്നൈയില്‍ കൊണ്ടുപോകുമോയെന്ന് ചോദിക്കാറുണ്ട്. അപ്പോള്‍ ഞാനും വീടിന്റെ ടെറസ്സിലൊക്കെ പോയി നിന്ന് 'ദാ ആ കാണുന്നതാണ് ചെന്നൈ' എന്ന് വെറുതെ പറയാറുണ്ട്. അതുപോലെ സിനിമയിലെ 'പട്ടട' എന്ന കഥാപാത്രം ഞാന്‍ റിയല്‍ ലൈഫില്‍ കണ്ട് പേടിച്ച പണിക്കരേട്ടനാണ്. ഇങ്ങനെ ഓരോന്നും എന്റെ ജീവിതവുമായി കണക്റ്റഡ് ആണ്.
സിനിമയില്‍ ഞാന്‍ ആകെ സൃഷ്ടിച്ച കഥാപാത്രം ഉണ്ണി മുകുന്ദന്റേതാണ്. ദൈവം എല്ലാവരുടേയും ജീവിതത്തില്‍ പല രൂപത്തില്‍ വരുമെന്ന് പറയാറുണ്ടല്ലോ. എന്റെ ജീവിതത്തിലും അത് സംഭവിച്ചിട്ടുണ്ട്. അതുതന്നെയാണ് ഞാന്‍ എന്റെ സിനിമയില്‍ കാണിച്ചത്.
ഭാര്യ അശ്വതി 'മാളികപ്പുറം' സിനിമയില്‍ ടീച്ചറായി വേഷമിട്ടു...
അതൊരു വലിയ കഥയാണ്. സംവിധായകന്‍ വിഷ്ണുവിന് എന്റെ കുടുംബവു മായി നല്ല അടുപ്പമാണ്. 2021 ല്‍ വിഷ്ണു അശ്വതിയെ വച്ച് ഒരു പാട്ട് ചെയ്തിരുന്നു. അവന്‍ എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതില്‍ അശ്വതിയെ കൊണ്ട് അഭിനയിപ്പിക്കുമെന്ന് അവന്‍ അവളോട് വെറുതെ പറഞ്ഞിരുന്നു. പക്ഷേ അവള്‍ അത് സീരിയസായി എടുത്തു. അതുകഴിഞ്ഞ് പടത്തിന്റെ പ്രീ പ്രൊഡക്ഷന്‍ സമയത്താണ് ഞാനും വിഷ്ണുവും ടീച്ചറിന്റെ കഥാപാത്രം ഫിക്‌സ് ചെയ്യാന്‍ തീരുമാനിക്കുന്നത്. പടത്തില്‍ ഒന്നുരണ്ട് ടീച്ചര്‍മാര്‍ കൂടെയുണ്ടെങ്കിലും പ്രധാനപ്പെട്ട ടീച്ചര്‍ വേഷം അശ്വതിക്ക് കൊടുക്കാന്‍ ഞങ്ങളന്ന് തീരുമാനിച്ചു. ആ വേഷം അവള്‍ നന്നായി തന്നെ ചെയ്തു.