തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ സിമ്പു അഭിനയിച്ചിട്ടുള്ള 'പത്ത് തല' എന്ന ചിത്രം ഇന്നലെ (30-3-23) തിയേറ്ററുകളിലെത്തി. ചെന്നൈയിൽ കോയംമ്പേട് എന്ന സ്ഥലത്തുള്ള രോഹിണി തിയേറ്ററിൽ ഈ ചിത്രം കാണാനെത്തിയ നരിക്കുറവ വിഭാഗത്തിൽപെട്ട കുടുംബത്തിനെ അവരുടെ കൈയിൽ ടിക്കറ്റ് ഉണ്ടായിരുന്നിട്ടും തിയേറ്ററിനുള്ളിൽ പോകാൻ അനുവദിക്കാതെ തിയേറ്റർ അധികൃതർ തടയുകയുണ്ടായി. ഉടനേ അവിടെ ഉണ്ടായിരുന്ന മറ്റു സിനിമാ പ്രേമികൾ പ്രധിഷേധം ഉയർത്തുകയും, ദൃശ്യം വീഡിയോയിൽ പകർത്തുകയും ചെയ്തു. 'ആദിവാസികൾ ഇപ്പോഴും വിവേചനം നേരിടുന്നു' എന്ന പരാമർശത്തോടെയാണ് വീഡിയോ ദൃശ്യം പ്രചരിച്ചത്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ തിയേറ്റർ അധികൃതർ ഇവരെ തിയേറ്ററിനുള്ളിൽ കടത്തി വിടുകയും ചെയ്തു. അതിനെ തുടർന്ന് സിനിമ കാണാനെത്തിയ ചിലരെ തടഞ്ഞത് ജാതിയുടേതോ വേഷത്തിന്റേയോ പേരിൽ അല്ലെന്നാണ് തിയേറ്റർ അധികൃതർ നൽകിയ വിശദീകരണം. 'പത്ത് തല' സിനിമയ്ക്കു 'U/A' സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ചിത്രം കാണുവാൻ അനുവാദമില്ല. സിനിമ കാണാൻ വന്ന ഈ കുടുംബത്തിൽ 12 വയസ്സിനുള്ളിൽ ഉള്ള രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് അവരെ തടഞ്ഞത് എന്നാണു തിയേറ്റർ അധികൃതർ നൽകിയ വിശദീകരണം. എന്നാൽ 'A' സർട്ടിഫിക്കറ്റുള്ള സിനിമ കാണാനെത്തുന്ന കുട്ടികളെപ്പോലും വയസ്സ് നോക്കി തടയാറില്ലെന്ന് നിറയെ സിനിമാ പ്രേമികൾ ചൂണ്ടിക്കാണിക്കുകയും, ആ തിയേറ്റർ അധികൃതരെ വിമർശിക്കുകയും ചെയ്തു. അതോടൊപ്പം ഇങ്ങിയുള്ള കാര്യങ്ങളിൽ തമിഴ്നാട് സർക്കാർ കർശനമായ നടപടികൾ എടുക്കണം എന്നും ആവശ്യപെടുകയുണ്ടായി! ഇന്നലെയുണ്ടായ ഈ സംഭവം കോളിവുഡിൽ മാത്രമല്ല തമിഴ്‌നാട് മുഴുവനും പ്രതിഭലിക്കുകയുണ്ടായി!