സിനിമാതീയേറ്ററുകളിൽ ടിക്കറ്റ് ബുക്കിംഗ് സുഗമമാക്കാൻ സർക്കാർ തലത്തിൽ പുതിയ ആപ്പ് വരുന്നു. സിനിമാപ്രേമികൾ ഏറെ ആഹ്ലാദത്തോടെ കേട്ട വാർത്തയായിരുന്നു ഇത്. എന്നാലിപ്പോൾ സർക്കാരിന്റെ ആപ്പുമായി സഹകരിക്കേണ്ടതില്ല എന്നാണ് ബഹുഭൂരിപക്ഷം വരുന്ന തീയേറ്റർ ഉടമകളുടെ നിലപാട്. സ്വകാര്യ കമ്പനികൾ ഈടാക്കുന്ന അമിതമായ ഇന്റർനെറ്റ് ചാർജ്ജും മറ്റും ഒഴിവാക്കി ജനങ്ങൾക്ക് മിതമായ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഒരു വേദി ഒരുക്കുക എന്നതാണ് സർക്കാർ പുതിയ ആപ്പിലൂടെ വിഭാവനം ചെയ്തിരിക്കുന്നത്. നിലവിൽ അമിതനിരക്കിൽ ചാർജ്ജുകൾ ഈടാക്കുന്ന സ്വകാര്യ ഓൺലൈൻ സംവിധാനങ്ങൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് സിനിമാപ്രേമികൾ സർക്കാർ തീരുമാനത്തെ കരഘോഷത്തോടെ സ്വീകരിച്ചത്.
എന്നാൽ നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ചാൽ, സർക്കാർ തീയേറ്ററുകൾ അതായത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നടത്തുന്ന തീയേറ്ററുകളിൽ മാത്രമായി പ്രസ്തുത ആപ്പ് ഒതുങ്ങാനാണ് സാദ്ധ്യത. ഇനി അഥവാ ഏതെങ്കിലുമൊക്കെ സ്വകാര്യ തീയേറ്റർ ഉടമകൾ ഇതിനോട് സഹകരിക്കാൻ തയ്യാറായാൽ അവരുടെ സ്ഥാപനം സ്വകാര്യക്കമ്പനിയുടെ ആപ്പിൽ നിന്നും പുറത്താവുകയും ചെയ്യും. അതുകൊണ്ട് സർക്കാരിനോട് സഹകരിക്കാൻ താൽപ്പര്യമുള്ളവർ പോലും തൽക്കാലം പിൻവാങ്ങി നിൽക്കുകയാണ്. ഏതായാലും ഇടഞ്ഞുനിൽക്കുന്ന തീയേറ്ററുകാരെ മെരുക്കാൻ സർക്കാർതലത്തിൽ ചില ചർച്ചകൾ നടക്കുന്നതായാണ് വിവരം. ഫലം കണ്ടാൽ അതിന്റെ ഗുണഫലം സ്വാഭാവികമായും സിനിമാപ്രേമികൾക്ക് തന്നെയായിരിക്കും.
ഇവിടെ ഒരു ഫ്‌ളാഷ് ബാക്ക് ആകാം. 2007 കാലഘട്ടം. മലയാള സിനിമയിലെ ഒരു സീനിയർ ഹിറ്റ്‌മേക്കർ സംവിധായകന്റെ അടുത്ത ബന്ധുക്കളായ രണ്ടുചെറുപ്പക്കാർ ഒരു ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറെ സമീപിക്കുന്നു. ചെറുപ്പക്കാർ ടെക്കികളാണ്. അതിൽ ഒരാൾ തലസ്ഥാനത്ത് ടെക്‌നോപാർക്കിലാണ് അന്ന് ജോലി നോക്കിയിരുന്നത്. സംസ്ഥാനത്തെ എല്ലാ തീയേറ്ററുകളിലെയും ടിക്കറ്റ് ഒരു കുടക്കീഴിൽ ലഭ്യമാകുന്ന നൂതന ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് അവരുടെ ലക്ഷ്യം. അതിനുവേണ്ടി സെർവർ സ്‌പേസും അനുബന്ധ സേവനങ്ങളും ഒരുക്കാനായിരുന്നു അവർ ഇന്റർനെറ്റ് സർവ്വീസ് പ്രൊവൈഡറെ സമീപിച്ചത്. എന്നാൽ ഇതൊക്കെ എങ്ങനെ സാധ്യമാകും എന്നതായിരുന്നു സർവ്വീസ് പ്രൊവൈഡറുടെ സംശയം. മൊബൈലും ഇന്റർനെറ്റുമൊക്കെ 2 ജി ആയിരുന്ന കാലത്തിലാണ് ഇത്തരമൊരു ആശയം വന്നിരിക്കുന്നത് എന്നോർക്കണം. അന്ന് സ്മാർട്ട് ഫോണുകൾ വന്നിട്ടില്ല. അക്കാലത്ത് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ ഇന്റർനെറ്റ് കിട്ടാക്കനിയാണ്. ഈയൊരു സാഹചര്യത്തിൽ എങ്ങനെ ഒരു ഇന്റർനെറ്റ് അധിഷ്ഠിത പ്ലാറ്റ്‌ഫോം ഒരുക്കി ജനങ്ങളെ അതിലേക്കെത്തിക്കും എന്നതായിരുന്നു അവരുടെ പ്രധാന സംശയം. ടെക്കികൾ കാലത്തിന് മുന്നേ സഞ്ചരിച്ചവരായിരുന്നു. അവർ പറഞ്ഞു- എല്ലാം നടക്കും. ഐ.ടി. രംഗത്ത് വൻകുതിച്ചുചാട്ടമാണ് വരാൻ പോകുന്നത്. 2 ജി മാറി 3 ജിയും അധികം വൈകാതെ 4 ജിയും എത്തും. അതോടെ ഇന്റർനെറ്റ് ചീപ്പ് റേറ്റിൽ ലഭ്യമാകുന്ന സാഹചര്യം സംജാതമാകും. അതോടെ സംസ്ഥാനത്തെ ഇന്റർനെറ്റ് സാക്ഷരതയും വർദ്ധിക്കും. ആരും കടന്നുചെന്നിട്ടില്ലാത്ത ഈയൊരു മേഖലയിൽ നമ്മൾ ഇപ്പോഴേ ഇറങ്ങിയാൽ നമുക്ക് നേട്ടം കൊയ്യാനാവും. ഇത്തരമൊരു പദ്ധതിയോട് തീയേറ്ററുകാർ സഹകരിക്കുമോ എന്നതായിരുന്നു അടുത്ത സംശയം. മറുപടി ഇതായിരുന്നു. ആദ്യപടിയായി നമ്മൾ നമ്മുടെ സ്വന്തം തീയേറ്ററുകളെ ഇതിൽ ഉൾപ്പെടുത്തും. ഹിറ്റ് മേക്കർ സംവിധായകന്റെ തീയേറ്ററുകൾ നോക്കി നടത്തിയിരുന്നത് ഐ.ടിക്കാരായ ഈ ചെറുപ്പക്കാർ തന്നെയായിരുന്നു. പുറത്തുനിന്നും ചിലർ കൂടി സഹകരിക്കാമെന്ന് തത്വത്തിൽ ഉറപ്പുതന്നിട്ടുണ്ട്. സംഗതി ക്ലിക്കാകുമെന്ന് നൂറുശതമാനം ഉറപ്പ്. അതോടെ മറ്റുള്ളവർ നമ്മളെത്തേടി ഇങ്ങോട്ട് വന്നോളും.
ഐ.ടിക്കാരുടെ ആശയം ബോധ്യപ്പെട്ട ഇന്റർനെറ്റ് പ്രൊവൈഡർ വേണ്ട സഹായസഹകരണങ്ങൾ വാഗ്ദാനം ചെയ്‌തെങ്കിലും പദ്ധതിയുടെ ഭാവിപ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോയില്ല. വർഷങ്ങൾക്കിപ്പുറം ഉത്തരേന്ത്യയിൽ നിന്നും എത്തിയ വൻകിട കോർപ്പറേറ്റ് കമ്പനി ഇതിന്റെ സാദ്ധ്യത കയ്യടക്കുകയും ഇന്ന് കേരളത്തിലെ നമ്പർ വൺ പ്ലേയറായി വിലസുകയും ചെയ്യുന്നു. ഇന്ന് ബഹുഭൂരിപക്ഷം വരുന്ന മലയാളികളും പ്രസ്തുത കോർപ്പറേറ്റിന്റെ ഓൺലൈൻ ആപ്പുവഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നത്. ബുക്കിംഗ് ആപ്പിന്റെ വരവോടെ പഴയപോലെ ടിക്കറ്റ് ബുക്ക് ചെയ്യാൻ ക്യൂ നിൽക്കേണ്ട. നേരത്തെ തീയേറ്ററിൽ ചെന്ന് കാത്തുകെട്ടിക്കിടക്കേണ്ട. ഇടവേളകളിൽ ലഘുഭക്ഷണം വാങ്ങാൻപോലും പുറത്തുപോകേണ്ട.. (നമ്മുടെ സീറ്റിൽ നമ്മൾ ആവശ്യപ്പെടുന്ന ലഘുഭക്ഷണം തീയേറ്റർ ജീവനക്കാർ എത്തിക്കും) അങ്ങനെവരുമ്പോൾ കാര്യങ്ങൾ കുറേയധികം ഈസിയാണ്. പണമിടപാടിന് ചില്ലറയും തപ്പി നടക്കേണ്ട എന്നതാണ് മറ്റൊരു അഡ്വാന്റേജ്. എല്ലാം ഓൺലൈനായി തന്നെ നിർവ്വഹിക്കാം. സംഗതി ബഹുകേമവും സൗകര്യപ്രദവുമൊക്കെ ആണെങ്കിലും പലയിടങ്ങളിലും 25 മുതൽ 30 രൂപ വരെയാണ് ഇന്റർനെറ്റ് ചാർജ്ജ് എന്ന പേരിൽ കോർപ്പറേറ്റ് കമ്പനി ഈടാക്കുന്നത്. നാലുപേരടങ്ങുന്ന ഒരു കുടുംബം പടം കണ്ടിറങ്ങുമ്പോൾ 100 രൂപ കോർപ്പറേറ്റിന്റെ പോക്കറ്റിൽ ആയിരിക്കും. ഇത്തരത്തിൽ ദശലക്ഷക്കണക്കിന് രൂപയാണ് ഇവർ പ്രതിവർഷം നമ്മുടെ തീയേറ്ററുകളിൽ നിന്നും വാരുന്നത്. ടിക്കറ്റ് ബുക്ക് ചെയ്തശേഷം തീയേറ്ററിൽ എത്തുമ്പോൾ അത് ലഭ്യമാകാതെ മടങ്ങേണ്ട സാഹചര്യങ്ങളും ഒറ്റപ്പെട്ടെങ്കിലും കേൾക്കാറുണ്ട്.
മേൽപ്പറഞ്ഞ പ്രശ്‌നങ്ങളൊക്കെ ഒഴിവാക്കി പൂർണ്ണമായും മിതമായ നിരക്കിൽ ഒരു സംവിധാനം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സിനിമാപ്രേമികൾക്ക് ഏറെ പ്രയോജനപ്പെടുന്ന ഈ സംരംഭം ജനകീയ പങ്കാളിത്തത്തോടെ വിജയിപ്പിക്കാമെന്ന ശുഭപ്രതീക്ഷ എല്ലാവർക്കും ഉണ്ടായിരുന്നു. പക്ഷേ, എവിടെയോ ചില പാളിച്ചകൾ അല്ലെങ്കിൽ കോർപ്പറേറ്റ് ലോബീയിംഗ് നടന്നതായി സ്വാഭാവികമായും സംശയിക്കേണ്ടി ഇരിക്കുന്നു. ഇവിടെ ബഹുഭൂരിപക്ഷം വരുന്ന തീയേറ്റർ ഉടമകളും ഒരു പുനഃവിചിന്തനത്തിന് തയ്യാറാകുമെന്ന പ്രതീക്ഷ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്. ഏതൊരു രംഗത്തും കുത്തക നിലനിൽക്കുന്നത് ആശാസ്യമായ സംഗതി അല്ല. കൂടുതൽ പ്ലെയേഴ്‌സ് കടന്നുവരുന്നതോടെ മത്സരം വർദ്ധിക്കും. അതോടെ നിരക്കുകൾ കോംപറ്റേറ്റീവ് ആകാം. കൂടുതൽ ആകർഷണീയമായ ഓഫറുകളും മറ്റും നൽകുന്നതിലൂടെ കൂടുതൽ പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിക്കാനും സാധിക്കും. ഇത് ഒ.ടി.ടിയുടെ വരവോടെ പ്രതിസന്ധിയിലായിരിക്കുന്ന തീയേറ്റർ രംഗത്തിന് പുത്തൻ ഉണർവ്വും ഉന്മേഷവും ചരിത്രമാകും. അതിലൂടെ നമുക്ക് തീയേറ്ററുകളുടെ ആ പഴയ പ്രതാപകാലം തിരിച്ചുപിടിക്കാനും സാധിക്കും.