ജയരാജിന്‍റെ മെഹ്ഫില്‍ എന്ന സിനിമയാണ് പുതിയ വിശേഷം. വളരെ വ്യത്യസ്തമായ ഒരു വേഷമാണല്ലോ അതില്‍ താങ്കളുടേത്?
അതെ. പതിനാല് കൊല്ലം ഒരേ കിടപ്പ് കിടന്നിരുന്ന മുല്ലശ്ശേരി രാജു എന്ന കഥാപാത്രം ആണ് ചെയ്യുന്നത്. അദ്ദേഹത്തിനുള്ള ഒരു ആദരം ആണ് ഈ സിനിമ. രണ്ടുവര്‍ഷം മുന്‍പേ സിനിമയുടെ പാട്ട് റിലീസ് ചെയ്തിരുന്നു. ഉണ്ണിമുകുന്ദന്‍, ആശാശരത്, ഗായകന്‍ വേണുഗോപാല്‍ തുടങ്ങി ഒരുപാട് വ്യക്തികള്‍ ഇതില്‍ അഭിനയിക്കുന്നുണ്ട്. മുല്ലശ്ശേരി രാജുവിന്‍റെ കഥയാണ് മംഗലശ്ശേരി നീലകണ്ഠന്‍. അദ്ദേഹം കിടപ്പിലാകുന്നതിന് മുന്‍പത്തെ കഥ. കിടപ്പിലായതിനുശേഷം ഉള്ള യഥാര്‍ത്ഥ ജീവിതാനുഭവങ്ങള്‍ ആണ് മെഹ്ഫില്‍.
നാഷണല്‍ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ ആടുജീവിതത്തിന് അവാര്‍ഡ് കിട്ടിയില്ല എന്ന ആരോപണം ഉണ്ടായിരുന്നല്ലോ. അഃിനെ എങ്ങനെ കാണുന്നു?
അവാര്‍ഡ് കിട്ടിയില്ല എന്നുപറഞ്ഞ് വിഷമിച്ച് ഇരുന്നിട്ട് കാര്യമില്ല. ആദ്യം തന്നെ ചെയ്യേണ്ടത് അവാര്‍ഡ് കിട്ടിയവരെ വിളിച്ച് അഭിനന്ദിക്കുക എന്നതാണ്. അതുതന്നെയാണ് വലിയ സന്തോഷം കൊടുക്കുന്ന പ്രതികരണം. അതിനെയൊക്കെ വളരെ ഈസിയായി കാണണം. എനിക്ക് അത്രയേ പറയാനുള്ളൂ.

രാഷ്ട്രീയത്തിലേക്ക് മുകേഷ് കാലെടുത്തുവയ്ക്കാനുള്ള കാരണം എന്തായിരുന്നു?
ഞാന്‍ അങ്ങനെ പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിച്ചെന്ന ആളല്ല. രാഷ്ട്രീയ കുടുംബം ആണ് എന്‍റേത്. എന്‍റെ അച്ഛന്‍ ഒരു നാടകനടന്‍ എന്നതിലുപരി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനും നേതാവും ആയിരുന്നു. പതിനാറ് കൊല്ലത്തോളം പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്നു. അങ്ങനെ ഒരു കുടുംബപശ്ചാത്തലം എനിക്ക് ഉണ്ടെങ്കിലും ഞാന്‍ ഒരു എം.എല്‍.എ ആകണമെന്നോ സജീവമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നോ ഒരിക്കല്‍ പോലും ആഗ്രഹിച്ചിരുന്നില്ല. അതാണ് വളരെ പെട്ടെന്നുണ്ടായ സംഭവം.
രാഷ്ട്രീയവും കലയും ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍?
കലയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകാന്‍ ആകില്ല എന്ന് പലരും പറയാറുണ്ട്. എനിക്ക് അതിനോട് യോജിപ്പില്ല. രാഷ്ട്രീയത്തില്‍ നില്‍ക്കുമ്പോള്‍ ഒരുപാട് ആള്‍ക്കാരെ നമ്മള്‍ക്ക് സഹായിക്കാനാകുന്നു. മണ്ഡലത്തിനുവേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഒരു സിനിമാനടനും കൂടി ആകുമ്പോള്‍ എനിക്ക് കുറച്ചുകൂടി ജനങ്ങള്‍ക്കുള്ളില്‍ സ്വീകാര്യത കിട്ടുന്നുണ്ട്.
ഇതിനോടകം ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രിയപ്പെട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ എന്തായിരിക്കും ഉത്തരം?
ചെയ്ത കഥാപാത്രങ്ങളില്‍ ഏതാണ് ഇഷ്ടം എന്നുചോദിച്ചാല്‍ പറയാന്‍ ബുദ്ധിമുട്ടാണ്. ഇതിനോടകം 310 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതിലൊന്ന് ചൂസ് ചെയ്യുക എന്നത് ശ്രമകരമാണ്. പ്രശംസ കിട്ടിയിട്ടുള്ള സിനിമ പറയുകയാണെങ്കില്‍ എന്നെ ഇപ്പോഴും ആളുകള്‍ അഭിനന്ദിക്കുന്നത് ഗോഡ്ഫാദര്‍ സിനിമയിലെ പ്രകടനം കണ്ടിട്ടാണ്. അന്ന് അത് ഒരു വര്‍ഷത്തില്‍ കൂടുതല്‍ തിയേറ്ററില്‍ ഓടിയിരുന്നു.

ഒരു ഒന്നരവര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് വച്ച് സര്‍ക്കാരിന്‍റെ ഒരു പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന് എനിക്കൊരു കോള്‍ വന്നു. ഒരു പി.ആര്‍ ആണ്. അദ്ദേഹം പറഞ്ഞത് ഇപ്പോള്‍തന്നെ കൈരളി തിയേറ്ററിലേക്ക് വരണം എന്നാണ്. ഞാന്‍ പറഞ്ഞു ഞാന്‍ വലിയ തിരക്കിലാണ്, എനിക്കിപ്പോള്‍ വരാന്‍ ആകില്ല എന്ന്. അദ്ദേഹം അതിന് പ്രതികരിച്ചത് എന്ത് സംഭവിച്ചാലും ഇപ്പോള്‍തന്നെ വരണം എന്നാണ്. ഉടനെ ഞാന്‍ കാറെടുത്ത് കുറച്ച് മിനിറ്റുകള്‍ക്കുവേണ്ടി കൈരളി തിയേറ്ററിലേക്ക് പോയി.
അവിടെപ്പോയി ഞാന്‍ കണ്ട കാഴ്ച തീയേറ്ററില്‍ ആ സിനിമ ഇരുന്നു കാണുന്നത് മുഴുവന്‍ കോളേജ്പിള്ളേരും സ്ക്കൂള്‍പിള്ളേരും ആണ്. അതും ഹൗസ്ഫുള്‍ ഷോ. ഞാന്‍ ഞെട്ടിപ്പോയി. എന്നെ കണ്ടതോടുകൂടി കുട്ടികള്‍ എല്ലാവരും ഇളകി. ഓരോ സീനിനും കയ്യടി. രാവിലെ മുതല്‍ ക്യൂ നിന്നിട്ടാണത്രേ ആ കുട്ടികള്‍ സിനിമയ്ക്ക് കയറിയത്. 33 കൊല്ലം മുന്‍പ് സിനിമ ഷൂട്ട് ചെയ്യുമ്പോള്‍ ഇങ്ങനെയൊരു അനുഭവം എനിക്ക് കാലങ്ങള്‍ക്കുശേഷം ഉണ്ടാകും എന്ന് ഞാന്‍ ഒരിക്കല്‍പോലും പ്രതീക്ഷിച്ചില്ല. ഹരിഹര്‍ നഗര്‍, ഉദയനാണ് താരം, കഥ പറയുമ്പോള്‍ ഇങ്ങനെയെല്ലാം ഇതുപോലെ റിലീസ് ചെയ്യണം എന്നതാണ് എന്‍റെ ആഗ്രഹം.

ഒരുകാലത്ത് അച്ഛന്‍വേഷങ്ങള്‍ താങ്കള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. സമീപകാലത്ത് കുറച്ച് അച്ഛന്‍ വേഷങ്ങള്‍ ചെയ്തിട്ടുമുണ്ട്. എങ്ങനെയാണ് അച്ഛന്‍ വേഷങ്ങള്‍ ചൂസ് ചെയ്യുന്നത്?
വേഷത്തിന് നല്ല പ്രാധാന്യം ഉണ്ടായിരിക്കണം. എല്ലാ അച്ഛന്‍റോളുകളും ചെയ്യാന്‍ താല്‍പ്പര്യം ഇല്ല. സാധാരണ റോളുകള്‍ ചെയ്യാന്‍ ഞാന്‍ എന്തിനാണ്? ജോമോന്‍റെ സുവിശേഷങ്ങളിലും പാച്ചുവിന്‍റെ അത്ഭുതവിളക്കിലും ഒക്കെ വളരെയധികം ശ്രദ്ധേയമായ അച്ഛന്‍കഥാപാത്രം ആയിരുന്നു.