NEWS

സിനിമയിലും സീരിയലിലും വ്യത്യാസങ്ങളേറെ -നീനക്കുറുപ്പ്

News

സിനിമയിലും സീരിയലിലും ഒരുപോലെ എന്ന രീതിയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് നീന. മൂന്ന് ദശാബ്ദങ്ങള്‍ക്കും മുമ്പെ മലയാള സിനിമയിലെ യുവത്വം നിറഞ്ഞ നായികനടിയായിരുന്നു നീന. അതും സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ നായിക. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'ശ്രീധരന്‍റെ ഒന്നാം തിരുമുറിവ്' ആയിരുന്നു ആ സിനിമ. നീനയെ ശ്രദ്ധേയമാക്കിയ മറ്റൊരു ചിത്രം 'പഞ്ചാബി ഹൗസാ'യിരുന്നു. പിന്നെ ഹേയ് ജൂഡ്... ഇങ്ങനെ വിരലിലെണ്ണാവുന്ന സിനിമകള്‍....

 

'ശ്വാസം' സിനിമയുടെ വിശ്രമവേളയില്‍ ഒരു ചോദ്യം നീനാക്കുറുപ്പിനോട്....

 

മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ എന്ന രീതിയിലാണ് നീന അഭിനയിക്കുന്നത്. ചിലരാകട്ടെ, മിനിസ്ക്രീന്‍ രംഗം വിട്ട് സിനിമയിലേക്ക് വരാറേയില്ല. ചിലര്‍ സിനിമ മാത്രമേ ചെയ്യു. ഇങ്ങനെ പല അഭിരുചിയുള്ളവരാണ് അഭിനേതാക്കള്‍.  നീന രണ്ടുവശത്തും അഭിനയിക്കുന്നതുകൊണ്ട് ചോദിക്കട്ടെ, അഭിനയം ഏകദേശം ഒരുപോലെയാണെങ്കിലും രണ്ട് മേഖലയിലെയും അനുഭവങ്ങള്‍ വ്യത്യസ്തമായിരിക്കുമല്ലോ. അതിനെക്കുറിച്ചൊന്ന്?

നീനക്കുറുപ്പ്: വ്യത്യാസങ്ങളുണ്ട്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഒരു ദിവസം ചിലപ്പോള്‍ ഒന്നോ രണ്ടോ മൂന്നോ സീന്‍ മാത്രമായിരിക്കും ഷൂട്ട് ചെയ്യുക. നമുക്ക് റെലാക് സായി അഭിനയിക്കാം. എന്നാല്‍ സീരിയല്‍ അങ്ങനെയല്ല. വളരെ വേഗത്തിലായിരിക്കും ഷൂട്ട് നടക്കുക. കുറെ സീനുകള്‍ ഒരു ദിവസം കൊണ്ട് തീര്‍ക്കേണ്ടതായിവരും. അവര്‍ക്കൊരു ടാര്‍ജറ്റുണ്ടാകും. അതുകൊണ്ട് ആ ടൈമിനുള്ളില്‍ തീര്‍ക്കേണ്ടതായി വരും. അഭിനയത്തിന്‍റെ കാര്യത്തില്‍ സീരിയലുകളിലെ കഥാപാത്രങ്ങളില്‍ നിന്നായിരിക്കും നമുക്ക് കൂടുതല്‍ ഇമോഷന്‍സ് കിട്ടുന്നത്. സിനിമയാകുമ്പോള്‍ രണ്ടുമണിക്കൂറിനുള്ളില്‍ കഥ പറയുമ്പോള്‍ ഒരുപാട് കഥാപാത്രങ്ങളുടെ ഇമോഷന്‍സ് കാണിക്കേണ്ടതായി വരുമല്ലോ. ഒരു ചട്ടക്കൂട്ടിനുള്ളില്‍ നിര്‍ത്തിയിട്ടുവേണം എല്ലാ കഥാപാത്രങ്ങളെയും അവതരിപ്പിക്കുവാന്‍. സീരിയല്‍ പക്ഷേ, അങ്ങനെയല്ല. ഇന്ന് അല്ലെങ്കില്‍ നാളെ പെര്‍ഫോം ചെയ്യാനുള്ള അവസരം നമുക്ക് ലഭിക്കും.

സിനിമയില്‍ മാത്രം അഭിനയിക്കുന്നവരുടെ കാര്യമെടുത്താല്‍ സിനിമ വലുതും സീരിയല്‍ ചെറുതുമാണ് എന്നൊരു തോന്നലുകാരണമായിരിക്കും അവര്‍ സീരിയലില്‍ അഭിനയിക്കാന്‍ വരാത്തതെന്ന് സീരിയല്‍ രംഗത്തുള്ള പലരും എന്നോടുപറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ക്ക് സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ല, സീരിയലാണ് കംഫര്‍ട്ടബിളായി തോന്നുന്നതെന്ന്.

കഴിവുകള്‍ മാക്സിം കാഴ്ച വയ്ക്കാന്‍ ഒരു പരീക്ഷണമെന്ന നിലയിലാണെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് നോക്കാനുള്ള ഒരു പ്ലാറ്റ്ഫോമാണ് സീരിയല്‍. അതുകൊണ്ട് ഇങ്ങനെയൊക്കെയുള്ള വ്യത്യാസങ്ങളുണ്ട്.

ഞാന്‍ ഇത്രയും കാലം അഭിനയരംഗത്ത് തുടര്‍ന്നിട്ടും എന്‍റെ കൈവിരലുകളില്‍ എണ്ണാവുന്ന സിനിമകളിലേ വൈവിദ്ധ്യമുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ളൂ. ചില നല്ല സിനിമകളുണ്ടാകും. അതില്‍ മികച്ച കഥാപാത്രങ്ങളായിരിക്കും പക്ഷേ, സിനിമ ഹിറ്റാകാതെ പോയിരിക്കും. വലിയ സ്റ്റാറുകളൊന്നുമില്ലാത്ത സിനിമ ആയതുകാരണമായിരിക്കാം, ആളുകള്‍ തീയേറ്ററിലേക്ക് വരാതെ പോകും. അതോടെ ആ നല്ല സിനിമ ഓടാതെയും പോകും.

എല്ലാവര്‍ക്കും ലഭിക്കുന്ന ഒരു ഓപ്പര്‍ച്യൂണിറ്റിയാണ് അഭിനയത്തിലുള്ള കഴിവുകള്‍ എന്തെല്ലാമാണുള്ളതെന്ന് തിരിച്ചറിയുക എന്നത്.

ഒന്ന് നിര്‍ത്തിയിട്ട് നീനാക്കുറുപ്പ് തുടര്‍ന്നു.

'ഞാനിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പത്തരമാറ്റ് എന്ന സീരിയലില്‍ എന്‍റെ കഥാപാത്രത്തിന് ലേശം ഹാസ്യസ്വഭാവമുണ്ട്. ഞാനിതുവരെ സിനിമയിലോ സീരിയലിലോ ഒരു കോമഡിവേഷത്തില്‍ അഭിനയിച്ചിട്ടുമില്ല. എനിക്ക് അങ്ങനെ നര്‍മ്മപ്രധാനമായ ഒരു വേഷത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ഞാന്‍ മുന്‍പ് ചിന്തിച്ചിട്ടുമില്ല. കോമഡി ടച്ച് ചെയ്യാന്‍ എനിക്ക് കഴിയുമെന്ന് ഞാനൊരിക്കലും വിചാരിച്ചിട്ടില്ല. പക്ഷേ, അതിനുള്ള ഒരു പ്ലാറ്റ്ഫോം എനിക്ക് സീരിയല്‍ രംഗംതന്നു.
സീരിയസ് കഥാപാത്രങ്ങള്‍, അമ്മവേഷങ്ങള്‍... എല്ലാം നമുക്ക് എപ്പോഴും ഇഷ്ടം പോലെ കിട്ടുന്നുണ്ട്.

ഈയടുത്തും പുതിയ ഒരു സിനിമയുടെ കഥ പറയാന്‍ വന്നപ്പോഴെ ഞാന്‍ പറഞ്ഞു. എനിക്ക് അമ്മയും ചേച്ചിയും ചേട്ടത്തിയുമൊന്നും വേണ്ട.  വെറും കച്ചറ, കൂതറ കഥാപാത്രം കിട്ടിയാല്‍ മതി. ഒരു മുഴുഭ്രാന്തിയായി കിട്ടിയാലും മതിയെന്ന് ഞാന്‍ പറഞ്ഞു. ഫ്രീയായി അഭിനയിക്കാന്‍ കഴിയണം.

അപ്പോള്‍ അദ്ദേഹം പറഞ്ഞതെന്താണെന്നോ? അയ്യോ... നീന.. നീനയുടെ മുഖത്തിന് അത് ചേരില്ല. എന്‍റെ മുഖം വച്ചിട്ടാണ് അവരത് തീരുമാനിക്കുന്നത്. എനിക്ക് ആ വേഷം ചെയ്യാന്‍ പറ്റില്ലെന്ന് അവര്‍ സ്വമേധയാ തീരുമാനിക്കുകയാണ്.

സീരിയല്‍കാര്‍ പക്ഷേ, കഥാപാത്രത്തെക്കുറിച്ചുള്ള ഒരു ഏകദേശരൂപം ആദ്യമൊന്ന് പറഞ്ഞുതരികയെ ഉള്ളൂ. ഇതുപോലെ ഒരു ലുക്കാണ് വേണ്ടതെന്ന് അവരൊന്ന് സൂചിപ്പിക്കും. അത്രമാത്രം. ബാക്കിയൊക്കെ സെറ്റില്‍ വച്ചിട്ടായിരിക്കും ചെയ്യുക. ഇങ്ങനെയൊക്കെ ചില വ്യത്യാസങ്ങളുണ്ട്.

ഞാനെപ്പോഴും വീട്ടിലുണ്ടാകാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അതുകൊണ്ടുതന്നെ സീരിയലുകളില്‍ അഭിനയിക്കാന്‍ ഡേറ്റ്സ് കൊടുക്കുന്നതുമൊക്കെ എപ്പോഴും എനിക്കൊരു പ്രശ്നം തന്നെയാണ്. അതുകൊണ്ട് സീരിയല്‍ ചെയ്യുന്നതിനേക്കാള്‍ എനിക്കേറെയിഷ്ടം സിനിമ തന്നെയാണ്. എങ്കിലും ഞാനിപ്പോള്‍ രണ്ട് സ്ക്രീനിലും അഭിനയിക്കുന്നുണ്ട്. അത് മിക്കപ്പോഴും ബുദ്ധിമുട്ടുകളുണ്ടാക്കാറുമുണ്ട്.

സിനിമയാണെങ്കിലും ഞാനെന്‍റെ ബെസ്റ്റ് കൊടുക്കും. സീരിയല്‍ ആണെങ്കിലും ഞാനെന്‍റെ ബെസ്റ്റ് കൊടുക്കും. മെ മ ുലൃളീൃാലൃ.., സിനിമാക്കാര്‍ എനിക്കെന്തു തരുന്നു..., സീരിയലുകാര്‍ എനിക്കെന്തു തരുന്നു.. എന്നുള്ളതും ഒരു വ്യത്യാസമാണ്. സീരിയലുകാര്‍ റിസ്ക്കെടുക്കാന്‍ തയ്യാറായിരിക്കും.

കോമഡി പരിവേഷമുള്ള കഥാപാത്രങ്ങള്‍ ചെയ്യുവാന്‍ താല്‍പ്പര്യമുണ്ടെന്നു പറഞ്ഞുവല്ലോ?

ഇല്ല. ഇതുവരെ ആരും വിളിച്ചിട്ടില്ല. ധ്യാന്‍ ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന 'വിക്ടോറിയ' എന്ന സിനിമയില്‍ ധ്യാനിന്‍റെ അമ്മയായി ഞാനഭിനയിച്ചു. അതില്‍ എന്‍റെ വേഷത്തിന് ചെറിയ ഒരു കോമഡി ടച്ച് ഉണ്ട്. എന്നുവച്ച് ഔട്ട് ആന്‍റ് ഔട്ട് കോമഡി വേഷമാണെന്നൊന്നും കരുതരുത്. പക്ഷേ, എനിക്കതില്‍ ഹോപ്പുണ്ട്. അതുകണ്ടിട്ട് എങ്കിലും എനിക്കങ്ങനെ കോമഡി വേഷം ചെയ്യാന്‍ കഴിയുമെന്ന് ആരെങ്കിലും വിചാരിച്ചിരുന്നുവെങ്കില്‍ ചിലപ്പോള്‍ ഇനി വരുന്ന സിനിമയിലെങ്കിലും ആരെങ്കിലും വിളിക്കുമായിരിക്കാം.' -നീനക്കുറുപ്പ് അഭിപ്രായപ്പെട്ടു. മുഖത്ത് പ്രതീക്ഷകളുടെ നവമുകുളങ്ങള്‍ വിരിയുന്നു...


LATEST VIDEOS

Interviews