NEWS

റിമയെ കാസ്റ്റ് ചെയ്യുന്നത് വീട്ടിലെ ആളായതു കൊണ്ടല്ല, പല കാരണങ്ങളുണ്ട്; ആഷിഖ് അബു

News

കൊച്ചി: നീലവെളിച്ചത്തിൽ റിമ കല്ലിങ്കലിനെ കാസ്റ്റ് ചെയ്തത് വീട്ടിലെ ആളായതുകൊണ്ടല്ലെന്നും അതിന് പല കാരണങ്ങളുണ്ടെന്ന് സംവിധായകൻ ആഷിഖ് അബു. വീട്ടിലെ ആളുകളെ കാസ്റ്റ് ചെയ്യുന്ന പണിയല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിൽ നീലവെളിച്ചം ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

തന്റെ വീട്ടിലെ ആളാവുന്നതിനും മുമ്പ് അഭിനേത്രി ആയ വ്യക്തിയാണ് റിമ. ഒരു സൗജന്യത്തിന്റെ പേരിൽ നടന്ന കാസ്റ്റിങ് അല്ല റിമയുടേത്. പണിയറിയാവുന്ന ആളാണവർ. ഓരോ ആളുകളിലേക്കും ഒരു ചലച്ചിത്രകാരൻ എത്താൻ കാരണങ്ങളുണ്ട്. അത്തരത്തിലൊരു കാരണം വളരെ ശക്തമായി റിമയിലുണ്ടെന്നും ആഷിഖ് അബു പറഞ്ഞു.

ഈ സിനിമ ആലോചനയിലുണ്ടായിരുന്ന സമയം മുതൽ ഈ യാത്രയുടെ ഭാഗമാകാൻ പറ്റിയത് ഭാഗ്യമാണെന്ന് റിമ കല്ലിങ്കൽ പറഞ്ഞു. അത് എല്ലാ നടീനടന്മാർക്കും ഉണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ പേടിയും ടെൻഷനും കൂടും ഒപ്പം റിലീസാവുമ്പോൾ വിഷമവും കൂടും. സിനിമ പ്രേക്ഷകർ സ്വീകരിച്ചില്ലെങ്കിൽ തീർച്ചയായും വിഷമമാവും. ബഷീറിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചത് ജീവിതത്തിൽ ഇനിയൊരിക്കലും കിട്ടാത്ത അനുഭവമായിരുന്നുവെന്നും റിമ കൂട്ടിച്ചേർത്തു. ചിത്രത്തിലെ നായകനായ ടൊവിനോയും വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു. ഈ മാസം 20-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.


LATEST VIDEOS

Top News