കസബയുടെ കഥയുമായി മമ്മുക്കയെ പോയി കണ്ടതും, അദ്ദേഹം അത് ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്ത നിമിഷം ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ ആവാത്തതാണ്. സിനിമ റിലീസ് ആയതോടെ ഒരുപാട് അഭിനന്ദനങ്ങള്‍ എന്നെത്തേടി എത്തിയിരുന്നു. മുന്‍പോട്ട് സിനിമകള്‍ തുടരെ ചെയ്യാനുള്ള ഊര്‍ജ്ജം കസബ എനിക്ക് സമ്മാനിച്ചു.
എന്നാല്‍, ആ സിനിമയിലെ ചില ഡയലോഗുകള്‍ മലയാള സിനിമയില്‍ വലിയ ചര്‍ച്ചകളും വിവാദങ്ങളും സൃഷ്ടിച്ചു. എന്‍റെ വിശ്വാസം സിനിമ ഒരു എന്‍റര്‍ടെയ്ന്‍മെന്‍റിനുള്ള മാധ്യമമാണ്. അതിലെ കഥാപാത്രങ്ങള്‍ക്കോ കഥയ്ക്കോ ഒരു സാധാരണക്കാരന്‍റെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ ആവില്ല എന്നാണ്. അതുകൊണ്ടുതന്നെ ആ വിവാദങ്ങള്‍ക്ക് മുന്‍പില്‍ എനിക്ക് വാദപ്രതിവാദങ്ങള്‍ക്ക് സമയം ചെലവഴിക്കേണ്ടതില്ലെന്ന് തോന്നിയിരുന്നു.
രണ്ടാമത്തെ സംവിധാനം 'കാവല്‍' ആയിരുന്നു. അച്ഛന്‍റെ സിനിമകളിലെ ആദര്‍ശവാനായ നായകന്‍ ശ്രീ. സുരേഷ് ഗോപിയായിരുന്നു എന്‍റെ സിനിമയിലെയും നായകന്‍. അതിലുപരി, അച്ഛനും സുരേഷ്ഗോപിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യസിനിമയും കാവല്‍ ആയിരുന്നു. ഷൂട്ടിംഗ് വേളകളില്‍ അവര്‍ക്ക് പറയാന്‍ അനേകം പഴയ കഥകളുണ്ടായിരുന്നു. അച്ഛന്‍റെ മുഖത്ത് ക്യാമറ വെച്ച് ഞാന്‍ ആക്ഷന്‍ പറയുന്ന മുഹൂര്‍ത്തം, ജീവിതത്തില്‍ ലഭിച്ച ഒരു അനുഗ്രഹം ആയിരുന്നു. കഥാകാരനായും, സംവിധായകനായും ഞെട്ടിച്ച അച്ഛന്‍, ഏറെ അനുസരണയുള്ള മികച്ച അഭിനേതാവ് ആയി എനിക്ക് മുന്‍പില്‍ തകര്‍ക്കുമ്പോള്‍, മകന്‍ എന്ന നിലയില്‍ മോണിറ്ററിന് മുന്നില്‍ ഇരുന്നു അഭിമാനം കൊണ്ടിട്ടുണ്ട്.
'അച്ഛന്‍റെ മകന്‍' എന്ന വിശേഷണത്തില്‍ പറഞ്ഞറിയിക്കാന്‍ ആവാത്ത സന്തോഷം ഉണ്ടെങ്കിലും, അച്ഛനോളം ഞാന്‍ എത്തിയിട്ടില്ല എന്ന പൂര്‍ണ്ണ തിരിച്ചറിവ് എനിക്ക് ഉണ്ട്. അച്ഛന്‍റെ തീപ്പൊരി എഴുത്തും, കടിച്ചാല്‍ പൊട്ടാത്ത ഡയലോഗുകളും, ചോര തിളച്ചെത്തുന്ന നായകന്‍റെ പ്രതിഷേധ ശബ്ദവും.. ആ രീതി അച്ഛന്‍റെ വായനയില്‍ നിന്ന് അദ്ദേഹം ബില്‍ഡ് ചെയ്തെടുത്ത കഴിവാണ്. അങ്ങനൊരു എഴുത്തുകാരനാവാന്‍ എനിക്ക് ആവുമോ എന്നത് സംശയം ആണ്.