മലയാള സിനിമ ഒരുപാട് അപ്ഡേറ്റഡ് ആയിട്ടുണ്ടെങ്കിലും ഇപ്പോഴും ട്രാന്‍സ് പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. ഒരു ബസില്‍ യാത്ര ചെയ്യുന്ന ഒരു പത്തുപേരില്‍ ഒരാള്‍ ട്രാന്‍സ് പേഴ്സണ്‍സ് ആയിരിക്കാം. പക്ഷേ അങ്ങനെയൊരു സ്പേസ് ഇതുവരെയും മലയാള സിനിമ എത്തിയിട്ടില്ല. ബോളിവുഡ്ഡിലെല്ലാം അത്തരത്തില്‍ കഥാപാത്രങ്ങളും കഥകളും വരുന്നു. ഇവിടെ അങ്ങനെ സംഭവിക്കുന്നത് വളരെ യാദൃച്ഛികമായാണ്. ഇപ്പോഴും സിനിമകളില്‍ അത് നോര്‍മലൈസ് ചെയ്യാന്‍ പലര്‍ക്കും സാധിക്കുന്നില്ല എന്ന കാരണമാണ് ഇങ്ങനെ സംഭവിക്കാന്‍ കഴിയാത്തത്. ഒരു കോളേജ് എടുത്താല്‍, ഹോസ്പിറ്റല്‍, മാര്‍ക്കറ്റ് അങ്ങനെയുള്ള ഇടങ്ങളിലെല്ലാം ഇത്തരത്തില്‍ ട്രാന്‍സ് വ്യക്തികളുടെ പ്രാതിനിധ്യം ഉണ്ടാകുന്നു. പക്ഷേ സിനിമകളില്‍ വരുമ്പോള്‍ അത് കാണാന്‍ കഴിയുന്നില്ല. പതിയെ അതില്‍ മാറ്റം വരുമെന്ന പ്രതീക്ഷയുണ്ട്.
കാതലിന് കിട്ടി സ്പേസ്
ജിയോ ബേബി സംവിധാനം ചെയ്ത കാതല്‍ എന്ന സിനിമയ്ക്ക് കിട്ടിയ സ്വീകാര്യത സന്തോഷം നല്‍കുന്ന കാര്യമാണ്. മമ്മൂട്ടിയെപ്പോലെയൊരു മഹാനടന്‍ ക്വീര്‍ കമ്മ്യൂണിറ്റിയെ റെപ്രസന്‍റ്സ് ചെയ്തിട്ടുള്ള വേഷം ചെയ്യുക എന്നതുതന്നെ അഭിനന്ദനാര്‍ഹമായ ഒന്നാണ്. അദ്ദേഹത്തെ പോലെയൊരു നടന്‍ ആ കഥാപാത്രം ചെയ്തതുകൊണ്ടാണോ ഇത്രയധികം സ്വീകാര്യത കിട്ടിയെന്നതും വലിയൊരു ചോദ്യമാണ്. കാതലിന് കിട്ടിയ സ്വീകാര്യത തെളിവാണ് ഇത്തരത്തിലുള്ള കഥയും കഥാപാത്രങ്ങളും വിജയകരമായ ഒരു കാര്യമാണെന്നത്. ഇനിയും കാതല്‍ പോലെയുള്ള സിനിമകള്‍ സംഭവിക്കട്ടെ.
ബിഗ്ബോസ് തന്ന ഹാപ്പിനെസ്സ്
ബിഗ് ബോസ് വേദി എനിക്ക് തന്ന സന്തോഷം വലുതാണ്. എനിക്ക് ജനങ്ങള്‍ക്കിടയില്‍ കിട്ടുന്ന സ്വീകാര്യത തന്നെ മാതൃകാപരമാണ്. മുന്‍പും ക്വീര്‍ കമ്മ്യൂണിക്ക് വേണ്ടി പലരും ആ വേദിയില്‍ സംസാരിച്ചിട്ടുണ്ട്. എഡ്യൂക്കേറ്റ് ചെയ്തിട്ടുണ്ട്. പക്ഷേ എന്‍റെ പെരുമാറ്റത്തിലൂടെ ആയിരിക്കണം അവിടെ എഡ്യൂക്കേറ്റ് ചെയ്യേണ്ടതെന്നത് എന്‍റെ തീരുമാനമായിരുന്നു. അത് വിജയകരമാവുകയും ചെയ്തു. എന്നെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത് അമ്മമാരും കുഞ്ഞുമക്കളുമാണ്. കേരളത്തില്‍ ഏത് വീട്ടില്‍ പോയാലും എനിക്ക് വെള്ളം കിട്ടുമെന്നത് ഉറപ്പാണ്. പുറത്തെല്ലാം പോവുമ്പോള്‍ ആള്‍ക്കാര്‍ സ്വന്തം വീട്ടിലെ കുട്ടിയെപ്പോലെ വന്നു സംസാരിക്കും. അതിലും വലിയ സന്തോഷം എന്താണ്.
പതിനേഴാമത്തെ വയസ്സില്‍ വീട്ടില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരാളാണ് ഞാന്‍. ബിഗ് ബോസ് പോലെയൊരു വേദി കാരണമാണ് എന്നെ ഒരിക്കലും അംഗീകരിക്കില്ലെന്ന് വിചാരിച്ച ഫാമിലിയും നാട്ടുകാരും എന്നെ അംഗീകരിച്ചത്. ഒരിക്കലും ഇനി ഉണ്ടാകില്ലെന്ന് വിചാരിച്ച വീട്ടിലേക്കുള്ള എന്‍റെ തിരിച്ചുവരവ് സാധിക്കുന്നത്. ഫാമിലിയില്‍ നിന്ന് എന്‍റേതായി ആരും വരില്ലെന്ന് കരുതി ഇരിക്കുമ്പോഴാണ് അനിയത്തി കയറിവരുന്നത്. വാപ്പിച്ചിയാണ് അവളെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവിട്ടതെന്ന് അറിഞ്ഞപ്പോള്‍ ഉണ്ടായ സന്തോഷം വളരെ വലുതായിരുന്നു. ബിഗ്ബോസ് ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു.