വൈറസിലെ സജിയുടെ അമ്മ
വൈറസിലെ സജിയുടെ അമ്മവേഷം എനിക്കൊരുപാട് പ്രിയപ്പെട്ട വേഷമാണ്. 2016 മുതല്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെങ്കിലും വൈറസിലെ വേഷം ചെയ്യാന്‍ പോകുമ്പോള്‍ ചെറിയൊരു പേടിയുണ്ടായിരുന്നു. മകള്‍ ദര്‍ശന(ദര്‍ശന രാജേന്ദ്രന്‍) എസ്റ്റാബ്ലിഷായ അഭിനേത്രിയാണ്. അതുകൊണ്ടുതന്നെ ഞാന്‍ മോശമായി പെര്‍ഫോം ചെയ്താല്‍ അവള്‍ക്കുകൂടി മോശമല്ലേ. ഞാന്‍ ഷൂട്ടിന് വേണ്ടി ആദ്യദിവസം പോകുമ്പോള്‍ അവിടെ ആഷിക് അബു, രാജീവ്, രവി, റിമ, പാര്‍വ്വതി അങ്ങനെയെല്ലാവരുമുണ്ട്. ആദ്യഷോട്ട് എടുക്കുമ്പോള്‍ ടെന്‍ഷന്‍ ചെറുതായി തോന്നിയിരുന്നു. വളരെ നിസ്സഹയായ ഒരു സ്ത്രീയാണല്ലോ സജിയുടെ അമ്മ. ആദ്യസീന്‍ കഴിഞ്ഞപ്പോള്‍ തന്നെ റിമ വന്നുകെട്ടിപ്പിടിച്ചു. എല്ലാവരും നന്നായിയെന്ന് പറഞ്ഞു. അത് വലിയ സന്തോഷം നല്‍കിയ നിമിഷമായിരുന്നു.
വിദൂരമായി നിന്ന സിനിമ
ചെറുപ്പം മുതല്‍ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാളായിരുന്നു. പക്ഷേ സിനിമ വിദൂരമായി നില്‍ക്കുന്ന ഒരിടമായിരുന്നതുകൊണ്ടുതന്നെ സിനിമയിലേക്ക് വരുന്നതിനെക്കുറിച്ചൊന്നും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ ചെറുപ്പം മുതല്‍ നൃത്തമെല്ലാം കൂടെയുണ്ടായിരുന്നു. കുറേക്കാലം റിയാദിലായിരുന്നു. അന്നെല്ലാം കുട്ടികളെ അവിടെ ഡാന്‍സ് പഠിപ്പിച്ചിരുന്നു. 2002 ലാണ് നാട്ടിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. പിന്നീട് മറ്റൊരു പ്രൊഫഷനുമായി മുന്നോട്ട് പോയി. 2016 ലാണ് ആദ്യമായി തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന ചിത്രത്തിന്‍റെ ഓഡിഷന് രശ്മി സതീഷ്(ഗായിക) പറഞ്ഞ് ഞാന്‍ പങ്കെടുക്കുന്നത്. ആദ്യമെല്ലാം ഓഡിഷന്‍ വഴിയായിരുന്നു മിക്ക സിനിമകളുടെയും ഭാഗമാവുന്നത്. പിന്നീട് റഫറന്‍സ് വഴിയാണ് അവസരങ്ങള്‍ ലഭിച്ചത്. മുന്‍നിരയില്‍ നില്‍ക്കുന്ന ഒട്ടുമിക്ക ആക്ടേഴ്സിനൊപ്പവും ഒരുപാട് നല്ല ടീമിനൊപ്പവും വര്‍ക്ക് ചെയ്യാന്‍ സാധിച്ചു. ഇനിയും ഒരുപിടി നല്ല സിനിമകള്‍ റിലീസിനൊരുങ്ങുന്നുണ്ട്.
കലാകുടുംബം
കലാപരമായ ഒരു കണക്ഷന്‍ ഞങ്ങള്‍ നാലുപേര്‍ക്കുമിടയിലുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഭര്‍ത്താവ് രാജേന്ദ്രന്‍. ആക്ടര്‍ ആണ്. മൂത്ത മകള്‍ ഭാവന രാജേന്ദ്രന്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റാണ്. ബാംഗ്ലൂരില്‍ കുട്ടികളെ നാടകം പഠിപ്പിക്കുന്നുമുണ്ട്. ആള്‍ ഭയങ്കര തിരക്കുള്ള ഒരാളാണ്. രണ്ടാമത്തെ മകള്‍ ദര്‍ശന രാജേന്ദ്രന്‍. അഭിനേത്രിയാണ്. അവള്‍ അവളുടെ വര്‍ക്കുമായി തിരക്കിലാണ്.