സെറ്റിലേറെ സന്തോഷം തോന്നിയ നിമിഷം
സന്തോഷിച്ച സമയങ്ങള്‍ ഒരുപാടുണ്ടാകാം. പക്ഷേ വല്ലാത്തൊരു സന്തോഷവും എക്സൈറ്റ്മെന്‍റും തോന്നിയത് ശ്യാമേട്ടനെ(ശ്യാം പുഷ്ക്കരന്‍) കണ്ടപ്പോഴാണ്. ശ്യാം ചേട്ടന്‍ പ്രേമലുവിന്‍റെ സെറ്റില്‍ വന്നെന്ന് അറിഞ്ഞപ്പോള്‍ വല്ലാത്തൊരു എക്സൈറ്റ്മെന്‍റായിരുന്നു. മായാനദി, മഹേഷിന്‍റെ പ്രതികാരം പോലുള്ള കിടിലന്‍ സിനിമകളുടെ തിരക്കഥാകൃത്തെന്ന നിലയില്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ്.
കാണണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. കാരവനില്‍ ഇരിക്കുമ്പോഴൊക്കെ എന്നെ പരിചയം കാണില്ലെന്നായിരുന്നു എന്‍റെ ചിന്ത. പക്ഷേ അമ്പരപ്പിച്ചുകൊണ്ട് എന്‍റെ ഹ്രസ്വചിത്രം 'അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്ക്സ്' കണ്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. ഗിരീഷേട്ടനെപ്പോലെയാണ് ശ്യാം ചേട്ടനും. തമാശയൊക്കെ പറഞ്ഞ് എന്‍റര്‍ടെയിന്‍ ചെയ്യിക്കും.
ഓഫ് സ്ക്രീനിലും ജെ.കെ മാര്‍
ആദിയും സച്ചിനും അമല്‍ഡേവിസുമൊക്കെ ഓഫ് സ്ക്രീനിലും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. ഷൂട്ടിംഗ് സമയത്ത് രസകരമായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. മിനി കൂപ്പറില്‍ ഉള്ള യാത്രയുടെ ഷൂട്ടൊക്കെ ഒരുപാട് എന്‍ജോയ് ചെയ്തതാണ്. നല്ല വെയിലുള്ള സമയമായിരുന്നു അത്. കൂടാതെ നമ്മള്‍ നാലുപേരും തമ്മില്‍ നല്ല വൈബുമായിരുന്നു. ഹൈദരാബാദില്‍ മാത്രം ഒരു മാസത്തോളം ചിത്രീകരണമുണ്ടായിരുന്നു. പിന്നെ ഇവരൊക്കെ ഓഫ് സ്ക്രീനിലും അടിപൊളിയാണ്. സച്ചിന്‍റെ കഥാപാത്രം പറയുന്നതുപോലെ നാക്കാണ് ഇവരുടെ ആയുധം.
നന്നായി കേട്ടിരിക്കുന്നവരെ എന്‍റര്‍ടെയിന്‍ ചെയ്യിക്കുമായിരുന്നു. ശ്യാമേട്ടന്‍(ആദി), നസ്ലിന്‍, സംഗീതേട്ടന്‍ ഇവരൊക്കെ എന്തുപറഞ്ഞാലും നമ്മള്‍ ചിരിച്ചുപോകും. എന്തുകാര്യവും ഭംഗിയായി അവതരിപ്പിക്കും. റിയല്‍ ലൈഫിലും ഹ്യൂമര്‍ സെന്‍സുള്ളതിനാലാണ് അവരുടെ തമാശകള്‍ പ്രേക്ഷകര്‍ ചിരിക്കുന്നതെന്ന് തോന്നിയിട്ടുണ്ട്. ശ്യാമേട്ടന്‍ ജസ്റ്റ് കിഡിംഗ് മാത്രമല്ല ഡയലോഗുകള്‍ മന:പാഠമാക്കുന്നതിലും അടിപൊളിയാണ്. ആദി എന്ന കഥാപാത്രത്തിന്‍റെ എല്ലാ ഡയലോഗും ശ്യാമേട്ടന് കാണാപ്പാഠമായിരുന്നു. ഏത് സീന്‍ പറഞ്ഞാലും പുള്ളിക്ക് ആ ഡയലോഗ് മന:പാഠമായിരിക്കും.
അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്ക്സിലേക്ക്
അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്ക്സും എന്‍റെ സിനിമകളും തമ്മില്‍ കണക്ടഡാണ്. കിരണ്‍ ജോണി സംവിധാനം ചെയ്ത അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്ക്സ് എന്ന ഷോര്‍ട്ട് ഫിലിമിന്‍റെ പ്രൊഡ്യൂസര്‍ ആയിരുന്നു ഗിരീഷ് എ.ഡി എന്ന ഗിരീഷേട്ടന്‍. പൂവന്‍ എന്ന ചിത്രത്തിന്‍റെ കോ പ്രൊഡ്യൂസറും അദ്ദേഹം തന്നെയായിരുന്നു. പൂവനില്‍ അഭിനയിച്ചിട്ടുള്ള ഗിരീഷേട്ടന്‍ എന്നെ വിളിച്ചിട്ട് ഇങ്ങനെ ഒരു പടം ചെയ്യുന്നുണ്ട് ഒരു ഓഡിഷന് വരാമോ എന്ന് ചോദിച്ചു. ഞാന്‍ ചെന്നപ്പോള്‍ കിരണ്‍ ഏട്ടനും ഗിരീഷേട്ടനും ആണ് ഉണ്ടായിരുന്നത്.
പ്രേമലുവിലെ കാര്‍ത്തിക ബാറില്‍ ഇരുന്ന് അമല്‍ഡേവിസിനോട് ഒക്കെ സംസാരിക്കുന്ന സീനാണ് ചെയ്യാന്‍ തന്നത്. പരമാവധി നന്നായി തന്നെ ഞാനത് ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു അദ്ദേഹം ഓക്കെ പറഞ്ഞു. പടത്തില്‍ ജോയിന്‍ ചെയ്യണം എന്നും കൂട്ടിച്ചേര്‍ത്തു. ഗിരീഷേട്ടനെ പരിചയം ഉണ്ടെങ്കിലും സംവിധായകന്‍ എന്ന നിലയില്‍ എങ്ങനെയായിരിക്കും എന്ന ടെന്‍ഷനുണ്ടായിരുന്നു. പക്ഷേ ആള്‍ അടിപൊളിയാണെന്ന് സെറ്റില്‍ ചെന്നപ്പോഴാണ് പിടികിട്ടിയത്.