ആദ്ധ്യാത്മിക രംഗത്ത് വർക്കല ഏറെ പ്രശസ്തിയാർജ്ജിച്ച സ്ഥലമാണ്. എന്നാൽ ഇപ്പോൾ ടൂറിസത്തിന്റെ ഭൂപടത്തിലും വർക്കല ഏറെ സ്ഥാനം പിടിച്ചിരിക്കുന്നു. അത്രമാത്രം ടൂറിസ്റ്റുകളാണ് ഇന്ന് വർക്കലയിൽ എത്തിക്കൊണ്ടിരിക്കുന്നത്. ബീച്ചാണ് വർക്കലയെ ടൂറിസത്തിന്റെ ചാർട്ടിൽ ഇടം നേടാൻ സഹായിച്ചത്.
ബീച്ചിന്റെ പരിസരങ്ങളെല്ലാം ഇന്ന് ഹോം സ്‌റ്റേകളും ഹോട്ടലുകളും കൊണ്ട് സമ്പന്നമായിരിക്കുന്നു. വർക്കലയുടെ മുഖഛായ മാറ്റും വിധത്തിലേക്ക് ടൂറിസം വളർന്നിരിക്കുന്നു. വർക്കലയുടെ ടൂറിസത്തിന്റെ പശ്ചാത്തലത്തിൽ ഒരു പുതിയ സിനിമ ഒരുങ്ങുന്നു. ചിത്രം തേരി മേരി.
നവാഗതയായ ആരതി ഗായത്രിയാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ടെക്‌സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത്ത് എസ്.കെ, സമീർ ചെമ്പായിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്‌സിക്യുട്ടീവ് പ്രൊഡ്യൂസർ അലക്‌സ്‌തോമസ്. ജോയി, സാബു എന്നീ രണ്ട് യുവാക്കളെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ഈ ചിത്രത്തിന്റെ കഥാപുരോഗതി. ജോയി ഒരു റിസോർട്ട് ഉടമയും സാബു ഒരു സാധാരണ തൊഴിലാളിയുമാണ്. സമൂഹത്തിലെ വ്യത്യസ്ത തലങ്ങളിൽ ജീവിക്കുന്നവർ. ജോയിയുടെ റിസോർട്ടിൽ ഒരു പ്രത്യേക സാഹചര്യത്തിൽ സാബു എത്തപ്പെടുന്നതോടെ കഥാഗതിയിൽ പുതിയ വഴിത്തിരിവുകളും കടന്നുവരികയായി. ഈ സംഭവങ്ങളാണ് ഏറെ ഉദ്വേഗത്തോടെയും രസകരവുമായും അവതരിപ്പിക്കുന്നത്. ജോയിയെ ശ്രീനാഥ് ഭാസിയും, സാബുവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു.
പ്രശസ്ത തെലുങ്കു നടി ശ്രീരംഗ സുധയും അന്നാ രേഷ്മാരാജനുമാണ് നായികമാർ. ഇർഷാദ്, സോഹൻ സീനുലാൽ, ഷാജുശ്രീധർ, ബബിതാ ബാബു എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംഗീതം കൈലാസ് മേനോൻ. അഡീഷണൽ തിരക്കഥ അരുൺ കരിമുട്ടം, ഛായാഗ്രഹണം ബിബിൻ ബാലകൃഷ്ണൻ, എഡിറ്റിംഗ് എം.എസ്. അയ്യപ്പൻ, കലാസംവിധാനം സാബുറാം. മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണൻ, കോസ്റ്റ്യൂം ഡിസൈൻ വെങ്കിട്ട് സുനിൽ, അസ്സോസിയേറ്റ് ഡയറക്ടർ സുന്ദർ എൽ. ശരത്കുമാർ.കെ.ജി, ക്രിയേറ്റീവ് ഡയറക്ടർ ഖന്നാൻ ജി. പണിക്കർ, പ്രൊഡക്ഷൻ മാനേജേഴ്‌സ് സജയൻ ഉദിയൻകുളങ്ങര, സുജിത് വി.എസ്, പ്രൊഡക്ഷൻ കൺട്രോളർ ബിനു മുരളി. വർക്കല, കോവളം, കന്യാകുമാരി എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്
ഫോട്ടോ: ശാലു പേയാട്