തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ജൂനിയർ എൻ.ടി.ആർ. അഭിനയിച്ച് ഈയിടെ റിലീസായ 'ദേവര' എന്ന തെലുങ്ക് ചിത്രം 500 കോടിയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. ഈ ചിത്രത്തിന് പിന്നാലെ ബോളിവുഡിൽ ഹൃത്വിക് റോഷനൊപ്പം ‘വാർ 2’ എന്ന ചിത്രത്തിലാണ് ജൂനിയർ എൻ.ടി.ആർ. അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമക്ക് ശേഷം 'KGF' ചിത്രങ്ങളുടെ സംവിധായകനായ പ്രശാന്ത് നീൽ സംവിധാനം ചെയുന്ന ചിത്രത്തിലാണ് ജൂനിയർ എൻ.ടി.ആർ അഭിനയിക്കാനിരിക്കുന്നത്. ഇത് താരത്തിന്റെ 31-മത്തെ ചിത്രമായതിനാൽ 'NTR-31' എന്നാണ് സിനിമയ്ക്കു താൽക്കാലികമായി പേരിട്ടിരിക്കുന്നത്. 2026 ജനുവരി 9-ന് ചിത്രം റിലീസ് ചെയ്യാനുള്ള തയാറെടുപ്പോടെയാണ് ഒരുങ്ങുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ സിനിമയിൽ രുക്മിണി വസന്ത് ആണ് നായികയായി അഭിനയിക്കുന്നത് എന്നാണ് സൂചന. ഈ സാഹചര്യത്തിൽ മലയാളത്തിലെ രണ്ട് പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ ഒന്നിക്കുന്നതായുള്ള ഒരു റിപ്പോർട്ടുണ്ട്. ആ താരങ്ങൾ ബിജു മേനോനും, ടൊവിനോ തോമസുമാണ്. ഇവർ രണ്ടു പേർക്കും ചിത്രത്തിൽ വളരെയധികം പ്രാധാന്യം ഉള്ള കഥാപാത്രങ്ങളാണത്രെ നൽകിയിരിക്കുന്നത് എന്നും, ചിത്രത്തിൻ്റെ ചിത്രീകരണം അടുത്ത മാസം (ഫെബ്രുവരി) ആരംഭിക്കുമെന്നും പറയപ്പെടുന്നുണ്ട്. ഇതിന്റെ ഒഫീഷ്യൽ പ്രഖ്യാപനം ഉടനെ ഉണ്ടാകുമത്രേ!