ഈയിടെ പിന്നണിഗായകന്‍ ഉണ്ണിമേനോന്‍ പറഞ്ഞാണ്, ഞാന്‍ എന്‍റെ 'യാദവഗാനം'
എന്ന ഗാനാല്‍ബത്തെക്കുറിച്ച് അറിഞ്ഞത്. 1977മുതല്‍ ചലച്ചിത്രഗാനരംഗത്തും 1981 മുതല്‍
ഭക്തിഗാനരംഗത്തും ഉള്ള എനിയ്ക്കിത് ആദ്യ ആശ്ചര്യാനുഭവമായി. ആവര്‍ത്തിച്ച ഒരു
ഗാനം- ശ്രുതിസാഗരത്തില്‍ ഉള്‍പ്പെടെ എട്ട് ഗാനങ്ങള്‍ എന്‍റെ പിതൃത്വത്തില്‍
പുറത്തിറക്കിയിരിയ്ക്കുന്നു- സോണിമ്യൂസിക്സ്! ഇറങ്ങിയിട്ട് കുറച്ചായത്രെ. ഇപ്പോഴാണ്
ഈയുള്ളവന്‍ ഇതറിയുന്നത്!
വാതാലയേശാശൗരേ മേല്‍പ്പത്തൂരല്ലല്ലോ ഞാന്‍...എന്നാരംഭിക്കുന്ന ആദ്യഗാനം
പോലെതന്നെ (ഗായകന്‍ ഉണ്ണിമേനോന്‍) ഞാനല്ല ഭഗവാനേ, ഭക്തരേ മേലുദ്ധരിച്ച
ഗാനത്തിന്‍റെ ശില്‍പി മേല്‍പ്പത്തൂര്. ഗുരുവായൂരപ്പസുപ്രഭാതം, ശ്രുതിസാഗരത്തില്‍,
ബാലഗോകുലപാലാ, പാഹിമൃതരേ, കാളിന്ദിയില്‍, ആയിരംനാവുള്ള...തുടര്‍ന്നുവരുന്ന
ഗാനങ്ങളും എന്‍റേതല്ലെന്‍റേതല്ല! 'എന്‍റെയല്ലെന്‍റെയല്ലെന്‍റെയല്ലീ' ഭക്തിഗാനങ്ങള്‍ എന്‍റെയല്ലീ
നവീനാല്‍ബവും ഭക്തരേ... എന്ന് മഹാകവി അക്കിത്തസമാനഭാവനത്തില്‍ ഞാന്‍
വിനീതനാവുന്നു. അപ്പൊഴും, എന്‍റെ പേര് ദുരുപയോഗിച്ച് സോണി കമ്പനിചെയ്തത്,
സര്‍ഗ്ഗ സത്യസന്ധതയില്ലായ്മയാണെന്ന് ഞാന്‍ പറയും. മാത്രവുമല്ല ഈ ഗാനങ്ങളുടെ
യഥാര്‍ത്ഥ സ്രഷ്ടാവിനെ വെളിപ്പെടുത്താതിരിക്കലുമാണത്! ഈ രണ്ടു തെറ്റിനും
ഇവര്‍ക്കെന്താണ് പറയാനുള്ളത്, അറിയേണ്ടതുണ്ട്.
സാധാരണ നമ്മുടെ പാട്ടുകള്‍ മറ്റുള്ളവരുടേതായി പറയപ്പെടുകയും
അറിയപ്പെടുകയും ചെയ്യാറുണ്ട്. ആകാശവാണിയടക്കം ഇത്തരം അബദ്ധങ്ങള്‍
സംഭവിക്കാറുണ്ട്. അവ പറഞ്ഞു തിരുത്താറുണ്ട്, അവയുടെ പൈതൃകം പിടിച്ചു പറ്റാറുമുണ്ട്.
ഇവിടെ സംഭവിച്ചത് നേരേ മറിച്ചാണ്. എന്തായാലും, കെ.എസ്.ചിത്രയും ഉണ്ണിമേനോനും
ആലപിച്ച- ഈ ഗാനാഷ്ടകത്തിന്‍റെ- യാദവഗാനം സ്രഷ്ടാവ് ഞാനല്ല.
യുട്യൂബിലും മറ്റുമായി എന്‍റെ രചനയായി പ്രചരിക്കുന്ന ഈ ആല്‍ബം സോണി
പിന്‍വലിക്കുകയും രചനയുടെ പിതൃത്വം യഥാര്‍ത്ഥ കവിക്ക് അനുവദിച്ചു കൊടുക്കുകയും
ചെയ്യേണ്ടതാണ്. സാമാന്യമര്യാദയുടെ പേരില്‍, സര്‍ഗ്ഗസത്യസന്ധതയുടെ പേരില്‍
സോണി അതു ചെയ്യുമെന്ന് തന്നെ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു -ആര്‍.കെ.ദാമോദരന്‍