തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ് 'തമിഴ്‌നാട് വെട്രി കഴകം' എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതും, ഇതിനെ തുടർന്ന് തമിഴ്‌നാട്ടിൽ 2026-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടി മത്സരിക്കാനിരിക്കുന്ന വിവരങ്ങളെല്ലാം എല്ലാവർക്കും അറിയാവുന്നതാണ്. അതോടൊപ്പം വിജയ് തന്റെ അവസാനത്തെ ചിത്രം എന്ന് പ്രഖ്യാപിച്ചിരിക്കുന്ന സിനിമയിലും അഭിനയിച്ചു വരികയാണ്. താൽക്കാലികമായി 'ദളപതി-69' എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ എച്ച്.വിനോദ് ആണ് സംവിധാനം ചെയ്തുവരുന്നത്. ഈ ചിത്രത്തിൽ വിജയ്-ക്കൊപ്പം പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, നരേൻ എന്നിവർ അഭിനയിച്ചു വരുന്ന സാഹചര്യത്തിൽ കന്നഡ സിനിമയിലെ സൂപ്പർതാര മായ ശിവരാജ് കുമാരും ഒരു അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നുള്ള വിവരം പുറത്തുവന്നിട്ടുണ്ട്. ഇതിന് മുൻപ് രജിനികാന്ത് നായകനായ 'ജയിലർ' എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രം ശിവരാജ് കുമാർ അവതരിപ്പിച്ചിരുന്നു. 'ദളപതി-69-'ൽ അഭിനയിക്കുന്നത് സംബന്ധമായുള്ള വിവരം ശിവരാജ് കുമാർ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. അടുത്ത വർഷം ഒക്ടോബർ മാസം റിലീസ് ചെയ്യാനുള്ള പ്ലാനോടെയാണ് 'ദളപതി-69-' ഒരുങ്ങി വരുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദ്രൻ ആണ്. 'ദളപതി-69' വിജയ്‌യുടെ അവസാനത്തെ സിനിമയായി ഔരുങ്ങി വരുന്നതിനാൽ ഇപ്പോൾ തന്നെ ചിത്രത്തിന്റെ ബിസിനസ് കാര്യങ്ങളും തുടങ്ങിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. തമിഴ് സിനിമയിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിൽ ഒരു വമ്പൻ തുകക്ക് 'ദളപതി-69' ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം വിൽപ്പനയായി എന്നും ഒരു റിപ്പോർട്ടുണ്ട്.