അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്തുവരുന്ന ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. മകിഴ് തിരുമേനിയുടെ സംവിധാനത്തിൽ അജിത്ത് അഭിനയിച്ചിട്ടുള്ള 'വിടാമുയർച്ചി' എന്ന ചിത്രം ഫെബ്രുവരി-6 ന് റിലീസാകാനിരിക്കുകയാണ്. ഈ സിനിമക്ക് ശേഷം പുറത്തുവരാനിരിക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത്തിനൊപ്പം തൃഷ, പ്രസന്ന, സുനിൽ, അർജുൻ ദാസ്, പ്രഭു എന്നിവരാണ് മറ്റുള്ള പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. അടുത്തിടെ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്കും, സെക്കൻഡ് ലുക്ക് പോസ്റ്ററും പുറത്തിറങ്ങി വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് ചിത്രത്തിന് സംഗീതം ഒരുക്കേണ്ടിയിരുന്ന ദേവിശ്രീ പ്രസാദ് ചിത്രത്തിൽ നിന്നും ഒഴിവാക്കപ്പെട്ടത്. ഇതിനെ തുടർന്ന് മറ്റൊരു പ്രശസ്ത സംഗീത സംവിധായകനായ ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
'ഗുഡ് ബാഡ് അഗ്ലി'യിൽ അജിത് കുമാർ സംബന്ധപെട്ട ദൃശ്യങ്ങളുടെ ചിത്രീകരണവും, ഡബ്ബിങ്ങും പൂർത്തിയായതിനെ തുടർന്ന് മറ്റുള്ള ചില രംഗങ്ങൾ ഇപ്പോൾ ചിത്രീകരിച്ച് വരികയാണ്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ മലയാളത്തിലെ പ്രശസ്ത നടനായ ഷൈൻ ടോം ചാക്കോയും ജോയിൻ ചെയ്തിരിക്കുന്നതായുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കാനാണ് ഷൈൻ ടോം ചാക്കോയെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്