നടൻ വിജയ് 'തമിഴ്നാട് വെട്രി കഴകം' എന്ന പേരിൽ രാഷ്ട്രീയപാർട്ടി ആരംഭിച്ചതിനെ തുടർന്ന് സിനിമാഭിനയം നിർത്താൻ പോകുകയാണല്ലോ! വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന 'GOAT' എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇത് വിജയ്‌യുടെ 68-മത്തെ ചിത്രമാണ്. ഈ ചിത്രത്തിന് ശേഷം തൻ്റെ 69-ാം സിനിമയോടുകൂടി വിജയ് സിനിമ വിട്ട് മുഴുവൻ സമയവും രാഷ്ട്രീയത്തിൽ ശ്രദ്ധ ചെലുത്താനിരിക്കുകയാണ്. ഇക്കാര്യം അദ്ദേഹം മുൻപ് പുറത്തിറക്കിയ പ്രസ്താവനയിൽ തന്നെ പറഞ്ഞിട്ടുണ്ട്. 2026-ൽ നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ് വിജയ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് വിജയ്-യുടെ 69-മത്തെ ചിത്രം ആരായിരിക്കും സംവിധാനം ചെയ്യുക എന്നത് കുറിച്ചുള്ള വിവാദങ്ങളും, ചർച്ചകളും കോളിവുഡിൽ നടന്നുവരുന്നത്. ഇക്കാര്യത്തിൽ അറ്റ്‌ലി, വെട്രിമാരൻ, ശങ്കർ, കാർത്തിക് സുബുരാജ് തുടങ്ങിയ സംവിധായകന്മാരുടെ പേരുകളാണ് ചർച്ച ചെയ്യപ്പെട്ടു വരുന്നത്. എന്നാൽ ഇപ്പോൾ ഈ ലിസ്റ്റിൽ പ്രശസ്ത തെലുങ്ക് സംവിധായകനായ ത്രിവിക്രം ശ്രീനിവാസിൻ്റെ പേരും ചേർന്നിട്ടുണ്ട്. പവൻ കല്യാൺ നായകനായ 'അതാരിൻ്റിക്കി താരേത്തി', അല്ലു അർജുൻ നായകനായ 'അല വൈകുണ്ഠപുരല്ലോ' തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ത്രിവിക്രമാണ് ഈയിടെ പുറത്തുവന്ന മഹേഷ് ബാബു നായകനായ 'ഗുണ്ടൂർ കാരം' എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നത്. ഫാമിലി സെൻ്റിമെൻ്റ് വിത്ത് ആക്ഷൻ സിനിമകൾ സംവിധാനം ചെയ്യുന്നതിൽ സ്പെഷ്യലിസ്റ്റായ ത്രിവിക്രം ശ്രീനിവാസായിരിക്കും വിജയ്‌യുടെ അവസാനത്തെ ചിത്രം സംവിധാനം ചെയ്യുക എന്നാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. 'വിജയ്-69' ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ ഇത്തരം വിവരങ്ങളും, വാർത്തകളും വന്നുകൊണ്ടേയിരിക്കും.