NEWS

ലളിതം സുന്ദരം ഈ വില്ലനിസം!! -Nisthar Ahamed Sait

News

1985 മുതല്‍ അമച്വര്‍ നാടകരംഗത്ത് സജീവമായിരുന്ന ഞാന്‍ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിച്ചേരുന്നത്. സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ തന്‍റെ ഒരു സിനിമയ്ക്കുവേണ്ടി തിരുവനന്തപുരത്തെ നാടകക്കാരെ അന്വേഷിച്ച കൂട്ടത്തില്‍, എന്നെ കണ്ടുപിടിക്കുകയും, എന്നിലേക്ക് എത്തിച്ചേരുകയും ആയിരുന്നു. അങ്ങനെയാണ് ആദ്യസിനിമ സനലിന്‍റെ ഒഴിവുദിവസത്തെ കളി എന്നതായത്. അപ്രതീക്ഷിതമായി സിനിമയില്‍ എത്തിയ എന്നേത്തേടി പിന്നീട് പല കഥാപാത്രങ്ങളും വന്നതോടെ നാടകനടന്‍ നിസ്താറിനെ സിനിമയില്‍ ഉള്ളവര്‍ 'നിസ്താര്‍ അഹമ്മദ് സേട്ട്' എന്ന് എന്‍റെ അനുവാദം ഇല്ലാതെതന്നെ നീട്ടിവിളിച്ചു.

ദി ഗ്രേറ്റ് ഫാദര്‍, വെളിപാടിന്‍റെ പുസ്തകം, വിമാനം, പൊറിഞ്ചു മറിയം ജോസ്, മനോഹരം, തെളിവ്, മോഹന്‍കുമാര്‍ ഫാന്‍സ് എന്നിങ്ങനെ അഭിനയിച്ച ഒട്ടുമിക്ക സിനിമകളിലും പ്രേക്ഷകശ്രദ്ധ നേടാനായെങ്കിലും, അഭിനേതാവ് എന്ന നിലയില്‍ എനിക്ക് ഏറെ അഭിനന്ദനങ്ങള്‍ ലഭിച്ചത് വരത്തന്‍, കാര്‍ബണ്‍, ഭീഷ്മപര്‍വ്വം എന്നീ സിനിമകളിലാണ്. കാര്‍ബണിലെ കഥാപാത്രം കണ്ട് അറപ്പും ദേഷ്യവും തോന്നി എന്ന് പലരും പറഞ്ഞപ്പോള്‍, എനിക്ക് ഒത്തിരി സന്തോഷമായിരുന്നു.  ഒരിക്കല്‍ സൗബിന്‍ ആണും പെണ്ണും എന്ന ആന്തോളജി സീരീസിലെ സാവിത്രി കണ്ടശേഷം അതിലെ പെര്‍ഫോമന്‍സ് നന്നായിരുന്നു എന്ന് സൂചിപ്പിച്ചത് ഓര്‍മ്മയിലുണ്ട്.

ലളിതം സുന്ദരം ജീവിതം

പലരും എനിക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ക്ക് എന്താ ഇത്ര പരുക്കന്‍ സ്വഭാവം എന്ന് ചോദ്യം ചോദിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നത് നമ്മുടെ ജീവിതസാഹചര്യങ്ങള്‍ ആണ് നമ്മളിലെ രൂപവും രീതികളും ഷേപ്പ് ചെയ്യുന്നത് എന്നാണ്. ഞാന്‍ ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ അതിജീവിച്ചുവന്ന ഒരാള്‍ ആണ്. സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ട് വിദ്യാഭ്യാസകാലത്ത് അഭിനയം പഠനവിഷയമാക്കണം എന്ന ആഗ്രഹം വേണ്ടെന്ന് വെച്ചിട്ടുണ്ട്. അങ്ങനെ, ജീവിതത്തിലെ ചില പ്രശ്നങ്ങളുടെ പരിണിതഫലം ആയിട്ടാകണം എനിക്ക് അല്‍പ്പം ഗൗരവം ഉള്ള നോട്ടവും, രൂപവും ശബ്ദവും എല്ലാം ലഭിച്ചത്. പക്ഷേ കഥാപാത്രത്തിന്‍റെ കനം ഇന്നോളം ഹൃദയത്തിന് ഞാന്‍ നല്‍കിയിട്ടില്ല. ലളിതവും സുന്ദരവും ആയി ജീവിക്കണം എന്നതാണ് ഇഷ്ടം.

ഒപ്പിന് വിലയുള്ള വില്ലന്‍!!

സിനിമയില്‍ കുറച്ച് ധാര്‍ഷ്ട്യവും, ഫ്യൂഡല്‍ മാടമ്പിത്തരം ഒക്കെയുള്ള കഥാപാത്രങ്ങള്‍ ആണ് കിട്ടാറുള്ളത്. എങ്കിലും, ജീവിതത്തിലെ ജോലി ഇത്തരം കയ്യാങ്കളികള്‍ക്ക് പറ്റിയത് അല്ലായിരുന്നു. 31 വര്‍ഷമായി കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥനായി പ്രവര്‍ത്തിക്കുകയായിരുന്നു. ഗസറ്റഡ് റാങ്കില്‍ ഇരിക്കുമ്പോഴാണ് ഞാന്‍ ജോലിയില്‍ നിന്ന് പടി ഇറങ്ങുന്നത്. ജോലിയില്‍ നിന്ന് ലീവ് എടുത്താണ് പലപ്പോഴും നാടകത്തിനും സിനിമയ്ക്കും എല്ലാം പോയിക്കൊണ്ടിരുന്നത്. രാവിലെ അഭിനയം കഴിഞ്ഞാല്‍ പല ദിവസങ്ങളിലും രാത്രി ഉറക്കം ഇല്ലാതെ ഓഫീസ് ജോലിയും ചെയ്തുതീര്‍ക്കും...

സിനിമയുടെ വെളിച്ചം ബാധിച്ചിട്ടില്ല!!

നാടകത്തില്‍ ആയിരുന്നപ്പോള്‍ ഉള്ള പേരിനെക്കാള്‍ നീട്ടം സിനിമയിലെത്തിയപ്പോള്‍ വന്നു എന്നതിന് ഉപരി വലിയ മാറ്റങ്ങള്‍ ജീവിതത്തില്‍ വന്നതായി തോന്നിയിട്ടില്ല. പലയിടത്തും ആളുകള്‍ തിരിച്ചറിയാറുണ്ട്. എന്നാല്‍ സിനിമാനടന്‍ എന്ന പേരില്‍ ലഭിക്കുന്ന പല അനുകൂല്യങ്ങളും ഞാന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ട്.

നാടകം തന്ന ധൈര്യം

ആദ്യകാലത്ത് അഭിനയിക്കുമ്പോള്‍ 'ചേട്ടാ നാടകം കേറി വരുന്നു' എന്ന അഭിപ്രായം ഏതൊരു നാടകക്കാരനും കേള്‍ക്കുന്നപോലെ ഞാനും കേട്ടിട്ടുണ്ട്. പക്ഷേ നാടകത്തിന്‍റെ ഗുണം എന്തെന്നാല്‍, അത്രയേറെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ റീ ടേക്കുകള്‍ ഇല്ലാതെ സ്റ്റേജില്‍ നിന്ന് ഒറ്റയടിക്ക് പെര്‍ഫോം ചെയ്യുന്ന ഒരു നടന്, അഭിനയത്തിന്‍റെ മീറ്റര്‍ കൂട്ടാനും, കുറയ്ക്കാനും അറിയാം എന്നതാണ്. സംവിധായകര്‍ക്ക് ആവശ്യമുള്ള അളവില്‍ ഒരു കഥാപാത്രത്തെ നല്‍കാന്‍ സാധിക്കുന്നത് നാടകത്തില്‍ നിന്ന് പഠിച്ച അറിവുകൊണ്ടാണ്. 

നടന്‍ എന്ന നിലയില്‍ ഏറ്റവും ആസ്വദിച്ചു ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്, അമല്‍ നീരദിനോടൊപ്പം ആണ്. മേല്‍പറഞ്ഞ നിലയില്‍ പെര്‍ഫോം ചെയ്യാനുള്ള ഒരു സ്പേസും സ്വാതന്ത്ര്യവും എനിക്ക് നല്‍കാറുണ്ട്. ഈ അടുത്ത് ഇറങ്ങിയ അജയന്‍റെ രണ്ടാം മോഷണത്തില്‍ നായികയുടെ അച്ഛനായി അഭിനയിച്ചതിന് ഒരുപാട് പേര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചിരുന്നു. അത് ലഭിച്ചതുകൊണ്ടാവണം വരത്തന്‍, ഭീഷ്മപര്‍വ്വം, ബോഗെന്‍ വില്ല എന്നീ സിനിമകളില്‍ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന നിലയില്‍ എനിക്ക് പെര്‍ഫോം ചെയ്യാന്‍ സാധിച്ചത്. 

ടൈം ഫോര്‍ ഫില്‍റ്ററേഷന്‍!!

എപ്പോഴും പരുക്കന്‍ കഥാപാത്രങ്ങള്‍ എന്ന നിലയില്‍ ടൈപ്പ് കാസ്റ്റ് ആവുന്നുണ്ട് എന്ന് തോന്നിയപ്പോള്‍ മുതല്‍ കഥാപാത്രങ്ങള്‍ സെലക്ട് ചെയ്യുന്നതില്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചുതുടങ്ങി. ശരീരഭാഷയ്ക്ക് അപ്പുറം ഒരു കഥാപാത്രം ചെയ്യണം എന്നതാണ് ഇനിയുള്ള ആഗ്രഹം. നെഗറ്റീവില്‍ നിന്ന് വല്ലപ്പോഴുമെങ്കിലും പോസിറ്റീവ് ആവണ്ടേ!!

അതുകൊണ്ടുതന്നെ സ്ക്രിപ്റ്റ് ഒരേപോലത്തെ കഥാപാത്രം എന്ന് തോന്നിയത് പലതും ഒഴിവാക്കാറുണ്ട്. വേണ്ട എന്ന് വെച്ച എല്ലാ സിനിമകളും പിന്നീട് കാണാനും ശ്രമിക്കാറുണ്ട്. ഒരു അഭിനേതാവ് എന്ന നിലയില്‍ തെരഞ്ഞെടുപ്പില്‍ വീഴ്ച വന്നോ എന്നറിയാന്‍ കൂടിയാണ് കാണുന്നത്. എന്നാല്‍ ഉപേക്ഷിച്ച പ്രോജക്ടുകളില്‍ 'കുമ്പളങ്ങി നൈറ്റ്സി'ലെ കഥാപാത്രം മാത്രമാണ് വേണ്ടെന്ന് വയ്ക്കരുതായിരുന്നു എന്ന് തോന്നീട്ടുള്ളത്.

കുടുംബം: ഭാര്യ ഷീല, മക്കള്‍: നയന്‍, നവീന്‍, മരുമകള്‍: പ്രീതിക.

 


LATEST VIDEOS

Interviews