NEWS

ഈ മാസം തമിഴിൽ റിലീസാകുന്ന മൂന്ന് രണ്ടാം ഭാഗം സിനിമകൾ

News

ഈ വർഷം (2024) അവസാനിക്കാൻ പോകുകയാണ്. ഈ വർഷത്തിൻ്റെ ആദ്യപകുതി തമിഴ് സിനിമയ്ക്ക് പരീക്ഷണ കാലഘട്ടമായിരുന്നെങ്കിലും, രണ്ടാം പകുതിയിൽ കുറച്ച് സിനിമകൾ ഹിറ്റാകുകയുണ്ടായി. അങ്ങിനെ 2024 അതിൻ്റെ അവസാന ഘട്ടത്തിലെത്തിക്കൊണ്ടിരിക്കുമ്പോഴാണ് ആരാധകർക്ക് വിരുന്നായി മൂന്ന് രണ്ടാം ഭാഗ സിനിമകൾ റിലീസാകാനിരിക്കുന്നത്. ആ സിനിമകൾ ഏതൊക്കെയെന്ന് നോക്കാം. വിടുതലൈ-2 2023 മാർച്ച് മാസം റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'വിടുതലൈ'. വെട്രിമാരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ കഥയുടെ നായകനായി അഭിനയിച്ചത് സൂരിയായിരുന്നു. കോമഡി കഥാപാത്രങ്ങൾ അവതരിപ്പിച്ചുവന്ന സൂരി ഒരു പോലീസ്കാരനായി, നായകനായി അഭിനയിച്ച ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായ പെരുമാൾ വാത്തിയാരായി വിജയസേതുപതിയും അഭിനയിച്ചിരുന്നു. ഇതിന്റെ രണ്ടാം ഭാഗം ഇപ്പോൾ വിജയസേതുപതി അവതരിപ്പിച്ച പെരുമാൾ വാത്തിയാരുടെ കഥാപാത്രത്തിനെ പ്രധാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇതിൽ വിജയസേതുപതിയുടെ ജോഡിയായി മഞ്ജുവാരിയർ ആണ് എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇവർക്കൊപ്പം സൂരി, ചേതൻ, ഗൗതം മേനോൻ എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇളയരാജയാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഈ ചിത്രം ഈ മാസം 20-ന് റിലീസാകും. പുഷ്പ്പ-2 തെലുങ്ക് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അല്ലു അർജുൻ നായകനായി പുറത്തുവന്ന് സൂപ്പർഹിറ്റായ ചിത്രമാണ് 'പുഷ്പ'. സുകുമാർ സംവിധാനം ചെയ്ത ഈ ചിത്രം തെലുങ്കിന് പുറമെ ഒരു പാൻ ഇന്ത്യൻ ചിത്രമായി തമിഴിലും റിലീസായി വമ്പൻ വിജയമായി. ഈ ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഒരുങ്ങിയിരിക്കുന്നത്. പുഷ്പ രണ്ടാം ഭാഗം ഈ മാസം അഞ്ചിന് റിലീസാകാനിരിക്കുകയാണ്. അല്ലു അർജുനൊപ്പം രാഷ്‌മികാ മന്ദാന, ഫഹദ് ഫാസിൽ, ജഗപതി ബാബു, പ്രകാശ് രാജ്, സുനിൽ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം വമ്പൻ പ്രതീക്ഷകളോടെയാണ് റിലീസാകുന്നത്. സൂദ് കവ്വും വിജയ് സേതുപതിയെ നായകനാക്കി നളൻ കുമാരസ്വാമി സംവിധാനം ചെയ്തു 2013-ൽ പുറത്തിറങ്ങി ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ചിത്രമാണ് 'സൂദ് കവ്വും'. ഈ ചിത്രത്തിൻ്റെ രണ്ടാം ഭാഗവും ഇപ്പോൾ ഒരുങ്ങിയിട്ടുണ്ട്. എന്നാൽ ഈ ചിത്രത്തിൽ 'മിർച്ചി' ശിവയാണ് നായകനായി എത്തുന്നത്.എസ്‌.ജെ.അർജുൻ എന്ന പുതുമുഖ സംവിധായകനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മിർച്ചി ശിവയ്‌ക്കൊപ്പം രാധാരവി, എം.എസ്.ഭാസ്‌കർ, കരുണാകരൻ, അരുൾദാസ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം ഡിസംബർ 13-ന്തയേറ്ററുകളിലെത്തുന്നതായിരിക്കും. ഇങ്ങിനെ മൂന്ന് രണ്ടാം ഭാഗ ചിത്രങ്ങൾ ഒരേ മാസം റിലീസാകുന്നത് വളരെ അപൂർവമായ കാര്യമാണ്. ആരാധകർ ഈ മൂന്ന് സിനിമകൾക്കും എങ്ങിനെയുള്ള പ്രതികരണമാണ് നൽകാനിരിക്കുന്നത് എന്നുള്ളത് കണ്ടറിയുകതന്നെ വേണം.


LATEST VIDEOS

Top News