എറണാകുളത്ത് തൃപ്പൂണിത്തുറയ്ക്കടുത്തുള്ള അമ്പലമേട് എഫ്.എ.സി.റ്റിയുടെ വളപ്പില്‍ ഒരു ഡാമും തടാകവും ഒക്കെയുണ്ട്. അതിന്‍റെ കരയാകട്ടെ വനനിബിഢവും. ഇത്തരമൊരു കാട്ടിനുള്ളിലാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ തന്‍റെ 'പദയാത്ര' എന്ന സിനിമ ചിത്രീകരിക്കാന്‍ തീരുമാനിച്ചത്.
പത്തനംതിട്ടയിലൊ കോതമംഗലം ഭാഗങ്ങളിലൊ വയനാട്ടിലൊ ഷൂട്ടിംഗിനായി കാട് ലഭിക്കും. എന്നാല്‍, കഥ ആവശ്യപ്പെടുന്നതുപോലെ ഒരു പ്രദേശമാകണം, അവിടെ ഷൂട്ട് ചെയ്യാന്‍ പെര്‍മിഷന്‍ വേണം.. ഇങ്ങനെ പല കാര്യങ്ങള്‍ ഒത്തുവന്നാലെ സിനിമാചിത്രീകരിക്കാനാകൂ.
ആദ്യത്തെ അന്വേഷണത്തില്‍ ഈ പറഞ്ഞതുപോലെ അനുയോജ്യമായ കാടും പ്രദേശവും ലഭ്യമായില്ല. ഈ സിനിമയില്‍ നായകനായി അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. 'പദയാത്ര' നിര്‍മ്മിക്കുന്നത് മമ്മൂട്ടി കമ്പനിയും. ഷൂട്ടിംഗ് ദിനങ്ങള്‍ അടുത്തുവരുന്ന സാഹചര്യത്തില്‍ ഒടുവില്‍ മമ്മൂട്ടി തന്നെയാണ് അമ്പലമേട് എഫ്.എ.സി.റ്റി ഗസ്റ്റ് ഹൗസിനടുത്ത് കാടും തടാകവും ഒക്കെയുണ്ടെന്ന് പറയുന്നത്.
കാടിനുള്ളിലെ ജീവിതവും അനുഭവങ്ങളും പറയുന്ന ഒരു ആദിവാസി സമൂഹത്തിന്‍റെയും അവരെ പരിചരിക്കാനെത്തുന്ന ദേവദാസ് എന്ന ഡോക്ടറുടെയും കഥയാണ് 'പദയാത്ര' സിനിമയിലൂടെ അടൂര്‍ പറയുന്നത്.
ഒരു ഗാന്ധിയന്‍ ചിന്താഗതിക്കാരനാണ് ഡോക്ടര്‍ എം.കെ. ദേവദാസ്. നഗരത്തിലെ ഒരു ക്ലിനിക്കില്‍ സേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ദേവദാസിന് അവിടുത്തെ രോഗികളെ പരിചരിക്കുന്നതിനോടും ചികിത്സകളോടും പൊരുത്തപ്പെടാതെ ഈ വനമേഖലയിലെ ആദിവാസി സമൂഹത്തെ ചികിത്സിക്കുവാനായിരുന്നു ഏറെ താല്‍പ്പര്യം. കാടിനോട് ചേര്‍ന്ന് 'ആതുരാലയം' എന്നുപേരിട്ടിരിക്കുന്ന ആ സ്ഥാപനത്തില്‍ ദേവദാസ് എത്തിച്ചേര്‍ന്നത് അങ്ങനെയാണ്.
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്തമായതും പുതുമയുള്ളതുമായ ഒരു കഥാപാത്രമാണ് ഡോക്ടര്‍ ദേവദാസ്. അനന്തരവും വിധേയനും മതിലുകളുമൊക്കെ അടൂര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്നുനിന്നുകൊണ്ട് മമ്മൂട്ടി അക്കാലത്ത് അഭിനയിച്ചത് ഏറെ ആവേശത്തോടെയായിരുന്നു. ഇപ്പോള്‍ ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് മമ്മൂട്ടി ഒരു അടൂര്‍ സിനിമയില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി ചെയ്ത അടൂര്‍ സിനിമകള്‍ മമ്മൂട്ടി എന്ന നടനെ അദ്ദേഹത്തിന്‍റെ നടനപദയാത്രയില്‍ രത്നക്കല്ലുകള്‍ തന്നെ പതിപ്പിച്ചുകൊടുത്തിരിക്കുന്നു. ഇപ്പോള്‍ ഈ നാലാം ഒത്തുചേരല്‍ പുതിയ അംഗീകാരം ഏതോ പുത്തന്‍ കിരീടമായി ചാര്‍ത്താനുള്ള ഒരുക്കങ്ങളിലാണ്.
അടൂര്‍സാറിനും മമ്മൂക്കയ്ക്കും നല്ലത് സംഭവിക്കട്ടെ- ആന്‍റോജോസഫ്
അമ്പലമേട് എഫ്.എ.സി.റ്റി വളപ്പില്‍ 'ആതുരാലയം' എന്ന ക്ലിനിക്ക് സെറ്റിട്ടിരിക്കുന്ന സ്ഥലത്തേയ്ക്ക് ഞങ്ങളെത്തുമ്പോള്‍ ആദ്യം കാണുന്നത് പ്രൊഡ്യൂസര്‍ ആന്‍റോ ജോസഫിനെയാണ്. ആന്‍റോ കോട്ടയംകാരനാണ്. അതുകൊണ്ടുതന്നെ ആന്‍റോ സിനിമാരംഗത്ത് എത്തും മുമ്പെ അറിയാം. അന്നൊക്കെ ആന്‍റോയുടെ പ്രവര്‍ത്തനമണ്ഡലം രാഷ്ട്രീയമായിരുന്നു. ചിലര്‍ പറയാറില്ലെ, രാഷ്ട്രീയത്തില്‍ 'ഇറങ്ങി...,' സിനിമേല്‍ 'കേറി' എന്ന്. ആന്‍റോ ജോസഫിന്‍റെ കാര്യം അങ്ങനെയാണ്.
ഇന്ദ്രന്‍സ് വീണ്ടും
നിഴല്‍ക്കുത്ത്, പിന്നെയും... തുടങ്ങിയ അടൂര്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് ഇന്ദ്രന്‍സ്. ഈ ആതുരാലയത്തിന് സമീപം വച്ച് വീണ്ടും ഒരിടവേളയ്ക്കുശേഷം അടൂര്‍ സിനിമയില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് ഇന്ദ്രന്‍സ് പറയുകയുണ്ടായി.
അതുപറയുമ്പോള്‍ ഇന്ദ്രന്‍സിന്‍റെ മുഖത്തുണ്ടായ സന്തോഷം ചെറുതായിരുന്നില്ല. മമ്മുക്ക അവതരിപ്പിക്കുന്ന ഡോക്ടര്‍ ദേവദാസിന്‍റെയൊപ്പം ഒരു ശിഷ്യനായി വരുന്ന കഥാപാത്രമാണ് തന്‍റേതെന്ന് ഇന്ദ്രന്‍സ് സൂചിപ്പിച്ചു.
കൂടുതലൊന്നും സംസാരിക്കാനായില്ല. കാരണം ഉടന്‍തന്നെ മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു സീനുണ്ട്. മമ്മൂട്ടി കാരവനില്‍ റെഡിയായിക്കൊണ്ടിരിക്കുന്നു.
ഇന്ദ്രന്‍സിന്‍റെ കൈയില്‍ സ്ക്രിപ്റ്റുണ്ട്. ഡയലോഗ് കാണാതെ പഠിച്ചുകൊണ്ടിരിക്കുന്നു.
അടൂരും മമ്മൂട്ടിയും വി.കെ. ഹംസയും
സെറ്റില്‍ നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ അലിയാര്‍ ഉണ്ടായിരുന്നു, പത്രപ്രവര്‍ത്തകനായ വി.കെ. ഹംസ ഉണ്ടായിരുന്നു. നാടകനടനായ പരമേശ്വരന്‍ കുടിയാത്തി ഉണ്ടായിരുന്നു. ഇവരെല്ലാം ഓരോരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവരാണ്. അലിയാര്‍ ഒരു മാഷായി അഭിനയിക്കുന്നു. പേര് മദന്‍മാഷ്.
പത്രപ്രവര്‍ത്തകനായ വി.കെ. ഹംസയും ഒരു വൃദ്ധന്‍റെ റോളിലാണ് അഭിനയിക്കുന്നത്. പഴയകാലം മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന വി.കെ. ഹംസയ്ക്ക് പല പ്രമുഖരായ സിനിമാപ്രവര്‍ത്തകരുമായും അടുത്ത ബന്ധമുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.ജി. ജോര്‍ജ്ജ് തുടങ്ങിയ സംവിധായകരുമായി നല്ല ബന്ധങ്ങള്‍ പുലര്‍ത്തിയിരുന്നു.
തിരൂര്‍ സ്വദേശിയായ ഹംസ ഇടയ്ക്കിടെ അടൂരിനെ ഫോണില്‍ വിളിച്ച് ക്ഷേമം അന്വേഷിക്കുക പതിവാണ്. അങ്ങനെ ഒരു ദിവസം വിളിച്ചപ്പോള്‍ ഹംസ ഇപ്പോള്‍ എന്തുചെയ്യുന്നുവെന്ന് അടൂര്‍ സാര്‍ ഒരു ചോദ്യം ചോദിച്ചു. വീട്ടിലുണ്ടെന്നും വിശ്രമജീവിതമാണെന്നും പറഞ്ഞപ്പോള്‍ എങ്കില്‍ എറണാകുളത്തേക്ക് വണ്ടികയറിക്കൊള്ളാന്‍ അടൂര്‍ സാര്‍ പറഞ്ഞു. ഈ സിനിമയില്‍ ഒരു വേഷം ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോള്‍ സന്തോഷപൂര്‍വ്വം ആ ക്ഷണം സ്വീകരിച്ച് ലൊക്കേഷനിലെത്തി. അഭിനയത്തില്‍ മുന്‍പരിചയങ്ങളൊന്നുമില്ലെന്നും അഭിനയിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും പറഞ്ഞ ഹംസ അടൂര്‍ സാറുമായി ഒത്തുകൂടാമല്ലോ എന്നോര്‍ത്താണ് ഈ സെറ്റിലെത്തുന്നത്.
'പദയാത്ര'യുടെ സെറ്റിലെത്തുമ്പോള്‍ മമ്മൂട്ടിയും വി.കെ. ഹംസയും തമ്മില്‍ കണ്ടുമുട്ടി. അത് രണ്ടുപേര്‍ക്കും അല്‍പ്പം ആശ്ചര്യത്തിന്‍റെ നിമിഷങ്ങളായിരുന്നു. കാരണം കുറെ നാളുകള്‍ക്കുശേഷമാണ് രണ്ടുപേരും തമ്മില്‍ ഇവിടെ വച്ച് കാണുന്നത്.
മമ്മൂട്ടി സിനിമയില്‍ വന്ന കാലം മുതലെ അറിയാവുന്ന മുതിര്‍ന്ന ചലച്ചിത്രപ്രവര്‍ത്തകനാണ് വി.കെ. ഹംസ. കെ.ജി. ജോര്‍ജ്ജിന്‍റെ 'മേള'യിലും പി.ജി. വിശ്വംഭരന്‍റെ 'സ്ഫോടനം' സിനിമയിലുമൊക്കെ മമ്മൂട്ടി അഭിനയിക്കുമ്പോള്‍ മുതല്‍ ഇരുവരും പരിചയക്കാരായിരുന്നുവെങ്കിലും കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്ത 'യവനിക' എന്ന സിനിമയുടെ പ്രിവ്യൂ ഷോ തിരുവനന്തപുരത്ത് നടക്കുമ്പോഴാണ് ഞങ്ങള്‍ തമ്മില്‍ ഒരു വലിയ ആത്മബന്ധം തുടങ്ങിയതെന്ന് വി.കെ. ഹംസ പറഞ്ഞു. അതേത്തുടര്‍ന്ന് ഞങ്ങള്‍ പല സിനിമാസെറ്റുകളിലും വച്ച് കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങള്‍ക്കിടയില്‍ സ്നേഹവും ആത്മബന്ധവും ഉള്ളതുകൊണ്ടായിരിക്കാം ഞങ്ങള്‍ തമ്മില്‍ ഇടയ്ക്കിടെ ചില പിണക്കങ്ങളും ഉണ്ടാകാറുണ്ട്. അതുപക്ഷേ, കൂടുതല്‍ ദിവസം നിലനില്‍ക്കില്ലെന്നും വി.കെ. ഹംസ ചിരിയോടെ പറയുകയുണ്ടായി.
ഈ സിനിമയില്‍ അഭിനയിക്കുന്ന വിവരം അറിഞ്ഞിട്ടാകണം സംവിധായകന്‍ വിനയനും പി.ടി. കുഞ്ഞുമുഹമ്മദുമൊക്കെ അവരുടെ പുതിയ ചിത്രങ്ങളില്‍ വേഷമുണ്ടെന്ന് പറഞ്ഞിട്ടുണ്ട്.
അഭിനയിക്കാന്‍ എനിക്കൊട്ടും ആഗ്രഹമുണ്ടായിട്ടില്ല. പണ്ട് കെ.എസ്. സേതുമാധവന്‍റെ 'പണിതീരാത്ത വീട്' എന്ന സിനിമയില്‍ നടന്‍ ആലുമ്മൂടന്‍ കൃത്യസമയത്ത് വരാതിരുന്നതുമൂലം ആ റോളില്‍ എന്നെ പിടിച്ചിരുത്തി. കെ.എസ്സിന്‍റെ തന്നെ 'കന്യാകുമാരി'യിലും ഒരു ചെറിയ വേഷം അഭിനയിച്ചിട്ടുണ്ട്. അതെല്ലാം യാദൃച്ഛികമായിരുന്നു-വി.കെ. ഹംസ പറഞ്ഞു.
വേറിട്ട അനുഭവവുമായി ഷാജി നടുവില്‍
'പദയാത്ര'യുടെ ആര്‍ട്ട് ഡയറക്ടര്‍ ഷാജി നടുവിലാണ്. കാല്‍നൂറ്റാണ്ടായി ഷാജി സിനിമാരംഗത്തുണ്ടെങ്കിലും ഒരു അടൂര്‍ ഗോപാലകൃഷ്ണന്‍ സിനിമയ്ക്കുവേണ്ടി കലാസംവിധാനം നിര്‍വ്വഹിക്കുന്നത് ഇതാദ്യമാണ്.
'സിനിമയില്‍ ഞാനിതുവരെ ചെയ്തിട്ടുള്ള രീതികളെ ആയിരുന്നില്ല അടൂര്‍ സാറിന്‍റെ സിനിമയ്ക്കുവേണ്ടി ചെയ്തതെന്നും കഥ പറഞ്ഞുതരുമ്പോള്‍ നമ്മളാരും ചിന്തിക്കാത്ത പല പോയിന്‍റുകളും അദ്ദേഹം പറഞ്ഞുതന്നത് കേട്ടപ്പോള്‍ പ്രത്യേകതയും വിശേഷതയുമാണ് തോന്നിയതെന്നും ഷാജി പറഞ്ഞു.
ചില സിനിമകളില്‍ ചില കാര്യങ്ങള്‍ ആര്‍ട്ട് പരമായി ചെയ്യുമ്പോള്‍ അത് ഭംഗിക്കുവേണ്ടിയായിരിക്കും. സിനിമാറ്റിക് രീതിയില്‍ ഫ്രെയിമിന്‍റെ ഭംഗിക്കുതകുന്ന സാധനസാമഗ്രികള്‍ വച്ചുമൊക്കെയായിരിക്കും അത് ചെയ്യുക. എന്നാല്‍, അടൂര്‍ സാര്‍ പറഞ്ഞുതന്നു, സിനിമയിലെ കഥാപാത്രം ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രം, ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം ഫ്രെയിമില്‍ കണ്ടാല്‍ മതിയത്രെ.
അടൂര്‍ സാര്‍ പറഞ്ഞുതന്ന ആ അഭിപ്രായങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് അതിനനുസരിച്ചായിരുന്നു ഞാന്‍ ആര്‍ട്ട് ഡയറക്ടര്‍ എന്ന നിലയില്‍ വര്‍ക്ക് ചെയ്തതെന്ന് ഷാജി പറഞ്ഞു.
ഡോക്ടര്‍ ദേവദാസിന്‍റെ താമസസ്ഥലവും ക്ലിനിക്കും ഒന്നുതന്നെ. ഒരു വീടിന്‍റെ മാതൃകയില്‍ വേണം അത്. കാടിനോട് ചേര്‍ന്നുമായിരിക്കണം. അമ്പലമേടിലെ വനാന്തരഭാഗങ്ങള്‍ അടൂര്‍സാറിനെ കാണിച്ചപ്പോള്‍ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. കഥ ആവശ്യപ്പെടുന്ന തരത്തിലുള്ള ക്ലിനിക്കും താമസസ്ഥലവുമായി വരുന്ന വീട് സെറ്റ് വര്‍ക്ക് ചെയ്ത് ഉണ്ടാക്കാനെ നിവൃത്തിയുണ്ടായിരുന്നുള്ളൂ. വാഹനങ്ങള്‍ പൊയ്ക്കൊണ്ടിരിക്കുന്ന വഴി മണ്ണിട്ട് പൊക്കിയതിനുശേഷം അവിടെയാണ് പുതിയ വീട് പണിതുയര്‍ത്തിയത്. ഏകദേശം 25 ദിവസം തുടര്‍ച്ചയായി പണിതിട്ടാണ് വീട് പൂര്‍ത്തിയായത്. എഫ്.എ.സി.റ്റിക്കാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വഴിയുടെ നടുവിലാണ് ഷാജി നടുവില്‍ ഈ വീടിന് സെറ്റിട്ടത്. പകരം മറ്റൊരുവഴി സഞ്ചാരയോഗ്യമാക്കി തുറന്നുകൊടുക്കുകയും ചെയ്തു.
വിനയപൂര്‍വ്വം വിദ്യാധരന്‍ എന്ന സിനിമയില്‍ നാഥന്‍ മണ്ണൂരിന്‍റെ അസിസ്റ്റന്‍റായിട്ടാണ് ഷാജി സിനിമയിലേക്ക് വരുന്നത്. തുടര്‍ന്ന് ബസന്ത്, സാലുജോര്‍ജ്ജ്, ഗോകുല്‍ദാസ് തുടങ്ങിയവര്‍ക്കൊപ്പം കലാസംവിധാനരംഗത്ത് പ്രവര്‍ത്തിച്ചുവന്ന ഷാജി മീശമാധവനില്‍ ജോസഫ് നെല്ലിക്കനോടൊപ്പവും പ്രവര്‍ത്തിച്ചു.
മമ്മൂട്ടി കമ്പനിയുടെ റോഷാക്ക്, കാതല്‍, കണ്ണൂര്‍ സ്ക്വാഡ്, ഡൊമിനിക്, ക്രിസ്റ്റഫര്‍, കളങ്കാവല്‍ തുടങ്ങിയ സിനിമകളുടെയെല്ലാം ആര്‍ട്ട് ഡയറക്ടറായിരുന്നു ഷാജി. കണ്ണൂരിലെ നടുവിലാണ് സ്വദേശം.
അണിയറയിലൂടെ
പി. ശ്രീകുമാര്‍, മധുപാല്‍, ദിനേശ്പണിക്കര്‍, ഗ്രേസീ ആന്‍റണി തുടങ്ങിയവരും ഈ സിനിമയിലെ അഭിനേതാക്കളാണ്.
തിരക്കഥ, സംഭാഷണം അടൂര്‍ ഗോപാലകൃഷ്ണന്‍, കെ.വി. മോഹന്‍കുമാര്‍. ക്യാമറ ഷഹ്നാദ് ജലാല്‍, സംഗീതം മുജീബ് മജീദ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മണമ്പൂര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് ജയശീലന്‍, മാനേജര്‍ മുനീര്‍, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ നവീന്‍ മുരളി.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന 'പദയാത്ര' അടുത്തുതന്നെ തീയേറ്ററുകളിലെത്തും.
ഫോട്ടോ:
ചിത്രാകൃഷ്ണന്‍കുട്ടി